ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതാണോ? അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ
ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സിയുടെ അപ്രതീക്ഷിത മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരവെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഇറാന്‍ സൈനിക ഓഫീസര്‍മാര്‍ നടത്തിയ അന്വേഷണത്തിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അസര്‍ബൈജാനിലെ അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെയാണ് ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതും അദ്ദേഹവും ആറ് പേരും മരിച്ചതും.
ഇസ്രായേലുമായി വലിയ അടുപ്പം പുലര്‍ത്തുന്ന അസര്‍ബൈജാനില്‍ നിന്നുള്ള യാത്ര ആയതുകൊണ്ടാണ് പല രാഷ്ട്രീയ നിരീക്ഷകരും സംശയം പ്രകടിപ്പിച്ചത്. മാത്രമല്ല, അസര്‍ബൈജാനുമായി ഇറാന്‍ കുറച്ച് കാലം അകല്‍ച്ചയിലുമായിരുന്നു. വീണ്ടും അടുക്കാനുള്ള ഇബ്രാഹീം റെയ്‌സിയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു അണക്കെട്ട് നിര്‍മാണവും ഉദ്ഘാടനവുമെല്ലാം.

ലോകത്ത് ഏറ്റവും കൂടുതല്‍ ഷിയാ മുസ്ലിങ്ങളുള്ള രാജ്യമാണ് ഇറാന്‍. രണ്ടാമത്തെ രാജ്യമാണ് അസര്‍ബൈജാന്‍. എന്നാല്‍ അര്‍മേനിയന്‍ വംശജര്‍ക്കെതിരായ ആക്രമണത്തില്‍ ഇറാന്‍ അസര്‍ബൈജാനെ എതിര്‍ത്തു. ഈ വേളയില്‍ അസര്‍ബൈജാന് ആയുധം നല്‍കുന്നതുള്‍പ്പെടെയുള്ള എല്ലാ സഹായവും നല്‍കി ഇസ്രായേല്‍ പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് ഇറാനും അസര്‍ബൈജാനും അകല്‍ച്ച വര്‍ധിച്ചത്.
ഇസ്രായേല്‍ കൂടുതല്‍ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അസര്‍ബൈജാന്‍. പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കത്തില്‍ അസര്‍ബൈജാന്‍ ജനത ഇസ്രായേലിന് എതിരാണെങ്കിലും പ്രത്യക്ഷ പ്രതിഷേധങ്ങള്‍ക്ക് അനുമതി ലഭിച്ചിരുന്നില്ല. ഇസ്രായേലിനോടുള്ള അടുപ്പമാണ് അസര്‍ബൈജാന്‍ ഭരണകൂടം പ്രതിഷേധം നിയന്ത്രിക്കാന്‍ കാരണം. ഈ രാഷ്ട്രീയ പശ്ചാത്തലമെല്ലാം ഇറാന്‍ പ്രസിഡന്റിന്റെ മരണവുമായി ചേര്‍ത്ത് വായിക്കപ്പെട്ടതാണ് കൂടുതല്‍ ആശങ്ക പടര്‍ത്തിയത്.
എന്നാല്‍ ഇറാന്‍ സൈന്യം നടത്തിയ അന്വേഷണത്തില്‍, ഇബ്രാഹീം റെയ്‌സിയുടെ മരണത്തിന് കാരണം മോശം കാലാവസ്ഥയാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഹെലികോപ്റ്റര്‍ നേരത്തെ തീരുമാനിച്ച പാതയില്‍ തന്നെയാണ് യാത്ര ചെയ്തത്. പാതയില്‍ മാറ്റം വരുത്തിയിട്ടില്ല. സംശയകരമായ യാതൊന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഇബ്രാഹീം റെയ്‌സിയുടെ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതാണോ എന്ന സംശയവും നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ വെടിവച്ചതിന്റെ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മലയോര മേഖലയില്‍ തകര്‍ന്ന് വീണ് തീ പിടിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. അവശിഷ്ടങ്ങള്‍ പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല.
ഇറാനിലെ പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഡ്രോണ്‍ പരിശോധനയില്‍ ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. ഉടനെ സൈനികര്‍ മേഖലയില്‍ എത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. ഹെലികോപ്റ്റര്‍ തകരുന്നതിന് മുമ്പ് വരെ കണ്‍ട്രോള്‍ റൂമുമായി ആശയവിനിമയം നടന്നിരുന്നു എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, ഇബ്രാഹീം റെയ്‌സിയുടെയും മരിച്ച മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ ഖബറടക്കി. മഷ്ഹദിലെ ഇമാം റിസാ പള്ളിയിലാണ് റെയ്‌സിക്ക് അന്ത്യ വിശ്രമം ഒരുക്കിയത്. ഷിയാ മുസ്ലിങ്ങളുടെ പുണ്യ കേന്ദ്രമാണിത്. ഓരോ വര്‍ഷവും ആയിരങ്ങളാണ് ഇവിടെ എത്താറുള്ളത്. റെയ്‌സിയുടെ ഭാര്യാ പിതാവ് ഇവിടെയുള്ള പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കാറുണ്ട്.
63കാരനായ ഇബ്രാഹീം റെയ്‌സിക്ക് ശേഷം പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇറാന്‍. ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബിര്‍ ആണ് നിലവില്‍ ആക്ടിങ് പ്രസിഡന്റ്. ജൂണ്‍ 28ന് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. നിലവിലെ ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ പിന്‍ഗാമിയായി കൂടി പരിഗണിക്കപ്പെട്ടിരുന്ന വ്യക്തിയാണ് ഇബ്രാഹീം റെയ്‌സി. അയല്‍ രാജ്യങ്ങളുമായി ഭിന്നതകള്‍ മറന്ന് ഐക്യപ്പെടാന്‍ നേതൃത്വം നല്‍കിയ അദ്ദേഹം ഇസ്രായേലിനും അമേരിക്കക്കുമെതിരെ കടുത്ത നിലപാടുകള്‍ എടുത്തിരുന്നു.












Click it and Unblock the Notifications