തീയതി മാറിയാൽ എന്താ ബാബ വാംഗയുടെ സുനാമി പ്രവചനം ഫലിച്ചെന്ന്..ചർച്ച
ഇന്ന് റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും വലിയ സുനാമി തിരമാലകളാണ് ആഞ്ഞടിച്ചത്. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അനുഭവപ്പെട്ടത്. അതേസമയം ഭൂചലന വാർത്തയ്ക്കൊപ്പം സോഷ്യൽ മീഡിയയിൽ ബാബ വാംഗയുടെ പ്രവചനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തീയതി അൽപം മാറിയെങ്കിലും വാംഗയുടെ പ്രവചനങ്ങൾ ഫലിച്ചുവെന്നാണ് ഒരുവിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നത്.
2025 ജൂലൈ 5ന് ജപ്പാൻ വലിയൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കുമെന്നായിരുന്നു ലോകപ്രശസ്തയായ മാംഗ കലാകാരിയായ റിയോ തറ്റ്സുകി എന്ന ബാബ വാംഗ പ്രവചിച്ചത്. ഫ്യൂച്ചര്‍ ഐ സോ എന്ന പേരില്‍ തത്സുകി 1999-ല്‍ പുറത്തിറക്കിയ പുസ്തകത്തിലായിരുന്നു ഇക്കാര്യങ്ങൾ പരാമർശിച്ചിരുന്നത്. ജപ്പാനും ഫിലിപ്പീന്‍സിനുമിടയില്‍ കടലില്‍ ഒരു വലിയ വിള്ളലുണ്ടാകും കടല്‍ തിളച്ചുമറിഞ്ഞ് സുനാമി വരും എന്നൊക്കെയായിരുന്നു പ്രവചനം.

നേരത്തേ ഈ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ വലിയ മുന്നൊരുക്കങ്ങളായിരുന്നു ജപ്പാനിൽ നടത്തിയത്. ജപ്പാനിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും പല വിമാനക്കമ്പനികളും റദ്ദാക്കി. ടൂറിസ്റ്റുകൾ കൂട്ടത്തോടെ യാത്ര ഒഴിവാക്കി. എന്നാൽ 'ജ്യോതിയും വന്നില്ല ഒരു തീയും വന്നില്ലെന്ന്' പറയും പോലെ ജപ്പാൻ കുലുങ്ങിയില്ല. എന്നാൽ ആ പ്രവചനം കൊണ്ടുണ്ടായ നഷ്ടത്തിൽ രാജ്യമൊന്ന് കുലുങ്ങി. 3.9 ബില്യണ്‍ ഡോളറിന്റെ നഷ്ടമായിരുന്നു അന്ന് രേഖപ്പെടുത്തിയത്.
എന്തായാലും അന്ന് പ്രവചനം ഫലിച്ചില്ലെങ്കിലെന്താ 25 ദിവസങ്ങൾക്കിപ്പുറം ഭൂചലനം അനുഭവപ്പെട്ടില്ലേയെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഒരുപക്ഷെ ജുലൈ എന്ന മാസം എന്നായിരിക്കാം അവർ ഉദ്ദേശിച്ചെന്നാണ് മറ്റ് ചിലരുടെ വാദം. എന്തായാലും ബാബ വാംഗയുടെ പ്രചവനം തള്ളിക്കളയാനാകില്ലെന്നാണ് ഇവർ പറയുന്നത്.
ചിലരുടെ കമന്റുകൾ ഇങ്ങനെ- 'ബാബാ വാംഗ പ്രവചിച്ച കാര്യങ്ങൾ ജപ്പാനിലെ ടൂറിസം വ്യവസായത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചിരുന്നു. എന്നാൽ ഇത് ഇത്രത്തോളം കൃത്യമാകുമെന്ന് ആരും കരുതിയിരുന്നില്ല. റഷ്യയുടെ സമീപത്തുണ്ടായ വലിയ ഭൂകമ്പം ജപ്പാനിലും റഷ്യയിലും സുനാമിത്തിരകൾ ഉണ്ടാക്കി. ഇത് ഏറെ ഭീതിയുളവാക്കുന്നതാണ്'
'ജപ്പാനിലെ ബാബാ വാംഗ എന്നറിയപ്പെടുന്ന റ്യോ ടാറ്റ്സുകി ജൂലൈയിൽ ഒരു വലിയ മെഗാ സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് ജൂലൈ 30-ന്, കംചാറ്റ്കയിൽ ശക്തമായ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനിലും പസഫിക് മേഖലയിലും സുനാമിക്ക് കാരണമായി. ഇതൊരു പ്രവചനമാണോ അതോ യാദൃശ്ചികമായി സംഭവിച്ചതാണോ? ശാസ്ത്രം ഇതിനെ പിന്തുണയ്ക്കുന്നില്ലെങ്കിലും, ഈ സമയക്രമം വളരെ വിചിത്രമായി തോന്നുന്നു. ഇതിന് പിന്നിൽ യാതൊരു ബന്ധവുമില്ലെന്ന് ശാസ്ത്രം പറയുന്നുണ്ടെങ്കിലും, ഇത് സംഭവിച്ച രീതി ആളുകളിൽ ഒരു കൗതുകം ഉണർത്തുന്നുണ്ട്',
അതേസമയം ടോക്കിയോ സർവകലാശാലയിലെ പ്രൊഫസർ സെക്കിയ നവോയയെ പോലുള്ള വിദഗ്ധർ ഇത്തരം പ്രവചനങ്ങൾ തള്ളുകയാണ്. യാതൊരു ശാസ്ത്രീയ അടിത്തറയും ഈ പ്രവചനങ്ങൾക്കില്ലെന്നും ഭൂകമ്പങ്ങൾ കൃത്യമായി പ്രവചിക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2011 ല്‍ ജപ്പാനില്‍ തോഹേകു ഭൂകമ്പവും സൂനാമിയും ഉണ്ടായതോടെയാണ് പുസ്തകത്തിനും തസൂക്കിക്കും ആരാധകര് ഏറിയത്. ഈ ദുരന്തത്തിന്റെ ഭാഗമായുണ്ടായ ഫുക്കിഷിമ ഡൈച്ചി ആണവ ദുരന്തത്തിൽ 18,000ത്തിലധികം പേർ മരണപ്പെട്ടിരുന്നു. അതേസമയം ഇത്തരം പ്രവചനങ്ങൾ അവ്യക്തവും യാദൃശ്ചികവുമായി സംഭവിച്ചതാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ, ജാപ്പനീസ് വിദഗ്ധർ ടാറ്റ്സുകിയുടെ പ്രവചനങ്ങൾ അടിസ്ഥാനരഹിതമാണെന്നും അതിനാൽ അവഗണിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു.












Click it and Unblock the Notifications