ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍, എന്നും ലോട്ടറിയെടുക്കും, ഒടുവില്‍ ആ ഭാഗ്യം അവരെയും തേടിയെത്തി
ടൊറന്റോ: ലോട്ടറി ഒരാള്‍ക്ക് അടിക്കുന്നത് സ്വാഭാവികമായിരിക്കും. എന്നാല്‍ രണ്ട് പേര്‍ക്ക് ഒരുമിച്ച് അടിച്ചാലോ? അതും സുഹൃത്തുക്കള്‍ ആണെങ്കിലോ? അങ്ങനെയെല്ലാം സംഭവിക്കാം. പറഞ്ഞ് വരുന്നത് കാനഡയിലെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു ലോട്ടറി ഭാഗ്യം കടന്നുവന്ന സംഭവമാണ്. ഇവര്‍ ഒരിക്കലും ലോട്ടറി അടിക്കുന്നത് ചിന്തിച്ചിട്ടേയില്ല.
പകരം ഇവര്‍ സ്വയം ലോട്ടറി അടിക്കുമെന്ന് പറഞ്ഞ് കളിയാക്കാറായിരുന്നു പതിവ്. അത്രത്തോളം ഇവര്‍ ഭാഗ്യം തങ്ങളെ തേടി വരില്ലെന്ന് വിശ്വസിച്ചവരാണ്. പക്ഷേ ലോട്ടറിയെടുക്കുന്നത് ഒരു ശീലമായത് കൊണ്ട് അത് തുടര്‍ന്ന് പോരുകയുമായിരുന്നു. എന്തായാലും ഇവരുടെ ജീവിതം അടിമുടി വേഗത്തിലാണ് മാറിയിരിക്കുന്നത്.

ജീവിതത്തിലും വലിയ തമാശ
ഇവരുടെ തമാശ ജീവിതത്തിലും പ്രതിഫലിക്കുകയായിരുന്നുവെന്ന് വേണം പറയാന്‍. കാനഡയിലെ ഒന്താരിയോയില്‍ നിന്നുള്ള ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ജീവനക്കാര്‍ പ്രിയപ്പെട്ടവര്‍ക്കെല്ലാം ഉടനെ ഒരു പാര്‍ട്ടി നടത്താന്‍ പോവുകയാണ്.
ഒരു പിസ്സാ പാര്‍ട്ടിയാണ് ഇവര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ബ്രാന്റ്‌ഫോര്‍ഡിലെ ഡെറിക് ജോണ്‍സ്റ്റന്‍, ലിന്‍ഡനിലെ മാര്‍ക്ക് ജോണ്‍സ്റ്റന്‍ എന്നിവര്‍ക്കാണ് ലോട്ടറിയടിച്ചത്. പിന്നെ പാര്‍ട്ടി കൊടുക്കാതെ എവിടെ പോകാനാണ് എന്നാണ് ഇവര്‍ ചോദിക്കുന്നത്.
ലോട്ടറിയെന്നാല്‍ ഞങ്ങള്‍ക്ക് ആവേശം
ഡെറിക്കിനും മാര്‍ക്കിനും ലോട്ടറിയെന്നാല്‍ വലിയ ആവേശമാണ്. ഒരുമിച്ചാണ് ഇവര്‍ ലോട്ടറിയെടുക്കാറുള്ളത്. അതൊരു ശീലമായി പോയെന്നാണ് ഇവര്‍ പറയുന്നു. ലോട്ടറിയെടുക്കുന്നത് മാത്രമല്ല സമ്മാനമടിക്കുന്നതായി കാണിച്ച് ഇവര്‍ വലിയ തമാശയും പറയാറുണ്ടായിരുന്നു.
പരസ്പരം ടിക്കറ്റുകള്‍ അയച്ച് കൊടുത്ത് ഇതാണോ സമ്മാനമടിച്ച ടിക്കറ്റ് എന്ന് ഇവര്‍ പരസ്പരം തമാശയായി പറയാറുണ്ടായിരുന്നു. എന്നാല്‍ ആ തമാശ ഇപ്പോള്‍ സത്യമായി മാറിയിരിക്കുകയാണ്.
വാങ്ങിയത് ലോട്ടോ മാക്‌സ്
ഇവര്‍ ലോട്ടോ മാക്‌സിന്റെ ടിക്കറ്റാണ് ഇത്തവണ എടുത്തത്. തുടര്‍ന്ന് അതിന്റെ ഫലം ഒഎല്‍ജി ആപ്പില്‍ നോക്കുകയും ചെയ്തു. ഇതോടെയാണ് സമ്മാനം അടിച്ചെന്ന് ഇവര്‍ മനസ്സിലാക്കിയത്. ഏഴ് എന്‍കോര്‍ നമ്പറുകളില്‍ ആറെണ്ണവും ഇവര്‍ക്ക് ശരിയായി വന്നു.
അതും കൃത്യമായ ഓര്‍ഡറിലാണ് വന്നത്. മെയ് ഒന്‍പതിനായിരുന്നു നറുക്കെടുപ്പ്. ഒരു ലക്ഷം ഡോളറാണ് ഇവര്‍ക്ക് സമ്മാനം അടിച്ചത്. 82 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. ജീവിതം തന്നെ വേറെ ലെവലായി എന്നാണ് ഇവര്‍ പറയുന്നത്.
സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ
ഇരുവരും ഒഎല്‍ജി പ്രൈസ് സെന്ററില്‍ എത്തിയാണ് സമ്മാനം വാങ്ങിയത്. വല്ലാത്തൊരു ഷോക്കായിരുന്നു. പക്ഷേ സന്തോഷം കൊണ്ട് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ഡെറക് പറയുന്നു. സമ്മാനം അടിച്ചെന്ന് അറിഞ്ഞപ്പോള്‍ മാര്‍ക്കിനെയാണ് ആദ്യം മെസേജ് അയച്ച് അറിയിച്ചത്. എന്നാല്‍ മറുപടി ലഭിച്ചില്ല. അവന്റെ ഭാര്യയാണ് വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞത്.
ഈ പണം കൊണ്ട് നിരവധി കാര്യങ്ങളുണ്ടെന്ന് ഇരുവരും പറയുന്നു. മാര്‍ക്ക് തന്റെ അരലക്ഷം ഡോളര്‍ കൊണ്ട് ബില്ലുകള്‍ അടച്ച് തീര്‍ക്കാന്‍ പോവുകയാണ്. ഡെറക് പുതിയൊരു സെറ്റ് ഗോള്‍ഫ് ക്ലബുകള്‍ വാങ്ങാനുള്ള ശ്രമത്തിലാണ്. ഇവരുടെ കുടുംബവും ആവേശത്തിലാണ്. പിസാ പാര്‍ട്ടി ഉടനെ ഉണ്ടാവുമോ എന്നാണ് സഹപ്രവര്‍ത്തകര്‍ ചോദിക്കുന്നതെന്നും ഡെറക് പറഞ്ഞു.












Click it and Unblock the Notifications