ഇറാനില്‍ ഇന്ത്യ നയതന്ത്ര വിജയത്തിലേക്ക്: പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ ഉടന്‍ ഉദ്യോഗസ്ഥർ സന്ദർശിക്കും
ടെഹ്റാന്‍: പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ സന്ദർശിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍. കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിന്റെ ഫോണ്‍ കോളിന് പിന്നാലെയാണ് ഇറാന്‍ തങ്ങളുടെ നിലപാട് അറിയിച്ചത്. 'ഹോർമുസ് കടലിടുക്കിന് സമീപത്ത് വെച്ച് പിടിച്ചെടുത്ത ചരക്കുകപ്പലായ എംഎസ്‌സി ഏരീസിലെ 17 ഇന്ത്യൻ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താൻ ഇറാന്‍ ഉടൻ തന്നെ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരെ അനുവദിക്കും' ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമിറാബ്ദൊല്ലാഹിയാൻ പറഞ്ഞു.
ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു എസ് ജയശങ്കർ മന്ത്രി ഹൊസൈൻ അമിറാബ്ദൊല്ലാഹിയാനുമായി ഫോണ്‍ സംഭാഷണം നടത്തിയത്. ഫോണ്‍ സംഭാഷത്തില്‍ കപ്പലിലെ ഇന്ത്യക്കാരുടെ വിഷയം ചർച്ച ചെയ്തതായും മേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായും സംഭാഷണങ്ങള്‍ തുടരുമെന്നും എസ് ജയശങ്കർ അറിയിച്ചു.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇസ്രയേലിന്റെ 'എംഎസ്‌സി ഏരീസ്' എന്ന കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുന്നത്. അർദ്ധസൈനിക റെവല്യൂഷണറി ഗാർഡിലെ അംഗങ്ങൾ ഒരു ഹെലികോപ്റ്ററിൽ നിന്ന് ഹോർമുസ് കടലിടുക്കിന് സമീപത്ത് കൂടെ പോകുകയായിരുന്ന എംഎസ്‌സി ഏരീസിലേക്ക് കടന്ന് കയറുകയായിരുന്നു.
ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ ആകെ 25 ജീവനക്കാരാണ് ഉള്ളത്. 17 ഇന്ത്യക്കാരില്‍ മൂന്ന് പേർ മലയാളികളുമാണ്. രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട്ടുകാരനായ പിവി ധനേഷ് എന്നിവരാണ് കപ്പലിലുള്ള മലയാളി ജീവനക്കാർ. ഇവർക്കൊപ്പം തന്നെ തൃശൂര്‍ സ്വദേശിയായ യുവതിയും കപ്പലിലെ ജീവനക്കാരിയായി ഉണ്ടായിരുന്നതായി വിവരമുണ്ട്.
ഈ മാസം ആദ്യം സിറിയയിലെ ഡമാസ്‌കസിലെ ഒരു ഇറാനിയൻ കോൺസുലർ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന ഗാർഡ് ജനറൽ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണമാണ് കപ്പല്‍ പിടിച്ചെടുത്തത് ഉള്‍പ്പെടേയുള്ള നടപടികള്‍. ഇതിന് പിന്നാലെയാണ് ഇറാന്‍ ഇസ്രായേലിന്റെ നെഗേവി വ്യോമത്താവളത്തിന് നേരെ ആക്രമണം നടത്തിയത്.
ഇറാന് ശക്തമായ മറുപടി നല്‍കുമെന്ന് ഇസ്രായേലും അറിയിച്ച് കഴിഞ്ഞു. മിസൈൽ, ഡ്രോൺ ആക്രമണത്തിന് പകരമായി കൃത്യസയമത്ത് തന്നെ ഇറാനിൽ നിന്ന് കൃത്യമായ വിലയീടാക്കുമെന്നാണ് ഇസ്രയേൽ മന്ത്രി ബെന്നി ഗാന്റ്സ് വ്യക്തമാക്കിയത്. ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിന് മുന്നോടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.












Click it and Unblock the Notifications