3 വിരല്‍ ഉള്ള കൈകള്‍, മനുഷ്യനല്ല, മെക്‌സിക്കോയില്‍ 1000 വര്‍ഷം പഴക്കമുള്ള മൃതദേഹം, അന്യഗ്രഹജീവികള്‍?
ലണ്ടന്‍: ഭൂമിയില്‍ അന്യഗ്രഹജീവികള്‍ എത്തിയിട്ടുണ്ടോ? ഇനി ശരിക്കും അന്യഗ്രഹജീവികള്‍ മറ്റേതെങ്കിലും ഗ്രഹത്തിലുണ്ടോ? ദീര്‍ഘകാലമായി മനുഷ്യര്‍ തേടിക്കൊണ്ടിരിക്കുന്ന കാര്യമാണിത്. ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. എന്നാല്‍ മെക്‌സിക്കോയിലെ ശാസ്ത്രജ്ഞര്‍ അതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. മെക്‌സിക്കോയില്‍ നിന്ന് അന്യഗ്രഹജീവിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുകയാണ്. ഒന്നല്ല രണ്ട് മൃതദേഹങ്ങളാണ് ഉള്ളത്.
മെക്‌സിക്കോ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഒരു സെഷന്‍ തന്നെ സംഘടിപ്പിച്ചു. ഇതില്‍ ശാസ്ത്രജ്ഞര്‍ രണ്ട് മൃതദേഹങ്ങള്‍ കാണിക്കുന്നുണ്ട്. ഇവ മനുഷ്യരുടേതല്ലെന്ന് വ്യക്തമാണ്. മറ്റെന്തോ ജീവിയുടേതാണെന്ന് വ്യക്തമായി തന്നെ വീഡിയോയില്‍ കാണാം. ഈ അന്യഗ്രഹജീവികളുടെ മൃതദേഹം ഏകദേശം ആയിരം വര്‍ഷം പഴക്കമുള്ളതാണ്. പെറുവിലെ കുസ്‌കോയില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. മെക്‌സിക്കന്‍ കോണ്‍ഗ്രസില്‍ ഈ അന്യഗ്രഹജീവികളുടെ മൃതദേഹം പ്രദര്‍ശിപ്പിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

മെക്‌സിക്കന്‍ കോണ്‍ഗ്രസിലെ ഈ അത്ഭുതകരമായ ചടങ്ങ് പറക്കുംതളിക വിദഗ്ധനും മാധ്യമപ്രവര്‍ത്തകനായ ജെയ്മി മോസന്റെ നേതൃത്വത്തിലാണ് അവതരിപ്പിച്ചത്. ദശാബ്ദങ്ങളായി മോസന്‍ പറക്കുംതളികകളെ കുറിച്ചും, അന്യഗ്രഹജീവികളെ കുറിച്ചും അന്വേഷണങ്ങള്‍ നടത്തി വരികയാണ്. നിരവധി ശാസ്ത്രജ്ഞരും അദ്ദേഹത്തിനൊപ്പമുണ്ട്. കുസ്‌കോയിലെ ഒരു ഖനന മേഖലയില്‍ നിന്നാണ് ഈ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൂന്ന് വിരലുകളുള്ള കൈകളും, കാലുകളുമാണ് ഇതിനുള്ളത്.അതേസമയം ഈ അന്യഗ്രഹജീവിയുടെ മൃതദേഹത്തിന് പല്ലുകളില്ല. സ്റ്റീരിയോസ്‌കോപ്പിക് വിഷനും ഇതിനില്ല. ആയിരം വര്‍ഷം പഴക്കമുണ്ടെന്ന കണ്ടെത്തല്‍ അന്യഗ്രഹജീവികളെ തേടിയുള്ള അന്വേഷണത്തില്‍ വലിയ വഴിത്തിരിവാകും. മനുഷ്യവംശത്തിന്റെ ഒരു ഘട്ടത്തിലും ഇത്തരത്തിലുള്ള രൂപം ഉണ്ടായിരുന്നില്ലെന്ന് മോസന്‍ പറയുന്നു.
മനുഷ്യന്‍ അല്ല എന്ന് ഉറപ്പാണ്. പറക്കുംതളിക തകര്‍ന്നതില്‍ നിന്നല്ല ഇവയെ കണ്ടെത്തിയത്. ഇവയെ വലിയൊരു ഖനിയില്‍ നിന്നാണ് കണ്ടെത്തിയത്. പിന്നീട് ഈ ഫോസില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവ അന്യഗ്രഹജീവികളാണോ അല്ലേ എന്നൊന്നും അറിയില്ല. പക്ഷേ ഇവര്‍ ജീവിച്ചിരുന്നപ്പോള്‍ വലിയ ബുദ്ധിശാലികളായിരുന്നു. ഇവര്‍ ഉണ്ടായിരുന്നെങ്കില്‍ ചരിത്രം തന്നെ മാറി മറിയുമായിരുന്നുവെന്നും മോസന്‍ പറഞ്ഞു.
ഈ പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റയ്ക്കല്ല. ആ യാഥാര്‍ഥ്യത്തെ സ്വീകരിക്കാന്‍ നമ്മള്‍ തയ്യാറാവണമെന്നും മോസന്‍ വ്യക്തമാക്കി. അമേരിക്കയില്‍ നിന്നുള്ളവരും ഈ ചരിത്ര നിമിഷത്തിന് സാക്ഷിയാവാന്‍ എത്തിയിരുന്നു. യുഎസ് നാവികസേനയിലെ മുന്‍ പൈലറ്റായിരുന്ന റയാന്‍ ഗ്രേവ്‌സ് ചടങ്ങിനെത്തിയ പ്രമുഖനായിരുന്നു.
ഗ്രേവ്‌സ് നേരത്തെ പറക്കുംതളികകളെ കണ്ടുവെന്നും, അത് സര്‍ക്കാര്‍ രഹസ്യമാക്കി വെച്ചുവെന്നും വെളിപ്പെടുത്തിയിരുന്നു. അതേസമയം മെക്‌സിക്കോ അന്യഗ്രഹജീവികള്‍ എന്ന പ്രതിഭാസത്തെ ആദ്യമായി അംഗീകരിച്ച നിമിഷമാണിതെന്ന് മോസന്‍ വ്യക്തമാക്കി. മോസന്‍ 2015ല്‍ ഇതുപോലെ മറ്റൊരു മൃതദേഹവും പുറത്തുകൊണ്ടുവന്നിരുന്നു.












Click it and Unblock the Notifications