അമേരിക്കന്‍ പൗരത്വമുണ്ടായിട്ടും കാന്‍സര്‍ ബാധിച്ച നാലു വയസുള്ള കുട്ടിയെ നാടുകടത്തി ട്രംപ് ഭരണകൂടം; വിമര്‍ശനം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ നീക്കങ്ങളില്‍ ഒന്നായിരുന്നു യുഎസിലുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തുക എന്നത്. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി അമേരിക്കയില്‍ താമസിച്ചിരുന്ന പതിനായിരക്കണക്കിന് ആളുകളെ അമേരിക്ക ഇതിനകം നാടുകടത്തിയിരുന്നു. ഈ വര്‍ഷം ജനുവരിക്കു ശേഷം ഇതുവരെ 388 ഇന്ത്യക്കാരെയാണ് അമേരിക്കയില്‍ നിന്ന് നാടുകടത്തിയത്.
നാടുകടത്തിയതിനേക്കാള്‍ ഉപരി ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാരോട് കാണിച്ച സമീപനമാണ് ലോക വ്യാപകമായി വിമര്‍ശന വിധേയമായത്. സൈനിക വിമാനത്തില്‍ വിലങ്ങണിയിച്ച് തീര്‍ത്തും മനുഷ്യത്വ രഹിതമായാണ് അനധികൃത കുടിയേറ്റക്കാരെ നാട്ടിലേക്കു തിരിച്ചയച്ചത്. മെച്ചപ്പെട്ട ഭാവി സ്വപ്‌നം കണ്ടാണ് പലരും നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ യുഎസില്‍ എത്തിയത്. ആഗ്രഹിച്ചതൊന്നും നേടാന്‍ കഴിയാതെ വിലങ്ങണിഞ്ഞ് നാട്ടിലേക്കു തിരിച്ചുവരുന്ന കാഴ്ച്ചയാണ് സമീപകാലത്ത് വാര്‍ത്താ മാധ്യമങ്ങളിലൂടെ കണ്ടത്.

ഇപ്പോഴിതാ നാടുകടത്തലിന്റെ മറ്റൊരു ക്രൂരമായ വശമാണ് രാജ്യാന്തര മാധ്യമങ്ങള്‍ അനാവരണം ചെയ്യുന്നത്. ഗുരുതരമായ കാന്‍സര്‍ ബാധിച്ച നാലു വയസുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് കുട്ടികളെ നാടുകടത്തിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളുടെ കുടുംബാംഗങ്ങളുടെ അഭിഭാഷകരെ ഉദ്ധരിച്ചാണ് സിഎന്‍എന്നിന്റെ റിപ്പോര്‍ട്ട്. ഈ കുട്ടികള്‍ അമേരിക്കന്‍ പൗരത്വം നേടിയവരാണ്.
അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനാണ് കുടുംബത്തിനു വേണ്ടി കേസ് വാദിക്കുന്നത്. അമ്മയെയും നാലും ഏഴും വയസുള്ള കുട്ടികളെയുമാണ് അമേരിക്കന്‍ ഭരണകൂടം നാടുകടത്തിയത്. മറ്റൊരു സംഭവത്തില്‍ അമ്മയെയും രണ്ട് വയസുള്ള കുട്ടിയെയും യുഎസില്‍ നിന്ന് നാടുകടത്തി.
മാതാപിതാക്കള്‍ അനധികൃത കുടിയേറ്റക്കാരാണെങ്കിലും കുട്ടികള്‍ക്ക് യുഎസ് പൗരത്വം ലഭിച്ചിരുന്നു. അമ്മമാര്‍ക്ക് നിയമപരമായ രേഖകള്‍ ഇല്ലാത്തതാണ് നാടുകടത്തലിന് കാരണം. ഇവരെ സൈനിക വിമാനത്തില്‍ ഹോണ്ടുറാസിലേക്ക് കൊണ്ടുപോയതായും അഭിഭാഷകര്‍ അറിയിച്ചു. ഗുരുതരവും അപൂര്‍വവുമായ കാന്‍സറാണ് കുട്ടിയെ ബാധിച്ചിട്ടുള്ളത്. കാന്‍സറിന്റെ നാലാമത്തെ സ്‌റ്റേജിലുള്ള കുട്ടിയുടെ ചികിത്സയും അനിശ്ചിതാവസ്ഥയിലായി. കുഞ്ഞിന്റെ ചികിത്സകള്‍ നടക്കുന്നത് യുഎസിലാണ്. 2023 ല്‍ ന്യൂ ഓര്‍ലിയാന്‍സില്‍ വച്ചാണ് കുട്ടിയുടെ ജനനം.
ന്യൂ ഓര്‍ലിയാന്‍സിലെ പരിശോധനകള്‍ക്കിടെയാണ് അമ്മയെയും നാലു വയസുള്ള കുട്ടിയെയും യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. നിയമോപദേശം തേടാന്‍ പോലും സാവകാശം നല്‍കാതെയാണ് അമ്മയെയും കാന്‍സര്‍ ബാധിച്ച കുട്ടിയെയും ഹോണ്ടുറാസിലേക്കു നാടുകടത്തിയത്.
സ്ത്രീകളെയും അവരുടെ പിഞ്ചുകുട്ടികളെയും നാടുകടത്തുന്നത് ക്രൂരമായ നടപടിയാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. ഈ കേസുകള്‍ അതിന്റെ ഒരു ഉദാഹരണമാണ്. കേസ് ഇപ്പോള്‍ ഫെഡറല്‍ കോടതിയുടെ പരിഗണനയിലാണ്. കുടുംബത്തിന്റെ ഹര്‍ജിയില്‍ ഫെഡറല്‍ കോടതി തുടര്‍ വാദം കേള്‍ക്കും. മെയ് 16 നാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.












Click it and Unblock the Notifications