വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കിയ ഡൊണാള്‍ഡ് ട്രംപ് പെട്ടു; ഒന്നിച്ച് പ്രതിഷേധിച്ച് യുഎസ് മാധ്യമങ്ങള്‍
മൂന്ന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം. പ്രമുഖ മാധ്യമങ്ങളെല്ലാം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമങ്ങള്‍ക്കാണ് വ്യാജ വാര്‍ത്തകള്‍ നല്‍കി എന്നാരോപിച്ച് വൈറ്റ് ഹൗസില്‍ വിലക്കേര്‍പ്പെടുത്തിയത്.
തൊട്ടുപിന്നാലെ പ്രമുഖ മാധ്യമങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ വാര്‍ത്ത നല്‍കില്ലെന്ന് തീരുമാനിച്ചു. ഫോക്‌സ് ന്യൂസ് മീഡിയ, എബിസി ന്യൂസ്, സിബിഎസ് ന്യൂസ്, സിഎന്‍എന്‍, എന്‍ബിസി ന്യൂസ് എന്നീ മാധ്യമങ്ങള്‍ ഒന്നിച്ച് പ്രതിഷേധിക്കുകയും സര്‍ക്കാര്‍ പരിപാടികളിലെ കവറേജ് നിര്‍ത്തിവെക്കാനും തീരുമാനിച്ചു. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭ ചേരുന്ന വേളയില്‍ കൂടിയാണിത് എന്നത് എടുത്തു പറയണം.

യുഎസ് പ്രസിഡന്റിന്റെ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ഉത്തരവാദിത്തം തുല്യതയോടെ പങ്കിടുന്നവരാണ് ഈ അഞ്ച് ചാനലുകള്‍. നിശ്ചിത സമയങ്ങളില്‍ ഊഴമിട്ട് മാധ്യമ പ്രവര്‍ത്തകരെ ഇവര്‍ നിയോഗിക്കാറുണ്ട്. മറ്റു മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുന്നതും ഈ ചാനലുകളാണ്. തിങ്കളാഴ്ച ട്രംപിന്റെ ന്യൂയോര്‍ക്ക് യാത്രയും യുഎന്‍ പൊതുസഭയിലെ പരിപാടികളും സിഎന്‍എന്‍ നല്‍കില്ലെന്ന് ഉറപ്പായതോടെ വൈറ്റ് ഹൗസ് പ്രാദേശിക മാധ്യമങ്ങള്‍ക്ക് ചുമതല നല്‍കി.
വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ മൂന്ന് മാധ്യമങ്ങളും നിയമ നടപടിക്ക് ഒരുങ്ങുകയാണ്. വാഷിങ്ടണിലെ ഫെഡറല്‍ കോടതിയെ സമീപിക്കുമെന്ന് ഇവര്‍ അറിയിച്ചു. മാധ്യമ സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയെ സമീപിക്കുക. നോട്ടീസ് നല്‍കുകയോ നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്യാതെയാണ് വിലക്ക് എന്നും മാധ്യമങ്ങള്‍ പറയുന്നു.
വെള്ളിയാഴ്ചയാണ് മൂന്ന് മാധ്യമങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയത്. ശനിയാഴ്ച ഈ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ വൈറ്റ് ഹൗസില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഒന്നിച്ച് പ്രതിഷേധിക്കാന്‍ പ്രമുഖ മാധ്യമങ്ങള്‍ തീരുമാനിച്ചത്. അതേസമയം, വ്യാജ വാര്‍ത്തകള്‍ തടയുകയായിരുന്നു ലക്ഷ്യം എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. മാധ്യമസ്വാതന്ത്ര്യം തടയില്ലെന്നും വ്യക്തമാക്കി.


Click it and Unblock the Notifications
