യുദ്ധഭീതിക്കിടെ ഇറാനിയന്‍ ജനങ്ങള്‍ക്ക് ട്രംപിനെ വാഴ്ത്തി അജ്ഞാത എസ്എംഎസുകള്‍: ആശങ്ക
ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം അതീവ ആശങ്കാജനമായ ഘട്ടത്തിലൂടെ കടന്നുപോകവെ, ഇറാന്‍ ജനതയെ ഭീതിയിലാഴ്ത്തി അജ്ഞാത മൊബൈല്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നു. ട്രംപിനെ വാഴ്ത്തുന്ന സന്ദേശങ്ങളാണ് അജ്ഞാത ഉറവിടത്തില്‍ നിന്നു പ്രചരിക്കുന്നത്. ഇറാനിലെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഒരേ ഉള്ളടക്കത്തിലുള്ള സന്ദേശം ലഭിച്ചത്. 'അമേരിക്കന്‍ പ്രസിഡന്റ് പ്രവൃത്തിയില്‍ വിശ്വസിക്കുന്ന ആളാണ്, കാത്തിരുന്നു കാണുക' എന്ന വിചിത്രമായ സന്ദേശമാണ് ഇറാനിലെ ജനങ്ങള്‍ക്ക് ലഭിച്ചത്. ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഇറാന്‍ ഇന്റര്‍നാഷണല്‍' ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരെ സൈനിക നീക്കങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ സന്ദേശങ്ങള്‍ വരുന്നത് എന്നതാണ് ആശങ്കയ്ക്കു കാരണം. ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ട്രംപ് ഭരണകൂടം പിന്തുണ പ്രഖ്യാപിച്ചതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതുകൂടാതെ പത്ത് ദിവസത്തിനുള്ളില്‍ വ്യക്തമായ ഒരു ആണവ കരാറില്‍ എത്തിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മോശമായ കാര്യങ്ങള്‍ സംഭവിക്കുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റില്‍ അമേരിക്ക വന്‍ തോതില്‍ സൈനിക വിന്യാസം നടത്തിക്കഴിഞ്ഞു. ഇറാനിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പരിമിതമായ സൈനിക ആക്രമണങ്ങള്‍ നടത്താന്‍ ട്രംപ് ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. സമാധാനപരമായ ചര്‍ച്ചകള്‍ക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. എന്നാല്‍ രാജ്യത്തിനുള്ളില്‍ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമാകുന്നത് ഇറാന് വലിയ വെല്ലുവിളിയാകുന്നുണ്ട്. വ്യാഴാഴ്ച ജനീവയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ ഏറെ നിര്‍ണായകമാണ്. അമേരിക്കയുടെ സൈനിക നീക്കങ്ങളും ജനങ്ങള്‍ക്കിടയിലെ ഈ അജ്ഞാത സന്ദേശങ്ങളും മേഖലയില്‍ വലിയ തോതിലുള്ള ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അതിനിടെ, ഇറാനില്‍ ആഭ്യന്തര പ്രക്ഷോഭങ്ങളും ശക്തമാകുന്ന സാഹചര്യത്തില്‍, അവിടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. ലഭ്യമായ വാണിജ്യ വിമാനങ്ങളിലോ മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളിലോ ഇന്ത്യയിലേക്ക് മടങ്ങാനാണ് എംബസിയുടെ അടിയന്തര അറിയിപ്പില്‍ പറയുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഇറാനിലുടനീളം നടക്കുന്ന പ്രതിഷേധങ്ങളില്‍ നിന്നും പ്രകടനങ്ങളില്‍ നിന്നും പൗരന്മാര്‍ വിട്ടുനില്‍ക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. ജനുവരി 14-ന് പുറപ്പെടുവിച്ച ജാഗ്രതാനിര്‍ദേശം എംബസി വീണ്ടും പുതുക്കുകയായിരുന്നു.












Click it and Unblock the Notifications