വൈറ്റ് ഹൗസിലെത്തി ഡൊണാൾഡ് ട്രംപ്, സ്വാഗതം ചെയ്ത് ജോ ബൈഡൻ; സത്യപ്രതിജ്ഞ ചടങ്ങുകൾ ഉടൻ
സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുന്നോടിയായി വൈറ്റ് ഹൗസിലെത്തി ഡൊണാൾഡ് ട്രംപ്. ഭാര്യ മെലാനിയയ്ക്കൊപ്പമാണ് ട്രംപ് എത്തിയത്. സ്ഥാനം ഒഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്രംപിനെ സ്വാഗതം ചെയ്തു. അൽപസമയത്തിനകം കാപിറ്റോൾ മന്ദിരത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് തുടക്കമാവും.
ഇന്ത്യൻ സമയം രാത്രി 10.30 നാണ് (അമേരിക്കൻ സമയം 12 മണി) ചടങ്ങുകൾ നടക്കുക. ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് സത്യവാചകം ചൊല്ലിക്കൊടുക്കും. കാപിറ്റോൾ കെട്ടിടത്തിന് പുറത്ത് വിപുലമായ പരിപാടിയാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ അതിശൈത്യത്തെ തുടർന്ന് ചടങ്ങുകൾ കാപിറ്റോളിന് ഉള്ളിലെ റോട്ടിൻഡ ഹാളിലേക്ക് മാറ്റുകയായിരുന്നു. 1985ന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിൽ കാപിറ്റോളിനകത്ത് ചടങ്ങുകൾ നടത്തുന്നത്. 85 ൽ റൊണാൾഡ ്റീഗന്റെ സത്യപ്രതിജ്ഞയാണ് കാപ്പിറ്റോളിൽ വെച്ച് നടന്നത്.

അതേസമയം നിരവധി ലോകനേതാക്കളും പ്രമുഖരുമാണ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാൻ വാഷിങ്ടണിൽ എത്തിയിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ചടങ്ങിൽ പങ്കെടുക്കുക. ചൈനീസ് പ്രസിഡന്റ് ജി ഷിങ്പിന്നിനെ ക്ഷണച്ചെങ്കിലും അദ്ദേഹത്തിന് പകരം വൈസ് പ്രസഡന്റായിരിക്കും ചടങ്ങിൽ പങ്കെടുക്കുക, അർജന്റീനിയൻ പ്രസിഡന്റ് ,,ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ,ഇക്വഡോർ പ്രസിഡൻ്റ് ഡാനിയൽ നൊബോവ എന്നിവർ പങ്കെടുക്കും. ഇലോൺ മസ്ക്, മാർക് സക്കർബെർഗ്, ജെസ് ബെസോസ്, ആപ്പിൾ സിഇഒടിം കുക്ക്, ടിക് ടോക് സിഇഒ ഷോ ച്യൂ എന്നിവർക്ക് ക്ഷണമുണ്ട്. മുൻ പ്രസിഡന്റുമാരായ ബാരക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ എന്നിവരും ചടങ്ങിന്റെ ഭാഗമാകും.
അധികാരത്തിലേറിയതിന് തൊട്ട് പിന്നാലെ തന്നെ 200 ഓളം ഉത്തരവുകളിൽ ട്രംപ് ഒപ്പുവെച്ചേക്കുമെന്നാണ് വിവരം. കുടിയേറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിലായിരിക്കും ട്രംപ് സുപ്രധാന ഉത്തരവുകൾ ഇറക്കുക. അതേസമയം ട്രംപിന്റെ വരവിന് പിന്നാലെ യുക്രൈൻ യുദ്ധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രധാന ഇടപെടലുകൾ നടത്തിയേക്കുമെന്നാണ് സൂചന. ഭരണം ലഭിച്ചതിന് അടുത്ത ദിവസം തന്നെ യുദ്ധം അവസാനിപ്പിക്കുമെന്ന് നേരത്തേ ട്രംപ് പറഞ്ഞിരുന്നു. ഇതിനുള്ള സാധ്യത ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ നടത്തിയത്. യുക്രൈൻ വിഷയത്തിൽ ട്രംപ് ഇടപെടണമെന്നും ശ്വാശ്വതമായൊരു പരിഹാരണം വിഷയത്തിൽ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് പുടിൻ പറഞ്ഞത്.












Click it and Unblock the Notifications