donald trump: 'ചൈന കാനഡയെ വിഴുങ്ങും'; കാനഡയ്ക്ക് ട്രംപിന്റെ ഭീഷണി: എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 100 % നികുതി
വാഷിങ്ടണ്‍: ചൈന വിഷയത്തില്‍ അമേരിക്കയും കാനഡയും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. കാനഡയ്‌ക്കെതിരേ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. നയതന്ത്ര തലത്തില്‍ യുഎസുമായി കടുത്ത ഭിന്നതയുള്ള ചൈനയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെട്ടാല്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 100 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത മുന്നറിയിപ്പ്.
ട്രംപ് തന്റെ സമൂഹ മാധ്യമമായ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമിലൂടെയാണ് കാനഡയ്ക്കു മുന്നറിയിപ്പ് നല്‍കിയത്. കരാര്‍ നടപ്പായാല്‍ 'ചൈന കാനഡയെ വിഴുങ്ങും', ചൈനയുമായുള്ള ബന്ധം കാനഡയ്ക്ക് വലിയ അപകടമുണ്ടാക്കുമെന്നാണ് ട്രംപ് കുറിച്ചത്. ചൈനയുമായി കാനഡ ബന്ധം സ്ഥാപിച്ചാല്‍ 'ചൈന കാനഡയെ ജീവനോടെ വിഴുങ്ങും, അവിടുത്തെ ബിസിനസുകളെയും സാമൂഹിക ഘടനയെയും ഇത് തകര്‍ക്കും,' എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് കടത്താനുള്ള ഒരു ഇടത്താവളമായി കാനഡയെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ കാനഡ യുഎസിന്റെ 51-ാമത്തെ സംസ്ഥാനമാകണമെന്ന ട്രംപിന്റെ ആവശ്യവും വലിയ വിവാദമായിരുന്നു. എട്ടു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു കനേഡിയന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തിലാണ് മാര്‍ക്ക് കാര്‍ണി ചൈനയുമായുള്ള പുതിയ കരാറുകളെക്കുറിച്ച് സൂചിപ്പിച്ചത്.
ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കാനഡയില്‍ കുറഞ്ഞ നികുതി നിരക്കില്‍ പ്രവേശനം നല്‍കുമെന്ന് മാര്‍ക്ക് കാര്‍ണി വാഗ്ദാനം ചെയ്തു. പകരമായി കാനഡയില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ നികുതി ചൈന കുറയ്ക്കും. കാനഡക്കാര്‍ക്ക് വിസയില്ലാതെ ചൈനയില്‍ യാത്ര ചെയ്യാനുള്ള സൗകര്യവും കരാറിന്റെ ഭാഗമാണ്.
രൂക്ഷമാകുന്ന ട്രംപ്-കാര്‍ണി പോര് കാനഡയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്ന നിലയിലേക്കാണ് പോകുന്നത്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ട്രംപിന്റെ നയങ്ങളെ കാര്‍ണി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ, ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രംപ് രൂപീകരിച്ച 'സമാധാന സമിതി'യില്‍ നിന്ന് കാര്‍ണിയെ അദ്ദേഹം ഒഴിവാക്കുകയും ചെയ്തു. കാനഡ നിലനില്‍ക്കുന്നത് തന്നെ അമേരിക്ക കാരണമാണ്' എന്ന ട്രംപിന്റെ മുന്‍ പ്രസ്താവനയും വലിയ വിവാദമായിരുന്നു.












Click it and Unblock the Notifications