ഇന്ത്യയും റഷ്യയും ചൈനയുടെ കൂടെ: അമേരിക്കയ്ക്ക് നഷ്ടമായി; കുറിപ്പുമായി ഡൊണാള്‍ഡ് ട്രംപ്
ചൈനീസ് ബന്ധത്തിന്റെ പേരില്‍ ഇന്ത്യയേയും റഷ്യയേയും പരിഹസിച്ച് അമേരിക്കന്‍ പ്രസഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും റഷ്യയും 'കൂടുതൽ ഇരുണ്ട' ചൈനയിലേക്ക് പോയെന്ന് അദ്ദേഹം തന്റെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ നരേന്ദ്ര മോദി, പുടിന്‍, ഷീ ജിന്‍പിങ് എന്നിവരുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ട്രംപിന്റെ പരിഹാസം.
'ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യ, റഷ്യ, ചൈന എന്നിവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിന്റെ ഏറ്റവും വ്യക്തമായ പരസ്യ സ്ഥിരീകരണമാണ് ട്രംപിന്റെ ഈ പ്രസ്താവന. ഊർജം മുതൽ സുരക്ഷ വരെയുള്ള മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് മൂന്ന് നേതാക്കളും ഉച്ചകോടിയുടെ ഭാഗമായി പരസ്യമായി ചർച്ച ചെയ്തിരുന്നു. യുക്രെയ്നിലെ യുദ്ധം, ആഗോള വ്യാപാര നയം തുടങ്ങിയ വിഷയങ്ങളിൽ വാഷിംഗ്ടണുമായി മൂന്ന് രാജ്യങ്ങൾക്കും വ്യത്യസ്ത തലങ്ങളിൽ ഭിന്നതകൾ ഉണ്ടെങ്കിലും കൂട്ടായ്മയുടെ പൊതുവായ തലം രൂപപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യം.
ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യയെ ഒരു തന്ത്രപരമായ പങ്കാളിയായി കാണുകയാണ് അമേരിക്ക പതിറ്റാണ്ടുകളായി ചെയ്ത് വന്നിരുന്നത്. കാലാകാലങ്ങളായി അമേരിക്കയില്‍ അധികാരത്തിലിരുന്ന റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ഭരണകൂടങ്ങൾ ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം വളർത്തിയെടുക്കാൻ ശ്രമിച്ചു. ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് "ഹൗഡി മോദി" അടക്കം ഇരുരാജ്യങ്ങളുടേയും ബന്ധം ശക്തിപ്പെടുത്താനുള്ള നിരവധി പരിപാടികളും നടന്നു. ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവയ്‌ക്കൊപ്പം ക്വാഡ് (Quadrilateral Security Dialogue) പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതും ഇക്കാലത്താണ്.
എന്നാൽ, രണ്ടാം തവണ അധകാരത്തില്‍ വന്നതിന് പിന്നാലെ ട്രംപ് സ്വീരിച്ച തീരുവ നടപടികളും ഇന്ത്യയുടെ റഷ്യൻ എണ്ണ വ്യാപാരത്തിനെതിരായ വിമർശനവും ബന്ധം വഷളാക്കുന്നതിലേക്ക് നയിച്ചു. ട്രംപിന്റെ താരിഫ് ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ മറുവഴികള്‍ തേടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 2020-ലെ ഗാൽവാൻ താഴ്‌വരയിലെ അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വഷളായ ഇന്ത്യ-ചൈന ബന്ധം വീണ്ടും ശക്തമാകുന്നത്. ഏഴ് വർഷത്തിനിടെ മോദിയുടെ ആദ്യ ചൈന സന്ദർശനമായും എസ്‌സിഒ ഉച്ചകോടി മാറി.












Click it and Unblock the Notifications