'ബൈഡന് ഓര്‍മക്കുറവ്, രഹസ്യ വിവരങ്ങള്‍ അറിയേണ്ട'; ബൈഡനെതിരേ ട്രംപിന്റെ പുതിയ നീക്കം
വാഷിങ്ടണ്‍: രണ്ടാം വട്ടം അധികാരത്തിലെത്തിയ ശേഷം വൈറ്റ് ഹൗസില്‍ സമ്പൂര്‍ണ ആധിപത്യത്തിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമെന്നോണം പ്രസിഡന്റ് പദവിയിലെത്തിയപ്പോള്‍ മുതല്‍ കടുത്ത നടപടികളാണ് ട്രംപ് സ്വീകരിക്കുന്നത്.
അനധികൃത കുടിയേറ്റം, ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങളില്‍ സ്വീകരിച്ച മനുഷ്യത്വ രഹിതമായ നിലപാടുകള്‍ ലോക രാജ്യങ്ങളുടെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ തന്റെ എതിരാളികളോടും വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് ട്രംപ് സ്വീകരിക്കുന്നത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ പുതിയ നീക്കം. ജോ ബൈഡന്റെ സുരക്ഷാ അനുമതികള്‍ പിന്‍വലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്റലിജന്‍സ് ബ്രീഫിങ്ങുകളിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനവും നിഷേധിച്ചു. രാജ്യത്തിന്റെ നിര്‍ണായകമായ രഹസ്യ വിവരങ്ങളിലേക്കുള്ള ബൈഡന്റെ പ്രവേശനം നിഷേധിക്കാനാണ് ട്രംപിന്റെ നീക്കം.
അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവര്‍ക്കും രഹസ്യ വിവരങ്ങള്‍ ലഭിക്കാനുള്ള അവസരമുണ്ടാകാറുണ്ട്. ഈ അക്‌സസാണ് ട്രംപ് ഇപ്പോള്‍ ബൈഡന് നിഷേധിച്ചിരിക്കുന്നത്.
2020ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ബൈഡന്‍ ട്രംപിന്റെ സുരക്ഷാ അനുമതികള്‍ റദ്ദാക്കിയതിനു പ്രതികാരമായിട്ടാണ് ഇപ്പോഴുള്ള നടപടി. ബൈഡന്റെ ദൈനംദിന ഇന്റലിജന്‍സ് ബ്രീഫിങ്ങുകള്‍ റദ്ദാക്കുമെന്നും ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
പ്രസിഡന്റ് പദവി ഒഴിഞ്ഞതിനാല്‍ ജോ ബൈഡന് രഹസ്യ വിവരങ്ങള്‍ ലഭിക്കാനുള്ള അവകാശമില്ലെന്ന് ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. ട്രംപിന്റെ സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കിലാണ് ഇതുമായി സംബന്ധിച്ച പോസ്റ്റിട്ടത്.
'ബൈഡനെ വിശ്വസിക്കാന്‍ കഴിയില്ല, നിര്‍ണായകമായ രഹസ്യ വിവരങ്ങള്‍ സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അഭിഭാഷകനായ റോബര്‍ട്ട് ഹറിന്റെ റിപ്പോര്‍ട്ടില്‍ 82 കാരനായ ബൈഡന് ഓര്‍മ കുറവുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് സമൂഹ മാധ്യമ പോസ്റ്റില്‍ പറയുന്നു.
'ഞാന്‍ നമ്മുടെ ദേശീയ സുരക്ഷ എപ്പോഴും സംരക്ഷിക്കും. ജോ, നിങ്ങളെ പുറത്താക്കി. അമേരിക്കയെ വീണ്ടും മഹത്തരമാക്കും' - ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, കഴിഞ്ഞ മാസം പ്രസിഡന്റ് പദവിയൊഴിഞ്ഞ ബൈഡന്‍ ട്രംപിന്റെ നീക്കത്തോട് പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications