'വേണമെങ്കില്‍ ഞാന്‍ ഇടപെടാം': ഇന്ത്യ-ചൈന അതിർത്തി തർക്കത്തില്‍ പ്രതികരണവുമായി ട്രംപ്
ആവശ്യമെങ്കില്‍ ഇന്ത്യ-ചൈന തർക്കത്തില്‍ ഇടപമെടാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും അതിർത്തി സംഘർഷങ്ങളെക്കുറിച്ച് സംസാരിച്ച ഡൊണാള്‍ഡ് ട്രംപ് വിഷയത്തിന്റെ തീവ്രത മനസ്സിലാക്കുന്നുവെന്നും വേണമെങ്കില്‍ പ്രശ്നപരിഹാരത്തിനായി ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥത വഹിക്കാമെന്ന് അറിയിക്കുകയുമായിരുന്നു.
"ഞാൻ ഇന്ത്യയുടെ കാര്യം നോക്കുമ്പോൾ, അതിർത്തിയിലെ ഏറ്റുമുട്ടലുകൾ വളരെ ക്രൂരമാണ്, അവ ഇപ്പോഴും തുടരുന്നുണ്ടെന്ന് ഞാൻ കരുതുന്നു. എനിക്ക് സഹായിക്കാൻ കഴിയുമെങ്കിൽ, സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം പ്രശ്നങ്ങള് അവസാനിപ്പിക്കണം." ട്രംപ് അഭിപ്രായപ്പെട്ടു. കോവിഡ് വ്യാപനത്തിന് മുമ്പ് ചൈനയുമായി വളരെ നല്ല ബന്ധമായിരുന്നു നിലനിന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. "ചൈനയുമായി നമുക്ക് വളരെ നല്ല ബന്ധം ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു. കോവിഡ് വരെ ചൈനീസ് പ്രസിഡന്റ് ഷിയുമായി വളരെ നല്ല രീതിയില്‍ ഇടപഴകിയിരുന്നു. അത് ഒരു വലിയ പാലമായിരുന്നു" ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

അതേസമയം, 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി ഇരട്ടിയാക്കുക എന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. പരസ്പരം പ്രയോജനകരമായ ഒരു വ്യാപാര കരാർ എത്രയും നേരത്തെ അന്തിമമാക്കുന്നതിനായി നമ്മുടെ ടീമുകൾ പ്രവർത്തിക്കും. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ എണ്ണ-പ്രകൃതി വാതക വ്യാപാരം ശക്തിപ്പെടുത്തും. ഊർജ്ജ അടിസ്ഥാന സൗകര്യമേഖലകളിലെ നിക്ഷേപവും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ പ്രതിരോധമേഖല ശക്തമാക്കുന്നതിനുള്ള തയ്യാറെടുപ്പിൽ അമേരിക്കയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. തന്ത്രപരവും വിശ്വസനീയവുമായ പങ്കാളികൾ എന്ന നിലയിൽ, സംയുക്ത വികസനം, സംയുക്ത ഉൽപ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം എന്നീ ദിശകളിലേക്ക് ഞങ്ങൾ സജീവമായി നീങ്ങുകയാണ്. പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളും വരും കാലങ്ങളിൽ ഞങ്ങളുടെ ശേഷി വർദ്ധിപ്പിക്കും. ഓട്ടോണമസ് സിസ്റ്റംസ് ഇൻഡസ്ട്രി അലയൻസ് ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
അടുത്ത ദശകത്തിലേക്കുള്ള പ്രതിരോധ സഹകരണ ചട്ടക്കൂട് സൃഷ്ടിക്കപ്പെടും. പ്രതിരോധ പ്രവർത്തന സഹകരണക്ഷമത, ലോജിസ്റ്റിക്സ് പിന്തുണ, അറ്റകുറ്റപ്പണികളും പരിപാലനവും എന്നിവ ഇതിന്റെ പ്രധാന ഘടകങ്ങൾ ആയിരിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതികവിദ്യാധിഷ്ഠിതമായ ഒരു നൂറ്റാണ്ടാണ്. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള സാങ്കേതിക മേഖലയിലെ അടുത്ത സഹകരണം മനുഷ്യരാശിക്ക് മുഴുവനും പുതിയ ദിശയും ശക്തിയും അവസരങ്ങളും നൽകും. നിർമ്മിത ബുദ്ധി, സെമികണ്ടക്ടറുകൾ, ക്വാണ്ടം, ബയോടെക്നോളജി, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ജനാധിപത്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും അതിന്റെ സംവിധാനങ്ങളെയും അടിവരയിടുന്നു. ഇന്തോ-പസഫിക് മേഖലയിൽ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. ഇതിൽ ക്വാഡിന് ഒരു പ്രത്യേക പങ്ക് വഹിക്കാനാകും.ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ, പുതിയ മേഖലകളിൽ പങ്കാളിത്ത രാജ്യങ്ങളുമായുള്ള സഹകരണം ഞങ്ങൾ വർദ്ധിപ്പിക്കും. "IMEC", "I2U2" സംരംഭത്തിന് കീഴിൽ, സാമ്പത്തിക ഇടനാഴികളിലും ഗതാഗതബന്ധത്തിലെ അടിസ്ഥാന സൗകര്യങ്ങളിലും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും അമേരിക്കയും ഉറച്ചുനിൽക്കുന്നു. അതിർത്തി കടന്നുള്ള ഭീകരത ഇല്ലാതാക്കാൻ യോജിച്ച നടപടി ആവശ്യമാണെന്ന് ഞങ്ങൾ സമ്മതിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications