യുഎസ് പൗരത്വം നേടാം, 'ഗോൾഡ് കാർഡ്' അവതരിപ്പിച്ച് ട്രംപ്; ഇബി-5 വിസകൾക്ക് പകരം
'ഗോൾഡ് കാർഡ്' അവതരിപ്പിച്ച് യുഎസ്. സമ്പന്നരായ വിദേശ നിക്ഷേപകർക്ക് 5 മില്യൺ ഡോളർ നൽകി അമേരിക്കൻ പൗരത്വം സ്വന്തമാക്കാനുള്ള അവസരമാണ് ഗോൾഡ് കാർഡിലൂടെ ലഭിക്കുക. ഇബി-5 വിസകൾക്ക് പകരമായി പൗരത്വത്തിലേക്കുള്ള പുതിയ പാതയാണിത്. രണ്ടാഴ്ക്കുള്ളിൽ ഗോൾഡ് കാർഡ് പ്രാബല്യത്തിൽ വരും.
'ഉടൻ ഗോൾഡ് കാർഡുകൾ വിതരണം ചെയ്യും. 5 മില്ല്യൺ ഡോളറിനാണ് കാർഡ് അനുവദിക്കുക. പുതിയ സംവിധാനം സർക്കാരിന് ഗണ്യമായ വരുമാനം ഉണ്ടാക്കാനും അതോടൊപ്പം സമ്പന്നരായ വ്യക്തികളെ അമേരിക്കയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതുമാണ്. അവർ സമ്പന്നരായിരിക്കും, അവർ വിജയിക്കുകയും ചെയ്യും, അവർ ധാരാളം പണം ചെലവഴിക്കുകയും ധാരാളം നികുതികൾ നൽകുകയും ധാരാളം ആളുകൾക്ക് ജോലി നൽകുകയും ചെയ്യും. ഗ്രീൻ കാർഡ് നടപ്പാക്കുന്നതിലൂടെ ദേശീയ കട ബാധ്യത വേഗത്തില്‍ വീട്ടാനും സാധിക്കും, ഇത് വളരെ വിജയകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്', ഓവൽ ഓഫിസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.

റഷ്യൻ സമ്പന്ന പ്രഭുക്കൻമാർക്ക് ഗോൾഡ് കാർഡുകൾ അനുവദിക്കുമോയെന്ന ചോദ്യത്തിന് തീർച്ചയായും എന്ന് ട്രംപ് മറുപടി നൽകി. 'അവർ നല്ല മനുഷ്യരാണ്, മികച്ച വ്യക്തികളെ എനിക്ക് അറിയാം. ഗോൾഡ് കാർഡും ഗ്രീൻ കാർഡ് പോലെ തന്നെയാണ്. എന്നാൽ കൂടുതൽ പരിഷ്കൃതമായ രീതിയിലുള്ള സംവിധാനമാണ്. സമ്പത്തുള്ള ആളുകൾക്കും കഴിവുള്ളവർക്കും പൗരത്വത്തിലേക്കുള്ള പാതയാണിത്. പുതിയ വിസ സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും', ട്രംപ് കൂട്ടിച്ചേർത്തു.
ടാർഗറ്റഡ് എംപ്ലോയ്മെന്റ ഏരിയകളിൽ (ടിഇഎ) 800,000 ഡോളർ നിക്ഷേപിക്കുകയോ അല്ലെങ്കിൽ യുഎസിൽ മറ്റെവിടെയെങ്കിലും കുറഞ്ഞത് 10 പേർ ജോലി ചെയ്യുന്ന ഒരു കമ്പനിയിൽ ഏകദേശം 1 മില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുകയോ ചെയ്യുന്നവർക്കാണ് നിലവിൽ ഇബി-5 വിസ നൽകുന്നത്. എന്നാൽ പദ്ധതി ട്രംപ് അവസാനിപ്പിച്ചിരുന്നു. ഇബി-5 വിസകൾ കാലഹരണപ്പെട്ടതാണെന്നും കാര്യക്ഷമമല്ലെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നവർക്ക് മാത്രമാണ് ഇബി-5 വിസകൾ അനുവദിച്ചിരുന്നത്. എന്നാൽ സർക്കാരിലേക്ക് നേരിട്ട് നിക്ഷേപം നടത്തുന്നവർക്കെല്ലാം ട്രംപ് ഗോൾഡ് കാർഡ് അനുവദിക്കുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു. 10 മില്യൺ ഗോൾഡ് കാർഡുകൾ നൽകാനാണ് യുഎസ് ലക്ഷ്യം വെയ്ക്കുന്നത്.












Click it and Unblock the Notifications