ഫെന്റനില്‍ ഒഴുക്കില്‍ ഇടഞ്ഞ് ട്രംപ്; ഓഗസ്റ്റ് ഒന്നുമുതല്‍ കാനഡയ്ക്ക് മേല്‍ 35% പകരച്ചുങ്കം ചുമത്തുമെന്ന് ഭീഷണി
വാഷിങ്ടണ്‍: പകരച്ചുങ്കത്തില്‍ പുതിയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സഖ്യകക്ഷിയായ കാനഡയ്ക്ക് അയച്ച കത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പുള്ളത്. ഓഗസ്റ്റ് ഒന്നു മുതല്‍ കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 35 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചത്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയെ അഭിസംബോധന ചെയ്ത കത്തിലാണ് തീരുമാനം അറിയിച്ചത്.
പുതിയ പകര തീരുവ സംബന്ധിച്ച് 20ലധികം രാജ്യങ്ങള്‍ക്ക് ട്രംപ് കത്തുകള്‍ അയച്ചിരുന്നു. ഈ പരമ്പരയില്‍ ഏറ്റവും പുതിയതാണ് കാനഡയ്ക്കുള്ള കത്ത്. കാനഡയുമായുള്ള വ്യാപാര ബന്ധം അമേരിക്ക തുടരുമെന്നും പുതുക്കിയ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും ഇനിയുള്ള വ്യാപാര നടപടികള്‍ എന്നും ട്രംപ് അറിയിച്ചു.

അമേരിക്കയുമായി സഹകരിക്കുന്നതിന് പകരം കാനഡ സ്വന്തം താരിഫുകള്‍ ഉപയോഗിച്ച് പ്രതികാരം ചെയ്തു. കാനഡ അമേരിക്കന്‍ ഉത്പന്നങ്ങളുടെ താരിഫ് ഉയര്‍ത്തിയാല്‍ നിലവിലുള്ള 35% താരിഫ് വര്‍ധിപ്പിച്ചുകൊണ്ട് അമേരിക്ക വീണ്ടും പ്രതികരിക്കുമെന്ന് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ മുന്നറിയിപ്പ് നല്‍കി.
ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ അമേരിക്കയുടെ സഖ്യകക്ഷികള്‍ ഉള്‍പ്പെടെ ഒന്നിലധികം രാജ്യങ്ങള്‍ക്ക് പുതിയ താരിഫ് ചുമത്തി ട്രംപ് വ്യാപാര യുദ്ധം രൂക്ഷമാക്കിയിരുന്നു. അതിന് ഏറ്റവും ഒടുവിലാണ് കാനഡയ്ക്ക് മേലുള്ള 35 ശതമാനം തീരുവ പ്രഖ്യാപനം. ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനായാണ് ട്രംപ് വ്യാപാര പങ്കാളികള്‍ക്കുള്ള താരിഫ് സമയപരിധി ഓഗസ്റ്റ് ഒന്നു വരെ നീട്ടിയത്.
മാരക ശേഷിയുള്ള ഫെന്റനില്‍ എന്ന മയക്കുമരുന്ന് അനിയന്ത്രിതമായി അമേരിക്കയിലേക്ക് ഒഴുകുന്നത് തടയുന്നതില്‍ കാനഡ പരാജയപ്പെട്ടതായി ആരോപിച്ചാണ് കാനഡയ്ക്ക് മേലും പകരത്തീരുവ ചുമത്തിയിരിക്കുന്നത്.
കടുത്ത വേദന അനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് വേദന സംഹാരിയായി നല്‍കുന്ന മരുന്നാണ് ഫെന്റനില്‍. ഹെറോയിനേക്കാള്‍ 50 മടങ്ങ് വീര്യമുള്ളതാണ് ഈ മരുന്ന്. എന്നാല്‍ ആരോഗ്യരംഗത്ത് ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇത് ലഹരി ആവശ്യത്തിനായാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
കാനഡ മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് അമേരിക്കയിലേക്ക് ലഹരിമരുന്ന് എത്തുന്നത് എന്നാണ് ട്രംപ് ആരോപിക്കുന്നത്. ഇതിന്റെ പേരിലാണ് കാനഡയുമായുള്ള വ്യാപാര യുദ്ധം. ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവന്‍ അപഹരിച്ച ഒരു സിന്തറ്റിക് ഒപിയോയിഡാണ് ഫെന്റനില്‍. അമേരിക്കയില്‍ ഏറ്റവും അപകടകരമായ ലഹരി മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണിത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര, സുരക്ഷാ കരാര്‍ അന്തിമമാക്കുന്നതിന് മുന്‍പാണ് കാനഡയ്ക്ക് മേലുള്ള സമ്മര്‍ദം വര്‍ദ്ധിപ്പിച്ച് ട്രംപിന്റെ താരിഫ് ഭീഷണി. ട്രംപിന്റെ പുതിയ 35% താരിഫ് ഭീഷണി കാനഡയുടെ പ്രധാന വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കും. അതേസമയം, കനേഡിയന്‍ കമ്പനികള്‍ യുഎസിലേക്ക് ഉല്‍പ്പാദനം മാറ്റിയാല്‍ താരിഫ് ഒഴിവാക്കാമെന്ന വാഗ്ദാനവും ട്രംപ് മുന്നോട്ടു വയ്ക്കുന്നുണ്ട്.
യുഎസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് കാനഡ. അതില്‍ ഓട്ടോമൊബൈലുകള്‍, ലോഹം, ഊര്‍ജം ഉള്‍പ്പെടെ പ്രധാന കയറ്റുമതികളും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications