വാക്ക് പാലിച്ച് ഡൊണാൾഡ് ട്രംപ്; സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ചു
സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ് . സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഉപരോധം അവസാനിപ്പിച്ച് ആഭ്യന്തര യുദ്ധത്തിൽ തകർന്ന രാജ്യത്തെ പുനഃനിർമ്മിക്കാൻ ഇടപെടുമെന്ന് നേരത്തേ ട്രംപ് വ്യക്തമാക്കിയിരുന്നു.അതേസമയം സിറിയയുടെ മുൻ പ്രസിഡന്റ് ബാഷാർ അൽ അസദിനും കുടുംബത്തിനുമുള്ള ഉപരോധം തുടരുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
സിറിയയെ സമൃദ്ധിയിലേക്കും സമാധാനത്തിന്റെ പാതയിലേക്കും നയിക്കാനാണ് ട്രംപിന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലീൻ ലീവിറ്റ് പറഞ്ഞു. 'ട്രംപ് നൽകിയ വാഗ്ദാനമാണിത്. സിറിയ സുസ്ഥിരവും ഏകീകൃതവും സമാധാനപരവുമായിരിക്കാൻ ട്രംപ് വളരെ അധികം ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴത്തേത് പാലിക്കപ്പെട്ട മറ്റൊരു വാഗ്ദാനമാണ്', അവർ വ്യക്തമാക്കി.

2004 ൽ പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥയും ഇതോടെ ഇല്ലാതാകും. അതേസമയം അൽ അസദിനെ കൂടാതെ അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ, മനുഷ്യാവകാശ ലംഘകർ, മയക്കുമരുന്ന് കടത്തുകാർ, രാസായുധങ്ങളിൽ ഉൾപ്പെട്ട ആളുകൾ, ഐസിസ് അംഗങ്ങൾ, ഇറാനിയൻ പിന്തുണയുള്ള ഗ്രൂപ്പുകൾ എന്നിവർക്കെതിരായ ഉപരോധം തുടരും.
കഴിഞ്ഞ മെയ് മാസത്തിൽ സൗദിയിൽ വെച്ച് സിറിയയുടെ ഇടക്കാല നേതാവായ അഹമ്മദ് അൽ ഷാരയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലാണ് ഉപരോധങ്ങൾ പിൻവലിക്കുമെന്നും നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും ട്രംപ് അറിയിച്ചത്. 13 വർഷത്തെ ആഭ്യന്തര യുദ്ധത്തിൽ തകർന്ന് തരിപ്പണമായ നിലയിലാണ് സിറിയ. യുഎസ് നീക്കം വലിയ പ്രതീക്ഷയാണ് സിറിയക്ക് നൽകിയിരിക്കുന്നത്.
അതേസമയം യുഎസ് നീക്കത്തെ സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ-ഷിബാനി സ്വാഗതം ചെയ്തു. ദീർഘകാലമായി കാത്തിരിക്കുന്ന പുനർനിർമ്മാണത്തിനും വികസനത്തിനും ഇത് വാതിൽ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉപരോധം നീക്കിയെങ്കിലും സിറിയയെ തീവ്രവാദത്തിന്റെ സ്പോൺസർ എന്നാണ് യുഎസ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സിറിയയ്ക്ക് ലഭിക്കുന്ന വിദേശ നിക്ഷേപം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടർന്നും വലിയ തടസം അവർ നേരിട്ടേക്കും.
സിറിയയുമായി ബന്ധം തുടരാൻ ഇസ്രായേലും
അൽ അസദിന്റെ പതനത്തിന് ശേഷം കടുത്ത ആക്രമണമാണ് ഇസ്രായേൽ സിറിയക്കെതിരെ നടത്തിയിരുന്നത്. സൈനിക ലക്ഷ്യസ്ഥാനങ്ങളടക്കം ഇസ്രായേൽ ആക്രമിച്ചിരുന്നു. അതേസമയം സിറിയയുമായും ലെബനനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തങ്ങൾക്ക് താത്പര്യം ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ വ്യക്തമാക്കി.












Click it and Unblock the Notifications