ട്രംപ് നാല് തവണ വിളിച്ചു, ഫോണ്‍ എടുക്കാതെ മോദി; അധിക തീരുവ നാളെ മുതല്‍
അമേരിക്ക ഇന്ത്യക്ക് ഏർപ്പെടുത്തിയ അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അമേരിക്ക ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 50% തീരുവ ഏർപ്പെടുത്തുന്നത് രാജ്യത്തിന് കയറ്റുമതി മേഖലയ്ക്കുമേല്‍ വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഇതിനിടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിളിച്ച നാല് ഫോൺ കോളുകൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകിയില്ലെന്ന റിപ്പോർട്ടും പുറത്ത് വരുന്നത്.
ജർമ്മന്‍ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽഗമൈനെ സെയ്തൂങ് (എഫ്എസെഡ്) ആണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാല്‍ ഏതെല്ലാം ദിവസങ്ങളിലാണ് ട്രംപ് വിളിച്ചതെന്ന് റിപ്പോർട്ടില്‍ പറയുന്നില്ല. വ്യാപാര സംഘർഷങ്ങളിൽ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നു എന്നുള്ളതിന്റെ അടയാളമായും ഇതിനെ വിലയിരുത്തുന്നു.

ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ, പ്രതിരോധ ഉപകരണ വാങ്ങലുകൾക്ക് പ്രതികാരമെന്നോണമാണ് ട്രംപ് ഭരണകൂടം ഇന്ത്യക്കെതിരെ അതിക തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ യുഎസിലേക്കുള്ള 86.5 ബില്യൺ ഡോളറിന്റെ കയറ്റുമതിയിൽ മൂന്നിൽ രണ്ട് ഭാഗവും (60.2 ബില്യൺ ഡോളർ) ഈ പുതിയ 50% തീരുവയുടെ പരിധിയിൽ വരുമെന്നാണ് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) വ്യക്തമാക്കിയിരിക്കുന്നത്. ഇത് യുഎസ് വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളെ വിലകൂടുതലാക്കുകയും, മറ്റ് എതിരാളികളുമായുള്ള മത്സരക്ഷമത കുറയ്ക്കുകയും ചെയ്യും.
"റഷ്യൻ ഓയിൽ വാങ്ങുന്നത് സാമ്പത്തികമായി ലാഭകരമാണ്. എന്നാൽ, ഇത് നിർത്തിയാൽ നമ്മുടെ സമ്പദ്‌വ്യവസ്ഥ കാര്യക്ഷമത കുറഞ്ഞതാകും, അത് സാധ്യമല്ല. റഷ്യൻ ഓയിൽ വാങ്ങുന്നത് തുടർന്നാൽ, കയറ്റുമതിയിലും മറ്റ് വെല്ലുവിളികളിലും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. രണ്ട് തിന്മകൾക്കിടയിൽ ഒന്ന് തിരഞ്ഞെടുക്കണം." മുൻ ഐസിഎഐ പ്രസിഡന്റ് വേദ് ജെയിൻ ചൂണ്ടിക്കാട്ടി.
ടെക്സ്റ്റൈൽ, രത്ന-ആഭരണ, പരവതാനി, ചെമ്മീൻ, ഫർണിച്ചർ തുടങ്ങിയ തൊഴിൽ-തീവ്ര മേഖലകൾക്ക് കനത്ത പ്രത്യാഘാതമുണ്ടാകും. ചെറുകിട, ഇടത്തരം വ്യവസായങ്ങൾ (എംഎസ്എംഇ) പ്രത്യേകിച്ച് ദുർബലമാണ്, വൻതോതിൽ തൊഴിൽ നഷ്ടത്തിനും സാധ്യതയുണ്ട്. "50% തീരുവ വലിയ ഭാരമാണ്. ടെക്സ്റ്റൈൽ വ്യവസായം വളരെ കുറഞ്ഞ ലാഭത്തിൽ പ്രവർത്തിക്കുന്ന മേഖലയാണ്. ഈ തീരുവ വർധനകൂടി മേഖലയ്ക്ക് താങ്ങാന്‍ സാധിക്കില്ല. ഉപഭോക്താക്കൾക്ക് കൂടുതൽ വില നൽകേണ്ടി വരും. ഹ്രസ്വകാലത്തേക്കെങ്കിലും, 25% അധിക തീരുവ ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ."- ടെക്സ്റ്റൈൽ ഫാക്ടറി ഉടമ ഭദ്രേഷ് ദോധിയയും ചൂണ്ടിക്കാട്ടുന്നു.
തീരുവ വർധന ഇന്ത്യയ്ക്ക് മാത്രമല്ല, യുഎസിനും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. "ഈ തീരുവ വർധന യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണം ചെയ്യില്ല. ഇതുവഴി അവരുടെ പണപ്പെരുപ്പം വർധിക്കും. 2017-2020 കാലഘട്ടത്തിൽ ട്രംപിന്റെ ഭരണത്തിൽ യുഎസ് 1.4% മാത്രമാണ് വളർന്നത്. ഈ തോതിൽ തീരുവ വർധിപ്പിച്ചാൽ, അവരുടെ സാമ്പത്തിക വളർച്ച കുറയും." സാമ്പത്തിക വിദഗ്ധൻ എസ്‌പി ശർമ്മ വിശദീകരിച്ചു. നിലവിൽ 86.5 ബില്യൺ ഡോളറുള്ള ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതി, 2026-ഓടെ 49.6 ബില്യൺ ഡോളറായി കുറയുമെന്നാണ് മറ്റൊരു പ്രവചനം












Click it and Unblock the Notifications