വൈറ്റ് ഹൗസ് പടിയിറങ്ങും മുൻപ് ചൈനയ്ക്ക് പണികൊടുക്കാൻ ട്രംപ്; ബൈഡന് വെല്ലുവിളി
വാഷിങ്ടൺ; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനോട് കനത്ത പരാജയം രുചിച്ചെങ്കിലും തോൽവി അംഗീകരിക്കാൻ ഡൊണാൾഡ് ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. 73 ദിവസത്തിനുള്ളിൽ വൈറ്റ് ഹൗസിലേക്ക് നീങ്ങാൻ ബൈഡൻ തയ്യാറെടുക്കുമ്പോൾ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ കടിച്ച് തൂങ്ങുകയാണ് ട്രംപ്. അതേസമയം ഇനി വൈറ്റ് ഹൗസ് പടിയിറങ്ങിയാലും ബൈഡന് 'ചില പണികൾ' നൽകി മാത്രമേ അതുണ്ടാകൂവെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ചൈനയ്ക്കെതിരായ നടപടി കടുപ്പിച്ച് ജോ ബൈഡനെ വെട്ടിലാക്കാനാണ് ട്രംപിന്റെ നീക്കമെന്നാണ് സൂചന.
വൈറ്റ് ഹൗസിലെ തന്റെ അവസാന നാളുകളിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ ട്രംപ് സങ്കീർണമാക്കിയേക്കുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. കൊവിഡ് വൈറസിന് കാരണം ചൈനയാണെന്നാണ് ട്രംപ് നിരന്തരം ആരോപിക്കാറുള്ളത്. കൊവിഡ് പ്രതിസന്ധിയാണ് യുഎസിന്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണമായതെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും ഇത്തരം ആരോപണങ്ങൾ ട്രംപ് കടുപ്പിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ബെയ്ജിങ്ങിന് കനത്ത പ്രഹരം നൽകുകയെന്ന ലക്ഷത്തോടെയുള്ള നടപടികൾ ട്രംപ് സ്വീകരിക്കാൻ സാധ്യത ഉണ്ടെന്ന് ജോർജ്ടൗൺ യൂണിവേഴ്സിറ്റി സീനിയർ ഫെല്ലോയും ബെയ്ജിങ്ങിലെ യുഎസ് എംബസി മുൻ ട്രേഡ് നെഗോഷ്യേറ്ററുമായ ജെയിംസ് ഗ്രീൻ പറയുന്നു.പെട്ടെന്നുള്ള എക്സിക്യൂട്ടീവ് ഉത്തരവുകളോ സെനറ്റിന്റെ അനുമതി ആവശ്യം ഇല്ലാത്തതുമായ തിരുമാനങ്ങളോ നിയമങ്ങളോ ബെയ്ജിങ്ങിനെതിരായ ട്രംപ് ഇറക്കിയേക്കും എന്നും ഗ്രീൻ ആരോപിച്ചു.
മറ്റൊരു "സ്ഫോടനാത്മക" നടപടി, സിൻജിയാങ്ങിൽ ഉയിഗുർ മുസ്ലിംകളെ വംശഹത്യ ചെയ്യുകയാണെന്ന ആരോപണത്തിൽ ചൈനയ്ക്കെതിരെ ഉണ്ടായേക്കും. കൂടുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥർക്ക് വിസ തടയാനും അല്ലെങ്കിൽ ബീജിംഗ് 2022 വിന്റർ ഒളിമ്പിക്സിൽ യുഎസ് അത്ലറ്റുകൾ പങ്കെടുക്കരുതെന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നും കണക്കാക്കുന്നു. കൂടുതൽ ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളെ ഉപരോധത്തിന് വിധേയമാക്കി വ്യാപാര നിയന്ത്രണങ്ങൾ നടപ്പാക്കാനും ട്രംപ് ആലോചിച്ചേക്കാം.
സിവിൽ - മിലിട്ടറി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ,കൂടുതൽ ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കുക, 5 ജി നെറ്റ്വർക്കുകൾക്കപ്പുറം ഹുവായ് ടെക്നോളജീസിലേക്കുള്ള എല്ലാ സെമികണ്ടക്ടർ വിൽപ്പനയും തടയുക തുടങ്ങിയ നടപടികളിലേക്കും ട്രംപ് നീങ്ങിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതെല്ലാം ബൈഡന് വെല്ലുവിളി ആയേക്കും. അതേസമയം കഴിഞ്ഞ നാല് വർഷത്തെ ചൈനയുടെ വളർച്ചയുടെ പശ്ചാത്തലത്തിൽ ട്രംപിന് സമാനമായ നടപടിയാകുംബൈഡന് സ്വീകരിച്ചേക്കുതയെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.