സ്റ്റേറ്റ് സെക്രട്ടറിയെ നിര്‍ദേശിച്ച് ട്രംപ്... ഇന്ത്യയ്ക്ക് അനുകൂലം, ലഭിക്കുമോ ആ ഉന്നത പദവി?
വാഷിംഗ്ടണ്‍: ഫ്‌ളോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോയെ സ്‌റ്റേറ്റ് സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റൂബിയോ 'സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഉറച്ച ശബ്ദവും ഒരിക്കലും പിന്മാറാത്ത നിര്‍ഭയ യോദ്ധാവും ആണ് റൂബിയോ എന്ന് എന്ന് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. യുഎസില്‍ സ്റ്റേറ്റ് സെക്രട്ടറി പദവിയിലെത്തുന്ന ആദ്യത്തെ ലാറ്റിന്‍കാരനാകുകയാണ് റൂബിയോ.
അമേരിക്ക വിരുദ്ധരായ ചൈന, ഇറാന്‍, തുടങ്ങിയ രാജ്യങ്ങളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ആളാണ് അദ്ദേഹം. അതേസമയം ഇന്ത്യയെക്കുറിച്ച് അനുകൂലമായ അഭിപ്രായങ്ങള്‍ ആണ് മുന്‍കാലങ്ങളില്‍ പങ്ക് വെച്ചിട്ടുള്ളത്. 2016 ലെ യുഎസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ട്രംപിന്റെ എതിരാളികളില്‍ ഒരാളായിരുന്നു റൂബിയോ.

എന്നാല്‍ പിന്നീട് ഇരുവരുടേയും ബന്ധം മെച്ചപ്പെട്ടു. ഇത്തവണ ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി റൂബിയോയും മത്സരിച്ചിരുന്നു. 53 കാരനായ മാര്‍ക്കോ റൂബിയോ ഫ്‌ളോറിഡയില്‍ നിന്ന് മൂന്നാം തവണയാണ് സെനറ്ററായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്റലിജന്‍സ് സെലക്ട് കമ്മിറ്റി വൈസ് ചെയര്‍മാന്‍, ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം തുടങ്ങി നിരവധി പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ക്യൂബന്‍ കുടിയേറ്റക്കാരനായി മിയാമിയിലാണ് റൂബിയോ ജനിച്ചത്. പിന്നീട് യുഎസ് പൗരന്മാരായി. 2010 ലാണ് റൂബിയോ ആദ്യമായി യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിനുമുമ്പ് വെസ്റ്റ് മിയാമിയിലെ സിറ്റി കമ്മീഷണറും ഫ്‌ളോറിഡ ഹൗസ് ഓഫ് റെപ്രസന്റേറ്റീവിന്റെ സ്പീക്കറുമായിരുന്നു. ഒരു അഭിഭാഷകന്‍ കൂടിയാണ് റൂബിയോ.
മുന്‍കാലങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരമ്പരാഗത വിദേശനയവുമായി അനുഭാവം പുലര്‍ത്തിയിരുന്ന റൂബിയോ അടുത്ത കാലത്തായി മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അമേരിക്ക അതിന്റെ പണവും വിഭവങ്ങളും ചെലവഴിക്കരുതെന്ന് വിശ്വസിക്കുന്ന ട്രംപിന്റെ വീക്ഷണങ്ങളെയാണ് പിന്തുണയ്ക്കുന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിലും അദ്ദേഹത്തിന്റെ നിലപാട് വ്യത്യസ്തമാണ്.
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുമായി ഒത്തുതീര്‍പ്പിനായി ഉക്രെയ്ന്‍ ചര്‍ച്ച നടത്തണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഏപ്രിലില്‍ പാസാക്കിയ ഉക്രെയ്‌നിനുള്ള 95 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായ പാക്കേജിനെതിരെ വോട്ട് ചെയ്ത 15 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഇന്ത്യയുമായി ആഴത്തിലുള്ള പങ്കാളിത്തം വേണമെന്ന വാദക്കാരനാണ് റൂബിയോ.
ജൂലൈയില്‍ അദ്ദേഹം സെനറ്റില്‍ യുഎസ്-ഇന്ത്യ പ്രതിരോധ സഹകരണ നിയമം എന്ന ബില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയ്ക്കെതിരായ ഭീഷണികളെ ചെറുക്കാന്‍ അമേരിക്ക പിന്തുണയ്ക്കുമെന്നും എതിരാളികളെ തടയാന്‍ ഇന്ത്യക്ക് ആവശ്യമായ സുരക്ഷാ സഹായം നല്‍കുമെന്നുമായിരുന്നു ബില്ലിലെ ഉള്ളടക്കം. പ്രതിരോധം, സിവില്‍ സ്പേസ്, സാങ്കേതികവിദ്യ, മെഡിസിന്‍, സാമ്പത്തിക നിക്ഷേപങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി സഹകരിക്കുമെന്നും ബില്ലില്‍ ഉണ്ടായിരുന്നു.
സാങ്കേതിക കൈമാറ്റം സംബന്ധിച്ച് യുഎസ് സഖ്യകക്ഷികളായ ജപ്പാന്‍, ഇസ്രായേല്‍, കൊറിയ, നാറ്റോ തുടങ്ങിയ യുഎസ് സഖ്യകക്ഷികളുടെ അതേ പദവിയില്‍ ഇന്ത്യയെ പരിഗണിക്കണമെന്നും ബില്ലില്‍ പറയുന്നു. യുഎസ് വിദേശകാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നത് ഉള്‍പ്പെടെയുള്ള ചുമതലകള്‍ സ്റ്റേറ്റ് സെക്രട്ടറിയില്‍ നിക്ഷിപ്തമാണ്. പ്രസിഡന്റിന്റെ മുഖ്യ വിദേശകാര്യ ഉപദേഷ്ടാവ് ആണ് സ്റ്റേറ്റ് സെക്രട്ടറി. അമേരിക്കയിലെ ഏറ്റവും വലിയ ഉന്നത നയതന്ത്രജ്ഞ പദവിയാണിത്.












Click it and Unblock the Notifications