ട്രംപിന് ഇതെന്ത് പറ്റി? ചൈനീസ് വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് യുഎസ്; 'അമേരിക്കന്‍ കോളേജുകളെ രക്ഷിക്കണം'
വാഷിംഗ്ടണ്‍: ചൈനയുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടെ സുപ്രധാന നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 600,000 ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ് കോളേജുകളില്‍ പഠിക്കാന്‍ അനുമതി നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇക്കാര്യത്തില്‍ ചൈനയുമായി ഒത്തുപോകാന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനം ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപിന്റെ നയപരമായ മാറ്റം.
ചൈനീസ് വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുമെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. അവരില്ലെങ്കില്‍ അമേരിക്കന്‍ കോളേജ് സംവിധാനം വളരെ വേഗത്തില്‍ നരകത്തിലേക്ക് പോകും എന്നും ട്രംപ് പറഞ്ഞതായി ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍, ഏകദേശം 270,000 ചൈനീസ് വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍ സ്ഥാപനങ്ങളില്‍ ചേര്‍ന്നിട്ടുണ്ട്.

ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ അമേരിക്കയിലുള്ള ഏറ്റവും വലിയ വിദ്യാര്‍ത്ഥി സമൂഹം ചൈനക്കാരാണ്. ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍, യുഎസ് ചൈനയുമായി വളരെ നന്നായി യോജിക്കുന്നു എന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും താന്‍ വളരെ നന്നായി യോജിക്കുന്നു എന്നും ട്രംപ് പറഞ്ഞു.
'വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ വരാന്‍ കഴിയില്ലെന്ന് പറയുന്നത് വളരെ അപമാനകരമാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ വന്നില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? നമ്മുടെ കോളേജ് സിസ്റ്റം വളരെ വേഗം നരകത്തിലേക്ക് പോകും,'' അദ്ദേഹം പറഞ്ഞു.
ചൈനീസ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതില്‍ യുഎസിന് ബഹുമതിയാണ് എന്ന് ഷി ജിന്‍പിംഗിനോട് ട്രംപ് നേരിട്ട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം സുരക്ഷാ പരിശോധനകള്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണും ബീജിംഗും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചര്‍ച്ചകള്‍ക്കിടയിലാണ് ട്രംപിന്റെ പിന്മാറ്റം. യുഎസില്‍ ചൈനീസ് വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റം ഒരു ചര്‍ച്ചാ വിഷയമായി ഉയര്‍ന്നുവന്നിട്ടുണ്ട്.
'അവരുടെ വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ അനുവദിക്കില്ലെന്ന് പറയുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഞാന്‍ കേള്‍ക്കുന്നു. ഞങ്ങള്‍ അവരുടെ വിദ്യാര്‍ത്ഥികളെ അകത്തേക്ക് വരാന്‍ അനുവദിക്കും. ഇത് വളരെ പ്രധാനമാണ്, 600,000 വിദ്യാര്‍ത്ഥികള്‍. ഞങ്ങള്‍ ചൈനയുമായി യോജിക്കാന്‍ പോകുന്നു,' അദ്ദേഹം പറഞ്ഞു.
2023 ല്‍, ചൈനയും ഇന്ത്യയും ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് 50 ബില്യണ്‍ ഡോളറിലധികം സംഭാവന നല്‍കി. പല സര്‍വകലാശാലകളും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഉയര്‍ന്ന ട്യൂഷന്‍ ഫീസിനെ വളരെയധികം ആശ്രയിക്കുന്നു. അതില്‍ ഏറ്റവും വലിയ പങ്ക് ചൈനീസ് വിദ്യാര്‍ത്ഥികളാണ്. വ്യാപാര ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥി വിസ സംബന്ധിച്ച ട്രംപിന്റെ വാഗ്ദാനം.
ചൈനീസ് പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്കോ സെന്‍സിറ്റീവ് ഗവേഷണ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കോ ഉള്ള വിസകള്‍ റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications