വ്യാപാര തര്‍ക്കങ്ങള്‍ക്കിടയിലും മോദിയെ പുകഴ്ത്തി ട്രംപ്; ഇന്ത്യയുമായി വ്യാപാര കരാര്‍ ഉടനെന്ന് വാഗ്ദാനം
ദാവോസ്: ഇന്ത്യയുമായുള്ള താരിഫ് തര്‍ക്കങ്ങള്‍ ഒരു വശത്ത് തുടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നരേന്ദ്ര മോദിയെ അതിശയിപ്പിക്കുന്ന നേതാവ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക ഉച്ചകോടിക്കിടെയാണ് മോദിയെയും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെയും പ്രകീര്‍ത്തിച്ച് ട്രംപ് രംഗത്തെത്തിയത്.
'നിങ്ങളുടെ പ്രധാനമന്ത്രിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹം അതിശയിപ്പിക്കുന്ന മനുഷ്യനും എന്റെ സുഹൃത്തുമാണ്. ഇരു രാജ്യങ്ങള്‍ക്കും നല്ല കരാര്‍ ലഭിക്കും' - ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേലുള്ള താരിഫ് 50 ശതമായി ഉയര്‍ത്തിയതിന്റെ പേരിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ട്രംപിന്റെ അഭിനന്ദനം എന്നത് ശ്രദ്ധേയമാണ്. നരേന്ദ്ര മോദിയെ തന്റെ ഉത്തമ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച ട്രംപ് ഇരു രാജ്യങ്ങളും തമ്മില്‍ ഉടന്‍ തന്നെ വ്യാപാര കരാറില്‍ ഒപ്പുവെക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
അതേസമയം, ട്രംപിന്റെ സൗഹൃദ പ്രകടനങ്ങള്‍ക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ റഷ്യയുമായി ഇന്ത്യ സൗഹൃദം തുടരുന്നതും എണ്ണ വാങ്ങുന്നതും ട്രംപിനെ അസ്വസ്ഥനാക്കിയിരുന്നു.
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍, യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ തീരുവ 50 ശതമാനം വരെ ട്രംപ് ഭരണകൂടം വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വ്യാപാര കരാറിന്റെ ഭാവിയും അനിശ്ചിതത്വത്തിലായി. കഴിഞ്ഞ കുറേ മാസങ്ങളായി ഇരു രാജ്യങ്ങളുടെ പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഒരു അന്തിമ കരാറില്‍ എത്താന്‍ സാധിക്കാത്തത് അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നുണ്ട്.
ഇതുകൂടാതെ, തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്കു മേലുള്ള തീരുവ 500 ശതമാനമായി ഉയര്‍ത്താന്‍ ട്രംപിന് അധികാരം നല്‍കുന്ന ബില്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന ചില പ്രസ്താവനകളും ഈ വിഷയത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റിനെ നേരിട്ട് വിളിക്കാത്തതിനാല്‍ വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടുവെന്നാണ് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക് ആരോപിച്ചത്. എന്നാല്‍ ഇന്ത്യ ഈ അവകാശവാദങ്ങള്‍ തള്ളി. പുതിയ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ചര്‍ച്ചകള്‍ ക്രിയാത്മകമായി തുടരുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
ദാവോസിലെ തന്റെ പ്രസംഗത്തില്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ കരുത്തിനെക്കുറിച്ചും ട്രംപ് സംസാരിച്ചു. തന്റെ ഭരണത്തിന്റെ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാകുമ്പോള്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥ ലോകത്തിന്റെ തന്നെ സാമ്പത്തിക എന്‍ജിനായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയില്‍ ഉല്‍പ്പാദനക്ഷമതയും നിക്ഷേപവും വര്‍ദ്ധിച്ചതായും പണപ്പെരുപ്പം കുറഞ്ഞതായും ചൂണ്ടിക്കാട്ടിയ അദ്ദേഹം, അമേരിക്കയുടെ സാമ്പത്തിക പുരോഗതി ലോകത്തിന് മുഴുവന്‍ ഗുണകരമാകുമെന്നും അവകാശപ്പെട്ടു.












Click it and Unblock the Notifications