മസ്ക് യുഎസ് പ്രസിഡന്റാകുമോ എന്ന് ചോദ്യം, ഇല്ലെന്ന് ഉറപ്പിച്ചുപറഞ്ഞ് ട്രംപ്, കാരണവും വ്യക്തമാക്കി
നിയുക്ത യു എസ് പ്രസിഡന്റ് ട്രംപിന് വളരെ വേണ്ടപ്പെട്ട ആളാണ് ഇലോൺ മസ്ക്. വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിൽ ഇലോൺ മസ്കിന് വളരെയേറെ പ്രാധാന്യം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ട്രംപ് മസ്കിന് നൽകുന്ന പ്രത്യേക പരിഗണന കാരണം വരാനിരിക്കുന്ന ഭരണത്തിൽ "പ്രസിഡൻ്റ് മസ്‌ക്" ആയിരിക്കുമെന്ന തരത്തിൽ പരിഹാസങ്ങൾ ഉയർന്നുവന്നിരുന്നു. മസ്ക് യു എസ് പ്രസിഡന്റ് ആകുമോ എന്ന ചോദ്യം ഇപ്പോഴും ഉയർന്നുവരുന്നുണ്ട്.
എന്നാൽ ഇപ്പോൾ മസ്കിന് എന്നെങ്കിലും പ്രസിഡന്റ് ആകാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ട്രംപ്. മസ്കിന് പ്രസിഡന്റ് ആകാൻ കഴിയില്ല എന്നാണ് ട്രംപ് പറഞ്ഞത്. അതിനുള്ള കാരണവും പറഞ്ഞു. " അദ്ദേഹം പ്രസിഡന്റാകാൻ പോകുന്നില്ല. അത് ഞാൻ നിങ്ങളോട് പറയാം. എന്തുകൊണ്ട് അദ്ദേഹത്തിന് പ്രസിഡന്റ് ആകാൻ കഴിയാത്തത് എന്ന് നിങ്ങൾക്കറിയാമോ? അദ്ദേഹം ഈ രാജ്യത്ത് അല്ല ജനിച്ചത്. " ഡൊണാൾഡ് ട്രംപ് പറഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് ഇലോൺ മസ്ക് ജനിച്ചത്.

അതേ സമയം മസ്ക്കിനെ കുറിച്ച് ട്രംപിന് മികച്ച അഭിപ്രായമാണ് ഉള്ളത്. മികച്ച ജോലിയാണ് അദ്ദേഹം ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു. മസ്ക് സർക്കാർ കാര്യക്ഷമതയുടെ പുതിയ വകുപ്പിന്റെ തലവനാകുമെന്നും ട്രംപ് പറഞ്ഞു. അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവുകൾ നിയന്ത്രിക്കുക എന്നിവ വകുപ്പിന്റെ ചുമതലയിൽപ്പെടുന്നു. സർക്കാരിന്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനുമാണ് ട്രംപിന്റെ തീരുമാനം.
സർക്കാർ കാര്യക്ഷമത വകുപ്പ് കൈകാര്യം ചെയ്യുന്ന മസ്കും വിവേക് രാമസ്വാമിയും സർക്കാരിന് പുറത്ത് നിന്ന് വൈറ്റ് ഹൗസിന് ഉപദേശം നൽകുമെന്ന് ട്രംപ് പറഞ്ഞിരുന്നു. സർക്കാർ ചെലവുകളുടെ മേൽനോട്ടം മസ്കിന് നൽകുമെന്ന് പ്രചാരണ സമയത്ത് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. പ്രചാരണ വേളയിൽ ട്രംപിന് പിന്തുണയുമായി മസ്ക് ഉണ്ടായിരുന്നു.
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം നേടിയ ശേഷം മസ്കിന് പുകഴ്ത്തി ട്രംപ് രഗത്തെത്തിയിരുന്നു. മസ്കിനെ സൂപ്പർ ജീനിയസ് എന്നായിരുന്നു ട്രംപ് വിളിച്ചത്. മസ്കിന് നന്ദി പറയുകയും ചെയ്തു. ട്രംപിന്റെ വിജയത്തിൽ മസ്ക് നിർണായക പങ്ക് വഹിച്ചിരുന്നു. ട്രംപ് ഭരണത്തിൽ മസ്കിന് വലിയ പ്രാധാന്യമുണ്ടാകുമെന്ന് വ്യക്തവുമാണ്. മസ്കായിരിക്കും ഭരണം നിയന്ത്രിക്കുക എന്ന ചർച്ചകളും ഉയരുന്നുണ്ട്. ഈ വിമർശനങ്ങൾ സജീവമാകുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.












Click it and Unblock the Notifications