'ഇങ്ങനെയുണ്ടോ വൃത്തി'; മസ്‌കിന്റെ മകന്‍ മൂക്കില്‍ വിരലിട്ട് മേശയില്‍ തുടച്ചു; ഡെസ്‌ക് മാറ്റിസ്ഥാപിച്ച് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും അടുത്ത വിശ്വസ്തനാണ് ശതകോടീശ്വരനും സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്‌ക്. രണ്ടാം വരവില്‍ ട്രംപ് ഭരണകൂടം രൂപം നല്‍കിയ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലപ്പത്ത് മസ്‌കിനെ അവരോധിക്കുകയും ചെയ്തു. അമേരിക്കന്‍ ഭരണകൂടത്തില്‍ നിര്‍ണായക സ്വാധീനമായി മസ്‌ക് വളര്‍ന്നു വരുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. എന്നാല്‍ ഈ സൗഹൃദത്തിന് ട്രംപിന്റെ യഥാര്‍ത്ഥ സ്വഭാവത്തെ മാറ്റാന്‍ കഴിയില്ലെന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അടുത്തിടെ മസ്‌ക് തന്റെ നാലു വയസുകാരനായ മകന്‍ എക്സിനെ പ്രസിഡന്റിന്റെ ഓവല്‍ ഓഫീസിലേക്ക് കൊണ്ടുവന്നിരുന്നു. ട്രംപിന്റെ അടുത്ത നിന്ന നാലു വയസുകാരന്‍ മൂക്കില്‍ വിരലിടുന്നതും തുടര്‍ന്ന് ട്രംപിന്റെ മേശയില്‍ ആ വിരല്‍ തുടയ്ക്കുന്നതും അമേരിക്കന്‍ മാധ്യമങ്ങള്‍ പകര്‍ത്തിയിരുന്നു. ഇപ്പോഴിതാ ആ മേശ തന്നെ മാറ്റി പുതിയ മേശ സ്ഥാപിച്ചിരിക്കുകയാണ് ട്രംപ്. 145 വര്‍ഷം പഴക്കമുള്ള ചരിത്രപ്രധാന്യമുള്ള റെസല്യൂട്ട് ഡെസ്‌ക്കാണ് മാറ്റിസ്ഥാപിച്ചത്.

പുതിയ മേശയുള്ള ഓവല്‍ ഓഫീസിന്റെ ചിത്രം തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവയ്ക്കുകയും ചെയ്തു. അതേസമയം മസ്‌കിന്റെ മകന്റെ പ്രവൃത്തി കൊണ്ടാണോ മേശ മാറ്റിയതെന്ന് സ്ഥിരീകരിക്കുന്നില്ല. ട്രംപ് തന്നെ ഒരു ജെര്‍മോഫോബ് എന്ന് സ്വയം വിശേഷിപ്പിക്കാറുണ്ട്. സ്വയം രോഗാണുഭയമുള്ളയാളെ വിളിക്കുന്ന പേരാണ് ജെര്‍മോഫോബ്. ഇതുമായി ചേര്‍ത്തുവച്ചാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്.
ചിത്രത്തിനൊപ്പം നല്‍കിയ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു - 'പ്രസിഡന്റ് ട്രംപിന് ഏഴ് ഡെസ്‌കുകളില്‍ ഒരെണ്ണം തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചു. മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷും മറ്റുള്ളവരും ഉപയോഗിച്ചിരുന്ന 'സി & ഒ' എന്ന ഡെസ്‌ക്കാണ്, റെസല്യൂട്ട് ഡെസ്‌ക്കിനു പകരമായി വൈറ്റ് ഹൗസില്‍ താല്‍ക്കാലികമായി മാറ്റിസ്ഥാപിച്ചിരിക്കുന്നത്.
റെസല്യൂട്ട് ഡെസ്‌ക്ക് അറ്റകുറ്റപ്പണിക്കായി മാറ്റിയിരിക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം.
അമേരിക്കന്‍ ചരിത്രത്തില്‍ റെസല്യൂട്ട് ഡെസ്‌ക്കിന് വലിയ പ്രാധാന്യമുണ്ട്. അമേരിക്കന്‍ പ്രസിഡന്റിനു മാത്രമാണ് റെസല്യൂട്ട് ഡെസ്‌ക്കില്‍ അവകാശമുള്ളത്. 1880 ല്‍ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥര്‍ഫോര്‍ഡ് ബി. ഹെയ്സിന് സമ്മാനിച്ചാണിത്. ഒരു കാലത്ത് ബ്രിട്ടീഷ് നാവിക സേനയുടെ ഭാഗമായിരുന്ന എച്ച്എംഎസ് റെസല്യൂട്ടിന്റെ ഓക്ക് തടികള്‍ കൊണ്ടാണ് റെസല്യൂട്ട് ഡെസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാലാണ് മേശ മാറ്റിസ്ഥാപിച്ചതിന് ഇത്ര വാര്‍ത്താപ്രാധാന്യം കൈവന്നതും. റഥര്‍ഫോര്‍ഡ് ബി. ഹെയ്സ് മുതല്‍ നിരവധി പ്രസിഡന്റുമാര്‍ ഈ ഡെസ്‌ക് ഉപയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications