യുദ്ധം ഞാന്‍ വിചാരിക്കുമ്പോള്‍ നിര്‍ത്തും; ഇറാനില്‍ ഇനി ആക്രമിക്കാന്‍ ഒന്നും ബാക്കിയില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇറാനുമായുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ മാധ്യമമായ ആക്‌സിയോസിന് നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ഇറാന്റെ സൈനിക ശേഷി ഏതാണ്ട് പൂര്‍ണമായും തകര്‍ക്കപ്പെട്ടെന്നും ഇനി അവിടെ ആക്രമിക്കാന്‍ ലക്ഷ്യങ്ങളൊന്നും ബാക്കിയില്ലെന്നും ട്രംപ് പറഞ്ഞു. താന്‍ ആഗ്രഹിക്കുന്ന ഏത് സമയത്തും യുദ്ധം നിര്‍ത്താന്‍ തനിക്ക് കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്‍ ഇനി പരീക്ഷണങ്ങള്‍ക്കു മുതിരരുതെന്നും മുതിര്‍ന്നാല്‍ ആ രാജ്യത്തിന്റെ അവസാനമായിരിക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.
യുഎസിന്റെ സൈനിക നടപടിയുടെ ലക്ഷ്യങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തിയായതായും ചെറിയ ചില കാര്യങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ നാവിക സേനയും വ്യോമ സേനയും ആശയവിനിമയ സംവിധാനങ്ങളും പൂര്‍ണമായും തകര്‍ന്നുവെന്നും മിസൈലുകളും ഡ്രോണുകളും തകര്‍ക്കപ്പെട്ടതോടെ സൈനികപരമായി ഇറാന്‍ അപ്രസക്തമായെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ ഇനി എന്തെങ്കിലും തരത്തിലുള്ള പ്രകോപനങ്ങള്‍ക്ക് മുതിര്‍ന്നാല്‍ അത് ആ രാജ്യത്തിന്റെ തന്നെ അവസാനമായിരിക്കുമെന്ന കടുത്ത മുന്നറിയിപ്പാണ് ട്രംപ് നല്‍കിയത്. ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, അവ ഉടന്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ യുദ്ധം അവസാനിക്കാറായെന്ന ട്രംപിന്റെ വാദത്തോട് ഇസ്രയേല്‍ പൂര്‍ണമായും യോജിക്കുന്നില്ല. ഇറാനിലെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെയും അവിടുത്തെ ഭരണകൂടം മാറുന്നത് വരെയും ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു. അമേരിക്കയുമായി ചേര്‍ന്നുള്ള ഈ സംയുക്ത സൈനിക നീക്കം സമയപരിധിയില്ലാതെ തുടരുമെന്നും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ ഓരോ ദിവസവും ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപ് സ്വന്തം നിലയില്‍ ഇറാനു മേല്‍ വിജയ പ്രഖ്യാപനം നടത്തുമ്പോഴും പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഇപ്പോഴും രൂക്ഷമായി തന്നെ തുടരുകയാണ്. ഇറാന്റെ തിരിച്ചടി മൂലം ഗള്‍ഫ് രാജ്യങ്ങളാണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്നു പറഞ്ഞിട്ടും ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെയുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ ഇറാന്‍ തുടരുകയാണ്.












Click it and Unblock the Notifications