'ഭീകരതയുടെ വേരറുക്കും'; സൊമാലിയയില്‍ വ്യോമാക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെതായി ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് പദവിയില്‍ തിരിച്ചെത്തിയതോടെ ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന കര്‍ക്കശ നിലപാടുകളാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. തന്റെ രാജ്യത്തിന് ഭീഷണിയാകുന്ന ഭീകരരെ വച്ചുപൊറുപ്പില്ലെന്ന് ട്രംപ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ, ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ വേരുറപ്പിച്ചിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെതായും ട്രംപ് വ്യക്തമാക്കി.
ഗുഹകളില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് തങ്ങള്‍ കൊലപ്പെടുത്തിയതെന്നും സാധാരണക്കാര്‍ക്ക് ആപത്തൊന്നും സംഭവിച്ചില്ലെന്നും ട്രംപ് സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. തന്റെ നിര്‍ദേശമനുസരിച്ചാണ് യു.എസ് സൈന്യം ആക്രമണം നടത്തിയത്. അതേസമയം, എത്ര പേര്‍ മരിച്ചു എന്നതു സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് സ്ഥരീകരിക്കാനായിട്ടില്ല. ഐഎസിന്റെ മുതിര്‍ന്ന നേതാവിനെയും ആക്രമണത്തില്‍ ലക്ഷ്യമിട്ടതായി ട്രംപ് വെളിപ്പെടുത്തിയെങ്കിലും ഇതാരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

സൊമാലിയയിലെ വിദൂര മേഖലകളിലെ ഗുഹകളില്‍ ഒളിച്ചു താമസിച്ച് ഭീകര പ്രവര്‍ത്തനം നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങള്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എന്നും ഭീഷണിയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഈ വിഷയത്തില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ കുറ്റപ്പെടുത്താനും ബൈഡന്‍ മറന്നില്ല. സൈന്യം വര്‍ഷങ്ങളായി സൊമാലിയയിലെ ഐഎസ് ആസൂത്രകനെ ലക്ഷ്യമിട്ടിരുന്നെങ്കിലും ബൈഡനും അദ്ദേഹത്തിന്റെ കൂട്ടാളികളും ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.
ഐഎസിനുള്ള മുന്നറിയിപ്പും ട്രംപ് തന്റെ പോസ്റ്റിലൂടെ നല്‍കി. 'ഐഎസിനും അമേരിക്കക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കുമുള്ള സന്ദേശമാണിത്, 'ഞങ്ങള്‍ നിങ്ങളെ കണ്ടെത്തി നശിപ്പിക്കും'.
ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം അമേരിക്കന്‍ സൈന്യത്തിന്റെ ആദ്യ സൈനിക നടപടിയാണിത്. സൊമാലിയന്‍ സര്‍ക്കാരുമായി ഏകോപിപ്പിച്ചാണ് സൈനിക നടപടിയുണ്ടായിരിക്കുന്നത്. സൊമാലിയ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മുഹമ്മദും ഇക്കാര്യം സ്ഥിരീകരിച്ചു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയുടെ പ്രതിബന്ധതയെ അംഗീകരിക്കുന്നുവെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള നടപടികളെ സ്വാഗതം ചെയ്യുന്നുവെന്നും സൊമാലിയന്‍ പ്രസിഡന്റ് എക്‌സില്‍ കുറിച്ച ഒരു പോസ്റ്റില്‍ പറഞ്ഞു. ഏറ്റവും പുതിയ സൈനിക നടപടി തീവ്രവാദത്തിനെതിരേ സൊമാലിയയും അമേരിക്കയും തമ്മിലുള്ള ശക്തമായ സുരക്ഷാ പങ്കാളിത്തത്തെ അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യോമാക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും ഒരു സാധാരണക്കാരനും പരിക്കേറ്റിട്ടില്ലെന്നുമാണ് പ്രാഥമിക നിഗമനമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഒരു പ്രസ്താവനയില്‍ അറിയിച്ചു.
നൂറുകണക്കിന് ഐഎസ് തീവ്രവാദികളാണ് സൊമാലിയയില്‍ താമസിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ രാജ്യത്തുണ്ടാകുന്ന നിരവധി ആക്രമണങ്ങള്‍ക്കു പിന്നില്‍ ഐഎസ് തീവ്രവാദികളാണ്. ഇവരെ ലക്ഷ്യമിട്ട് മുന്‍പും യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications