സ്റ്റീലിനും അലൂമിനിയത്തിനും 25% താരിഫ്... കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമുള്ള ട്രംപിന്റെ പണിയോ?
വാഷിംഗ്ടണ്‍: എല്ലാ സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കും 25 ശതമാനം താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയ താരിഫ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ള ലോഹ ഇറക്കുമതിയ്ക്കായിരിക്കും താരിഫ് വര്‍ധന ഏര്‍പ്പെടുത്തുക എന്ന കാര്യം ട്രംപ് വ്യക്തമാക്കിയിട്ടില്ല.
മറ്റ് രാജ്യങ്ങള്‍ ചുമത്തുന്ന താരിഫ് നിരക്കുകളുമായി യു എസ് പൊരുത്തപ്പെടും എന്നും ഇത് എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാകും എന്നും അദ്ദേഹം പറഞ്ഞു. ''വളരെ ലളിതമായി പറഞ്ഞാല്‍ മറ്റ് രാജ്യങ്ങള്‍ ഞങ്ങളോട് പണം ഈടാക്കുകയാണെങ്കില്‍, ഞങ്ങള്‍ അവരില്‍ നിന്ന് നിരക്ക് ഈടാക്കും,'' പരസ്പര താരിഫ് പ്ലാന്‍ വിശദീകരിച്ച് കൊണ്ട് ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു.

പരസ്പര താരിഫ് പ്ലാനിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കുന്നതിന് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് ട്രംപ് പറഞ്ഞു. 2016-2020 കാലയളവിലെ തന്റെ ആദ്യ ടേമില്‍ ട്രംപ് സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് കാനഡ, മെക്‌സിക്കോ, ബ്രസീല്‍ എന്നിവയുള്‍പ്പെടെ നിരവധി വ്യാപാര പങ്കാളികള്‍ക്ക് ഡ്യൂട്ടി ഫ്രീ ക്വാട്ടകള്‍ അനുവദിച്ചു.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ബ്രിട്ടന്‍, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലേക്ക് ഈ ക്വാട്ടകള്‍ വിപുലീകരിച്ചിരുന്നു. അതേസമയം സമീപ വര്‍ഷങ്ങളില്‍ യുഎസ് സ്റ്റീല്‍ മില്‍ കപ്പാസിറ്റി വിനിയോഗം കുറഞ്ഞിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, കാനഡ, ബ്രസീല്‍, മെക്‌സിക്കോ എന്നിവയാണ് യുഎസ് സ്റ്റീല്‍ ഇറക്കുമതിയുടെ ഏറ്റവും വലിയ ഉറവിടങ്ങള്‍.
ദക്ഷിണ കൊറിയയും വിയറ്റ്‌നാമും ആണ് തൊട്ടുപിന്നില്‍. അമേരിക്കയിലേക്കുള്ള പ്രാഥമിക അലുമിനിയം ലോഹത്തിന്റെ ഏറ്റവും വലിയ വിതരണക്കാരാണ് കാനഡ. 2024-ലെ ആദ്യ 11 മാസങ്ങളിലെ മൊത്തം ഇറക്കുമതിയുടെ 79 ശതമാനവും കാനഡയില്‍ നിന്നായിരുന്നു. അമേരിക്കയിലേക്കുള്ള അലുമിനിയം സ്‌ക്രാപ്പിന്റെയും അലുമിനിയം അലോയ്യുടെയും പ്രധാന വിതരണക്കാരാണ് മെക്‌സിക്കോ.
വാഹന ഇറക്കുമതിയില്‍ യൂറോപ്യന്‍ യൂണിയന്‍ 10 ശതമാനം താരിഫ് ആണ് ഈടാക്കുന്നത്. അമേരിക്കയുടെ 2.5 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ് ഇത് എന്ന് ട്രംപ് പണ്ടേ പരാതിപ്പെട്ടിരുന്നു. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം യുഎസിലെ വ്യാപാര-വെയ്റ്റഡ് ശരാശരി താരിഫ് നിരക്ക് ഏകദേശം 2.2 ശതമാനമാണ്. ഇന്ത്യയ്ക്ക് 12 ശതമാനവും ബ്രസീലിന് 6.7 ശതമാനവും വിയറ്റ്‌നാമിന് 5.1 ശതമാനവും യൂറോപ്യന്‍ യൂണിയന് 2.7 ശതമാനവുമാണ്.












Click it and Unblock the Notifications