അമേരിക്കയില്‍ റേഡിയോ അവതാരകന്‍ എഫ്.ബി.ഐ ഡെപ്യൂട്ടി ഡയറക്ടര്‍; നിയമിച്ചത് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയില്‍ റേഡിയോ അവതാരകനെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) ഡെപ്യൂട്ടി ഡയറക്ടറായി പ്രഖ്യാപിച്ചു. ടോക്ക് ഷോ അവതാരകനായ ഡാന്‍ ബോംഗിനോയെ എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്തേക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് നാമനിര്‍ദേശം ചെയ്തത്.
ഡാന്‍ ബോംഗിനോയുടെ നിയമനം സ്ഥിരീകരിച്ച് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത് ഇങ്ങനെ - 'അമേരിക്കന്‍ നീതിന്യായവ്യവസ്ഥയ്ക്ക് ഒരു സന്തോഷവാര്‍ത്ത. നമ്മുടെ രാജ്യത്തോട് അവിശ്വസനീയമായ സ്‌നേഹവും അഭിനിവേശവുമുള്ള ഡാന്‍ ബോംഗിനോയെ എഫ്ബിഐയുടെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു'. എഫ്.ബി.ഐ ഡയറക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലിന്റെ നിര്‍ദേശപ്രകാരമാണ് ഡാന്‍ ബോംഗിനോയുടെ നിയമനം.

ബോംഗിനോ, ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലും ഡാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്‍സിയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സീക്രട്ട് സര്‍വീസിലെ സ്പെഷ്യല്‍ ഏജന്റായിരുന്നു. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും പ്രശസ്തനായ പോഡ്കാസ്റ്റര്‍മാരില്‍ ഒരാളാണ്. പുതിയ ദൗത്യത്തിനായി തന്റെ അവതാരകക്കുപ്പായം ഉപേക്ഷിക്കാന്‍ അദ്ദേഹം തയാറാണ് - ട്രംപ് കുറിച്ചു.
'യുണൈറ്റഡ് സ്റ്റേറ്റ്‌സ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, ഡയറക്ടര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പമുള്ള ഡാനിന്റെ പ്രവര്‍ത്തത്തിലൂടെ അമേരിക്കന്‍ നീതിന്യായവ്യവസ്ഥയില്‍ സുതാര്യതയും ക്രമസമാധാനവും ഉറപ്പുവരുത്താന്‍ കഴിയും', അഭിനന്ദനങ്ങള്‍ ഡാന്‍ - ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ കുറിപ്പിന് ഡാന്‍ നന്ദി അറിയിച്ചിട്ടുണ്ട്. 'പ്രസിഡന്റ് ട്രംപ്, അറ്റോര്‍ണി ജനറല്‍ ബോണ്ടി, ഡയറക്ടര്‍ പട്ടേല്‍ എന്നിവര്‍ക്ക് നന്ദി' എന്നാണ് ബോംഗിനോ സമൂഹ മാധ്യമത്തില്‍ കുറിച്ചത്.
ഫെബ്രുവരി 22-നാണ് എഫ്ബിഐ ഡയറക്ടറായി ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തത്. ഭഗവത് ഗീതയില്‍ കൈ വച്ചാണ് ഗുജറാത്ത് വംശജനായ കാഷ് പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇതിനു പിന്നാലെയാണ് ഡെപ്യൂട്ടി ഡയറക്ടറായി ഡാന്‍ ബോംഗിനോയുടെ നിയമനം.












Click it and Unblock the Notifications