പുതിയ ഉടമസ്ഥന് വില്ക്കാന് ടിക്ടോക്കിന് വീണ്ടും സമയം നീട്ടി നല്കി ട്രംപ്; പ്രതികരിക്കാതെ ചൈനീസ് കമ്പനി
വാഷിങ്ടണ്‍: ചൈനീസ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ടിക്ടോക്കിന് പുതിയ ഉടമസ്ഥനെ കണ്ടെത്താന്‍ സമയം നീട്ടി അനുവദിച്ച് അമേരിക്കന്‍ ഭരണകൂടം. ചൈനയ്ക്ക് പുറത്തുള്ള ഒരു കമ്പനിക്ക് വില്ക്കാന് ടിക്ടോക്കിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുവദിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സമയം നീട്ടിനല്‍കുന്നത്.
ദേശീയ സുരക്ഷാ കാരണങ്ങളാല്‍ അമേരിക്കയിലെ പ്രവര്‍ത്തനം തുടരാന്‍ കഴിയില്ലെന്നാണ് യുഎസ് അധികൃതര്‍ ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടിക്ടോക്കിന്റെ ഉടമസ്ഥാവകാശം കുറഞ്ഞത് 50 ശതമാനമെങ്കിലും അമേരിക്കന്‍ കമ്പനിക്ക് കൈമാറാന്‍ ചൈന തയാറാകണമെന്നും അല്ലാത്തപക്ഷം നിരോധനം ഏര്‍പ്പെടുത്തുമെന്നും അമേരിക്ക നേരത്തെ അറിയിച്ചിരുന്നു.
ഒന്നിലധികം പുതിയ നിക്ഷേപകരെ ഉള്‍പ്പെടുത്തി അമേരിക്കയില്‍ ടിക് ടോക്കിന്റെ പ്രവര്‍ത്തനം അടച്ചുപൂട്ടുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ തേടാനാണ് ട്രംപ് ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ഈ നിര്‍ദേശത്തോട് ടിക്ടോക് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

'ടിക് ടോക്കിനെ രക്ഷിക്കാനുള്ള ഒരു കരാറില്‍ ഏര്‍പ്പെടാന്‍ ഭരണകൂടം വളരെയധികം കഠിനാധ്വാനം ചെയ്തുവരികയാണ്, ഞങ്ങള്‍ വളരെയധികം പുരോഗതി കൈവരിച്ചു' - ടിക്ടോക് വില്‍ക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ട്രംപ് തന്റെ സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. ഈ ഇടപാടിന് കൂടുതല്‍ ജോലികള്‍ ബാക്കിയുണ്ടെന്നും അതുകൊണ്ടാണ് ടിക് ടോക്ക് 75 ദിവസത്തേക്ക് കൂടി പ്രവര്‍ത്തിപ്പിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിടുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ഒരു പരിഹാരത്തിനായി യുഎസ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ബൈറ്റ്ഡാന്‍സ് കമ്പനി സ്ഥിരീകരിച്ചു. നിലവില്‍ ഒരു കരാറും നടപ്പാക്കിയിട്ടില്ലെന്നും ചൈനീസ് നിയമത്തിന് വിധേയമായിട്ടായിരിക്കും തീരുമാനമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലെ യുവതലമുറയ്ക്കിടയില്‍ ഏറെ ജനപ്രീതിയുള്ള ആപ്പാണ് ടിക്ടോക്. 170 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് അമേരിക്കയില്‍ മാത്രം ടിക്ടോക്കിനുള്ളത്. ഈ ജനപ്രീതി തന്നെയാണ് ടിക്ടോക്കിന് വിനയായത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ടിക്ടോക് വില്പനയ്ക്കുള്ള നീക്കങ്ങള്‍ അന്നത്തെ ബൈഡന് ഭരണകൂടം ആരംഭിച്ചത്. അതേസമയം, യു.എസ് പൗരന്മാര്ക്ക് വിദേശ മാധ്യമങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശം നിഷേധിക്കുന്നത് അമേരിക്കന്‍ ഭരണഘടനയിലെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ടിക്ടോക് വാദിക്കുന്നത്.
അതിനിടെ, ടിക്ടോക് അമേരിക്കയ്ക്ക് വില്ക്കാന് തയാറായാല്‍ ചൈനയ്ക്ക് മേല്‍ അമേരിക്ക ചുമത്തിയിട്ടുള്ള താരിഫ് കുറയ്ക്കുമെന്ന വാഗ്ദാനവും ട്രംപ് മുന്നോട്ടുവച്ചിട്ടുണ്ട്. ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോടെ ടിക്ടോക്കിന് നീട്ടി നല്കിയ സമയപരിധി ജൂണ്‍ 19 നാണ് അവസാനിക്കുന്നത്.
ചൈനീസ് ഉല്പന്നത്തിന്റെ ആധിപത്യത്തിന് നല്കിയ തിരിച്ചടി
അമേരിക്കന്‍ സമൂഹ മാധ്യമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ചൈനീസ് ഉല്പന്നമായ ടിക് ടോക് അതിവേഗം വളരുന്നതില്‍ അമേരിക്കയിലെ ജനപ്രതിനിധികള്‍ക്കിടയില്‍ എതിര്‍പ്പ് ശക്തമായിരുന്നു. അമേരിക്കയും ചൈനയും തമ്മില്‍ നയതന്ത്ര ബന്ധം വഷളായി നില്ക്കുന്ന സാഹചര്യം കൂടിയായിരുന്നു അത്. അതിനാല്‍ അമേരിക്കയിലെ യുവതലമുറയ്ക്കിടയില്‍ ഒരു ചൈനീസ് കമ്പനി ആധിപത്യം നേടിയെടുക്കുന്നത് ഭാവിയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന നിരീക്ഷണങ്ങളും ഉണ്ടായി.
രാജ്യസുരക്ഷയ്ക്ക് ഭീഷണി എന്ന വാദമാണ് പ്രധാനമായും യുഎസ് കോണ്‍ഗ്രസ് ടിക് ടോക്കിനെതിരെ ഉയര്‍ത്തിയത്. ചൈനീസ് ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ നടപ്പാക്കാന്‍ ടിക് ടോക്കിനെ ഉപയോഗിച്ചേക്കുമെന്നും യുഎസ് ഭരണകൂടം ആശങ്കപ്പെട്ടു. യുവാക്കളുടെ മാനസികാരോഗ്യത്തെയും ടിക്ടോക് ബാധിക്കുന്നതായുള്ള ആശങ്കകള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു.
യുവാക്കള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് തങ്ങളുടെ ശേഷി വിനിയോഗിക്കേണ്ടതിന് പകരം കൂടുതല്‍ സമയം ടിക് ടോക്കില്‍ ചെലവഴിക്കുന്നുവെന്നും അവരില്‍ കുറ്റവാസനകള്‍ വര്‍ധിക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. അമേരിക്കയില്‍ ആ സമയത്ത് നടന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളുടെ പ്രചോദനം ടിക്ടോക് ആണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതെല്ലാം ടിക്ടോക്കിന്റെ നിരോധനമെന്ന ആവശ്യത്തിന് മൂര്‍ച്ച കൂട്ടി.
ടിക്ടോക്കിന് നിരോധനമേര്‍പ്പെടുത്തി 2024 ഏപ്രിലിലാണ് ജോ ബൈഡന് സര്‍ക്കാര്‍ ഫെഡറല്‍ നിയമം പാസാക്കിയത്. പുതിയ നിയമം അനുസരിച്ച് ഒമ്പത് മാസമാണ് ടിക് ടോക്കിന് സമയം അനുവദിച്ചത്. ഈ സമയ പരിധിക്കുള്ളില്‍ ടിക് ടോക്കിനെ ഒരു യുഎസ് കമ്പനിക്ക് വില്‍ക്കണം. ഈ നിര്‍ദേശം അനുസരിച്ചാല്‍ ടിക് ടോക്കിന് യുഎസില്‍ സേവനം തുടരാം. എന്നാല്‍ അതിന് തയാറായില്ലെങ്കില്‍, നിയമം പ്രാബല്യത്തില്‍ വരുന്ന അന്ന് മുതല്‍ ടിക്ടോക് നിരോധിക്കപ്പെടും. എന്നാല്‍ ബൈറ്റ്ഡാന്‍സോ ചൈനീസ് ഭരണകൂടമോ ഈ നിര്‍ദേശം അനുസരിച്ചില്ല.
നിയമത്തിനെതിരേ ചൈനീസ് കമ്പനി യുഎസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അനുകൂല നിലപാടെടുത്തില്ല. ഇതോടെയാണ് ടിക്ടോക്കിന്റെ സേവനം തുടരുന്നത് നിലച്ചത്. ഈ വര്‍ഷം ജനുവരി 18 നാണ് ടിക് ടോക് അമേരിക്കയില്‍ ഔദ്യോഗികമായി സേവനം അവസാനിപ്പിച്ചത്. പിന്നാലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ നിരാശരാക്കി ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക്ടോക് അപ്രത്യക്ഷമാകുകയും ചെയ്തു.
അതേസമയം, ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയത് ടിക്ടോക്കിന് താല്‍ക്കാലികമായി ഗുണം ചെയ്തു. അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് ടിക്ടോക് നിരോധനം നീട്ടിവെയ്ക്കുകയാണ്. ഇതോടെ, ബൈഡന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ നിന്ന് താത്കാലികമായി രക്ഷപ്പെട്ട ടിക്ടോക് അമേരിക്കയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
നിരോധനം നടപ്പാക്കാനുള്ള സമയപരിധി 75 ദിവസത്തേക്ക് (ഏപ്രില്‍ അഞ്ച്) നീട്ടി നല്‍കിയതിനൊപ്പം പുതിയ നിബന്ധനയും മുന്നോട്ടുവച്ചു. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള ബന്ധമുപേക്ഷിച്ചാല്‍ നിരോധനം ഒഴിവാക്കാമെന്നാണ് ബൈഡന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെങ്കില്‍, ട്രംപ് ആവശ്യപ്പെടുന്നത് കമ്പനിയുടെ പകുതി അവകാശമാണ്. ടിക്ടോക്കിന്റെ 50 ശതമാനം ഓഹരി കൈമാറാനാണ് ട്രംപ് ആവശ്യപ്പെടുന്നത്. പൂര്‍ണമായും ചൈനീസ് ഉല്പന്നത്തിന്റെ വളര്‍ച്ചയ്ക്ക് തടയിടുന്നതിന് ഒപ്പം ആപ്പിന് മേല്‍ അമേരിക്കയ്ക്ക് നേരിട്ട് നിരീക്ഷണം സാധ്യമാക്കുന്ന രീതിയിലാണ് ട്രംപ് ഈ നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത്.
അതേസമയം, ചൈനീസ് സര്‍ക്കാര്‍ ഈ നീക്കത്തിന് അനുകൂലമായി പ്രതികരിച്ചെങ്കില്‍ മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ. അല്ലാത്തപക്ഷം, കമ്പനിക്കെതിരേ കടുത്ത നടപടികള്‍ക്ക് ട്രംപ് മുതിര്‍ന്നേക്കാം. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് പാസാക്കിയ നിയമമനുസരിച്ച് ടിക്ടോക് മാത്രമല്ല, ചൈനയുടെ മറ്റേത് ആപ്പിനെയും നിരോധിക്കാനുള്ള അധികാരം ഇപ്പോള്‍ യുഎസ് സര്‍ക്കാരിനുണ്ട്. അതേസമയം, കമ്പനികള്‍ സ്വതന്ത്രമായി തീരുമാനമെടുക്കട്ടെ എന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ നേരത്തെ പ്രതികരിച്ചിട്ടുള്ളത്.
അതിനിടെ, ടിക്ടോക്കിനെ രക്ഷിക്കാന്‍ അവസാന നിമിഷം ടെസ്ല, എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക് മുന്നോട്ടുവരുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും അതിന് സ്ഥിരീകരണമുണ്ടായില്ല. ടിക്ടോകിനെ സ്വന്തമാക്കാന്‍ യുഎസിലെ വമ്പന്‍ കമ്പനികള്‍ മത്സരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍, സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഒറാക്കിള്‍, ബ്ലാക്ക്സ്റ്റോണ്‍ ഗ്രൂപ്പ്, പ്രോജക്റ്റ് ലിബര്‍ട്ടി എന്നിവ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ടിക് ടോക് ഇടപാടില്‍ താല്‍പ്പര്യമുള്ള നാല് വ്യത്യസ്ത ഗ്രൂപ്പുകളുമായി ട്രംപ് ഭരണകൂടം ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ടിക്ടോക് വില്പനയ്ക്കുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് ജെഡി വാന്‍സാണ് നേതൃത്വം നല്‍കുന്നത്.
ടിക് ടോക്കിന്റെ കാര്യം അനിശ്ചിതാവസ്ഥയില്‍ തുടരുന്നതിനാല്‍ അമേരിക്കക്കയില്‍ നിരവധി പേരാണ് ബദല്‍ ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ റെഡ്നോട്ടിലേക്ക് മാറുന്നത്. ആപ്പിളിന്റെ യുഎസ് ആപ്പ് സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത് ഇപ്പോള്‍ റെഡ് നോട്ടാണ്.
-
ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ സമയപരിധി നീട്ടി ട്രംപ്; 'ചർച്ചകൾ നല്ല രീതിയിൽ നടക്കുന്നു' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications