ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ; യുഎസിന്റെ 47ാം പ്രസിഡന്റ്..സത്യവാചകം ചൊല്ലി അധികാരമേറ്റ് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: യുഎസിന്റെ 47ാം പ്രസിഡന്റ് ആയി അധികാരമേറ്റ് ഡൊണാൾഡ് ട്രംപ്. കാപിറ്റോൾ മന്ദിരത്തിന് ഉള്ളിലെ റോട്ടിൻഡ ഹാളിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റായി ജെ ഡി വാൻസായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത് . പിന്നാലെയായരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. ഇത് രണ്ടാം തവണയാണ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി അധികാരമേൽക്കുന്നത്. 2016 ലായിരുന്നു ആദ്യമായി ട്രംപ് പ്രസിഡന്റായി അധികാരമേറ്റത്. അമേരിക്കയിൽ രണ്ട് തവണ പ്രസിഡന്റായ വ്യക്തിയെന്ന റെക്കോഡാണ് ട്രംപ് ഇതോടെ സ്വന്തമാക്കിയത്.

1861-ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല്‍ തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ. തുടക്കത്തിൽ ക്യാപിറ്റോളിന് പുറത്തായിരുന്നു ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും കഠിനശൈത്യത്തിന്റെ പശ്ചാലത്തിൽ ചടങ്ങുകൾ കാപിറ്റോൾ മന്ദിരത്തിന് അകത്തേക്ക് മാറ്റുകയായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാൻ ലോകനേതാക്കൾ അടക്കമുള്ള പ്രമുഖർ വാഷിങ്ടണിൽ എത്തിയിരുന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുൻ പ്രസിഡന്റ് ബരാക് ഒബാമ, ഹിലരി ക്ലിന്റൺ തുടങ്ങിയവരെല്ലാം ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വ്യവസായി മുകേഷ് അംബാനി, ഭാര്യ നിത അംബാനി എന്നിവരെല്ലാവരും ചടങ്ങിൽ പങ്കെടുത്തു.
അതേസമയം ഭരണത്തിലേറിയതിന് പിന്നാലെ അതിരൂക്ഷമായ ഭാഷയിലാണ് ബൈഡൻ ഭരണകുടത്തിനെതിരെ ട്രംപ് വിമർശനം ഉന്നയിച്ചത്. രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്നതിൽ സർക്കാർ വൻ പരാജയമായിരുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. താൻ അധികാരത്തിലേറിയതോടെ അമേരിക്കയിൽ സുവർണയുഗം പിറന്നുവെന്ന് ബൈഡൻ അവകാശപ്പെട്ടു. ഇനി മുതൽ അമേരിക്കയിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും. അമേരിക്കയെ അഭിവൃദ്ധിയുടെ ചിറകിലേറ്റും. രാജ്യത്തിന്റെ പരമാധികാരം തിരിച്ചുപിടിക്കും, ഇനി അമേരിക്കയെ ലോകരാജ്യങ്ങൾ ബഹുമാനത്തോടെ കാണുമെന്നും ട്രംപ് പറഞ്ഞു.
കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിൽ കടുത്ത നടപടയാകും സ്വീകരിക്കുകയെന്ന് തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ ട്രംപ് വ്യക്തമാക്കി. അനധികൃത കുടിയേറ്റം തടയാൻ തെക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും ട്രംപ് വ്യക്തമാക്കി. രാജ്യത്ത് ഇനി മുതൽ ആൺ-പെൺ എന്ന രണ്ട് ജെന്ററുകൽ മാത്രമേ ഉണ്ടാകൂവെന്നും ട്രാൻസ്ജെന്ററുകൾക്ക് രാജ്യത്ത് സ്ഥാനം ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി.












Click it and Unblock the Notifications