യുദ്ധം തീരുന്നു.. വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; 'യുഎസ് കമ്പനികള്‍ക്ക് ഡിജിറ്റല്‍ സേവന നികുതി പാടില്ല'
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ ഇറാനുമായി സമാധാന കരാറിന് ശ്രമിക്കുന്നതിനിടെ വീണ്ടും താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത താരിഫ് ചുമത്തും എന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തി.
ഇത്തരം നികുതികള്‍ നടപ്പിലാക്കുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനം വരെ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് വഴി ഉയര്‍ന്ന ചുങ്കം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ട കുറിപ്പിലാണ് ഡൊണാള്‍ഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. നിലവിലുള്ള വ്യാപാര കരാറുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിക്കൊണ്ടായിരിക്കും ഈ പ്രതികാര നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ആസ്ഥാനമായുള്ള പ്രമുഖ കമ്പനികളെ ഏതെങ്കിലും രീതിയില്‍ ലക്ഷ്യമിട്ടുള്ള ഒരു സാമ്പത്തിക നിയന്ത്രണവും തങ്ങള്‍ അംഗീകരിച്ചു നല്‍കില്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ വിപണിയെ വന്‍തോതില്‍ ആശ്രയിച്ചു കഴിയുന്ന പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മറ്റു വികസ്വര രാജ്യങ്ങള്‍ക്കും പുതിയ നീക്കം വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യുഎസ് വിപണിയിലേക്കുള്ള വിദേശ കയറ്റുമതിയെ നേരിട്ട് ബാധിക്കുന്ന ഇത്തരം ഉയര്‍ന്ന ചുങ്കങ്ങള്‍ ഇരുപക്ഷവും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളെ ആകെ തകിടം മറിക്കാന്‍ സാധ്യതയുള്ളവയാണ്. അന്താരാഷ്ട്ര തലത്തില്‍ ഇതൊരു പുതിയ വ്യാപാര യുദ്ധത്തിന് വഴിയൊരുക്കുമെന്ന ആശങ്കയും പരക്കെയുണ്ട്.
ഡിജിറ്റല്‍ സര്‍വീസസ് ടാക്‌സ് അഥവാ ഡിഎസ്ടി എന്നത് ഇന്റര്‍നെറ്റ് അധിഷ്ഠിത പരസ്യങ്ങള്‍, വിവരശേഖരണങ്ങള്‍, ഓണ്‍ലൈന്‍ വിപണികള്‍ എന്നിവയിലൂടെ വന്‍തോതില്‍ വരുമാനം ഉണ്ടാക്കുന്ന സാങ്കേതിക കമ്പനികളുടെ മൊത്തം ലാഭത്തിന് മേല്‍ ചുമത്തുന്ന ഒരു നികുതിയാണ്. ഗൂഗിള്‍, ആപ്പിള്‍, മെറ്റാ, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ പല രാജ്യങ്ങളില്‍ നിന്നും വലിയ ലാഭം കൊയ്യുന്നുണ്ടെങ്കിലും അതത് രാജ്യങ്ങളില്‍ കൃത്യമായ നികുതി ഒടുക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി.
തങ്ങളുടെ രാജ്യങ്ങളിലെ ഉപഭോക്താക്കളെ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന വിപണിയില്‍ തന്നെ കമ്പനികള്‍ നികുതി നല്‍കണമെന്നാണ് പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളുടെ വാദം. എന്നാല്‍, ഈ പുതിയ ഡിജിറ്റല്‍ നികുതികള്‍ അമേരിക്കന്‍ ബിസിനസ് സംരംഭങ്ങളെ നേരിട്ട് അടിച്ചമര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്. ഇത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ നശിപ്പിക്കുമെന്നും ആഭ്യന്തര കമ്പനികളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അമേരിക്ക വാദിക്കുന്നു.
ടെക്‌നോളജി രംഗത്തെ വലിയ വിപ്ലവങ്ങളെയും ആഗോളതലത്തില്‍ കമ്പനികള്‍ നടത്തുന്ന തന്ത്രപ്രധാനമായ നിക്ഷേപങ്ങളെയും സാമ്പത്തിക സുരക്ഷിതത്വത്തെയും ചോദ്യം ചെയ്യുന്നതാണ് വിദേശരാജ്യങ്ങളുടെ ഈ നികുതി നയം എന്ന് യുഎസ് കോണ്‍ഗ്രസ് നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം നീക്കങ്ങളെ എന്ത് വിലകൊടുത്തും പ്രതിരോധിക്കാന്‍ തങ്ങളുടെ ഭരണകൂടം സജ്ജമാണെന്നാണ് ഡൊണാള്‍ഡ് ട്രംപ് അടിവരയിട്ട് പറയുന്നത്.
ഡിജിറ്റല്‍ നികുതിയെച്ചൊല്ലി വാഷിംഗ്ടണും യൂറോപ്യന്‍ സര്‍ക്കാരുകളും തമ്മില്‍ വര്‍ഷങ്ങളായിട്ട് തുടരുന്ന സാമ്പത്തിക പോരാട്ടത്തിന്റെ ഒരു പുതിയ അധ്യായത്തിലാ് ഈ നികുതി പ്രഖ്യാപനം. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു താല്‍ക്കാലിക വ്യാപാര ധാരണയിലെത്താന്‍ ഇരുവിഭാഗങ്ങള്‍ക്കും കഴിഞ്ഞിരുന്നെങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ സര്‍വീസ് ടാക്‌സ് തര്‍ക്കങ്ങളില്‍ ഇതുവരെ വലിയ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല.
പരിഹാരമില്ലാത്ത ഈ പ്രതിസന്ധി വ്യാപാര സൗഹൃദ അന്തരീക്ഷത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അമേരിക്കന്‍ സാങ്കേതിക കമ്പനികള്‍ക്ക് മേല്‍ രണ്ട് ശതമാനം പ്രത്യേക ഡിജിറ്റല്‍ നികുതി ചുമത്തിയ ബ്രിട്ടനെതിരെ കനത്ത ചുങ്ക നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ, ഡിജിറ്റല്‍ നികുതിയുമായി മുന്നോട്ട് പോയ ഫ്രാന്‍സിനെതിരെ അവരുടെ വിദേശ വൈന്‍ ഇറക്കുമതിക്ക് 100 ശതമാനം വരെ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുമെന്നും അമേരിക്ക ഭീഷണി മുഴക്കിയിരുന്നു.















Click it and Unblock the Notifications