യുഎസ് ഡോളറിന്റെ ആധിപത്യത്തെ വെല്ലുവിളിച്ചാല്‍... വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്
വാഷിങ്ടണ്‍: ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മയ്‌ക്കെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിക്‌സ് രാജ്യങ്ങള്‍ യുഎസ് ഡോളറിന്റെ ആധിപത്യത്തെ വെല്ലുവിളിച്ചാല്‍ 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ബ്രിക്‌സ് കൂട്ടായ്മ വേഗത്തില്‍ ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നും പരിഹസിച്ചു.
വൈറ്റ്ഹൗസില്‍ ഒരു പരിപാടിക്കിടെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശങ്ങള്‍. യുഎസ് ഡോളറിന്റെ ആഗോള ആധിപത്യം ദുര്‍ബലപ്പെടുത്താന്‍ ബ്രിക്‌സ് കൂട്ടായ്മ ശ്രമിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. ട്രംപിന്റെ വാക്കുകള്‍: ബ്രിക്‌സ് എന്നൊരു കൂട്ടായ്മ നമുക്കുണ്ട്. അതിന്റെ പ്രഭ വേഗത്തില്‍ ക്ഷയിച്ച് കൊണ്ടിരിക്കുകയാണ്. അവര്‍ ഡോളറിനെയും ഡോളറിന്റെ ആധിപത്യത്തെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

ബ്രസീല്‍ റഷ്യ ഇന്ത്യ ചൈന ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെട്ടിരുന്ന ബ്രിക്‌സ് സഖ്യം കഴിഞ്ഞ വര്‍ഷം ഈജിപ്റ്റ്, എത്യോപ്യ, ഇന്തോനേഷ്യ ഇറാന്‍ സൗദി അറേബ്യ യുഎഇ എന്നിവ ഉള്‍പ്പെടുത്തി വികസിപ്പിച്ചിരുന്നു. ആഗോള വ്യാപാരത്തില്‍ പ്രാദേശിക കറന്‍സികളെ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് ഈ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്. യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനെ കുറിച്ചും ഈ രാജ്യങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് ട്രംപ് ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരെ ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കുന്നത്. ഈ കൂട്ടായ്മ ഭാവിയില്‍ തങ്ങള്‍ക്കെതിരായ ലക്ഷ്യങ്ങളോടെ വളര്‍ന്നാല്‍ അതിനെ ഒറ്റയടിക്ക് ഇല്ലാതാക്കും എന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ ഏകപക്ഷീയമായ താരിഫുകളെ അപലപിച്ചും ഇറാന് എതിരായ യുഎസ്, ഇസ്രായേല്‍ ആക്രമണങ്ങളെ വിമര്‍ശിച്ചും ബ്രിക്‌സ് ഒരു സംയുക്ത പ്രഖ്യാപനം അംഗീകരിച്ചിരിക്കുന്നു. ഗാസയിലെ യുദ്ധത്തില്‍ ഇസ്രയേലിനെ വിമര്‍ശിച്ച ബ്രിക്സ് പ്രമേയം, ഗാസയില്‍ ഉപാധികളില്ലാതെ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ് വന്നത്. അമേരിക്കയ്ക്ക് ഒരു ബദല്‍ ശക്തിയായി ബ്രിക്‌സ് കൂട്ടായ്മ വളരുന്നുവെന്ന ആശങ്കയും ട്രംപിനുണ്ട്.












Click it and Unblock the Notifications