ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും
വാഷിങ്ടണ്‍: ഇസ്രായേലും ഇറാനും തമ്മിലുള്ള പ്രത്യാക്രമണങ്ങള്‍ 26-ാം ദിവസവും തുടരുന്നതിനിടെ, മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ 15 നിര്‍ദേശങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ഒരു സമാധാന കരാറിനായി ആഗ്രഹിക്കുന്നുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് 15 നിര്‍ദേശങ്ങളടങ്ങിയ ഒരു കരട് കരാര്‍ ട്രംപ് ഭരണകൂടം ഇറാന് കൈമാറിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. റോയിട്ടേഴ്‌സാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്.
പാകിസ്ഥാന്‍ വഴി നിര്‍ദേശങ്ങള്‍ അമേരിക്ക ഇറാന് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഹോര്‍മുസ് കടലിടുക്കിനെ സ്വതന്ത്ര നാവിക മേഖലയായി നിലനിര്‍ത്തുക, ഇറാന്റെ ആണവ പദ്ധതികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക, ഈ വ്യവസ്ഥകള്‍ ഇറാന്‍ അംഗീകരിക്കുകയാണെങ്കില്‍ നിലവിലുള്ള ഉപരോധങ്ങള്‍ നീക്കം ചെയ്യുക എന്നിവയാണ് ഈ പദ്ധതിയിലെ പ്രധാന വ്യവസ്ഥകളെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇറാനും ഇത് അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളില്ല.

വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, ഇറാനിലെ യഥാര്‍ത്ഥ പ്രതിനിധികളുമായി തന്റെ ഭരണകൂടം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ഉപദേശകന്‍ ജാരേദ് കുഷ്‌നര്‍ എന്നിവര്‍ ഈ ചര്‍ച്ചകളില്‍ സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും സമീപകാലത്തുണ്ടായ സൈനിക നീക്കങ്ങള്‍ ഇറാനില്‍ ഭരണമാറ്റത്തിന് തുല്യമായ സാഹചര്യം സൃഷ്ടിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. എണ്ണ, ഗ്യാസ് വിതരണം, ഹോര്‍മുസ് കടലിടുക്ക് എന്നിവയുമായി ബന്ധപ്പെട്ട് ലോകത്തിന് വലിയൊരു ശുഭവാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി.
സംഘര്‍ഷം തുടരുന്നതിനിടെ ഇറാന്റെ ഏക ആണവനിലയമായ ബുഷെഹറിന് നേരെ വീണ്ടും ആക്രമണം നടന്നതായി ഇറാന്റെ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ അറിയിച്ചു. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമാണിതെന്ന് ഇറാന്‍ ആരോപിച്ചു. റഷ്യന്‍ സഹായത്തോടെ നിര്‍മ്മിച്ച ഈ നിലയത്തിന് ആക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ റേഡിയേഷന്‍ ചോര്‍ച്ചയോ സംഭവിച്ചിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ആണവ നിലയങ്ങള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഗള്‍ഫ് മേഖലയിലാകെ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുമെന്ന് ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി.
ഇസ്രായേലിലും ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടെല്‍ അവീവിന് സമീപമുള്ള ബ്‌നീ ബ്രാക്കില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ആറ് കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ഇസ്രായേലിന്റെ അടിയന്തര ആരോഗ്യ സേവന വിഭാഗമായ മേഗന്‍ ഡേവിഡ് അഡോം അറിയിച്ചു. ആക്രമണം നടന്ന പ്രദേശങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്ന് കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. സമാധാന ചര്‍ച്ചകള്‍ സജീവമാകുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ തുടരുന്നത് പശ്ചിമേഷ്യയില്‍ കനത്ത ആശങ്ക നിലനിര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications