'ഹോർമുസ് കടലിടുക്ക് ഇനി ഞങ്ങൾ ഭരിക്കും'; ഇറാനെ വെല്ലുവിളിച്ച് ട്രംപിന്റെ വൻ പ്രഖ്യാപനം
പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള പോര് വൻ യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടെ, ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുതിയ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഘത്ത്. ലോകത്തെ മൊത്തം എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന നിർണ്ണായകമായ 'ഹോർമുസ് കടലിടുക്കിന്റെ' നിയന്ത്രണം ഇനി അമേരിക്ക ഏറ്റെടുക്കുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ ഫോൺ അഭിമുഖത്തിലാണ് ട്രംപ് തന്റെ പദ്ധതി തുറന്നുപറഞ്ഞത്.
"ആ കടലിടുക്ക് ഞങ്ങളുടെ കയ്യിൽ തന്നെ വെക്കും, മിക്കവാറും ഞങ്ങളായിരിക്കും ഇനി അത് ഭരിക്കാൻ പോകുന്നത്. ഞങ്ങൾ അവിടുത്തെ കാവൽക്കാരാകും. വേണമെങ്കിൽ 'ഹോർമുസ് കടലിടുക്കിന്റെ കാവൽ മാലാഖ' എന്ന് വിളിച്ചോളൂ. ലോകത്തെ പ്രധാനപ്പെട്ട കപ്പൽ പാതയ്ക്ക് ഞങ്ങൾ കാവൽ നിൽക്കുമ്പോൾ അതിനുള്ള പണം തിരികെ തരാൻ മറ്റു രാജ്യങ്ങൾ തയ്യാറാകണം," ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ. അന്താരാഷ്ട്ര കപ്പൽ ഗതാഗത നിയമപ്രകാരം ഈ പാത തുറന്നുകിടക്കണമെന്നാണ് അമേരിക്കയുടെ വാദം. എന്നാൽ ഇതിനെതിരെ ഇറാൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു കഴിഞ്ഞു. അമേരിക്ക തങ്ങളുടെ അനുവാദമില്ലാതെ ഹോർമുസിൽ ഇടപെട്ടാൽ ശക്തമായി നേരിടുമെന്നാണ് ഇറാന്റെ മിലിട്ടറി കമാൻഡ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാത്രമല്ല, അമേരിക്കയെ സഹായിക്കുന്ന മറ്റ് ഗൾഫ് രാജ്യങ്ങളെ ഇറാന്റെ ശത്രുക്കളായി കാണുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

അഭിമുഖത്തിൽ ഇറാനെതിരെ കടുത്ത ഭഷയിലാണ് ട്രംപ് പ്രതികരിച്ചത്. ചർച്ചകളിൽ ഓരോ മിനിറ്റിലും നിലപാട് മാറ്റുന്ന പ്രൊഫഷണൽ കള്ളൻമാരാണ് ഇറാന്റെ ഭരണാധികാരികൾ എന്ന് ട്രംപ് പരിഹസിച്ചു. ഒപ്പം മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോർജ്ജ് ബുഷ്, ബിൽ ക്ലിന്റൺ എന്നിവർ ഇറാനെ വെറുതെ വിട്ടതുകൊണ്ടാണ് അവർ ഇത്രയും ശക്തരായതെന്നും ട്രംപ് കുറ്റപ്പെടുത്തി. താൻ മുൻപ് അധികാരത്തിൽ ഇരുന്നപ്പോൾ ഇറാനുമായുള്ള ആണവക്കരാർ റദ്ദാക്കിയത് വലിയ നേട്ടമായി അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ, 2020-ൽ ഇറാന്റെ സൈനിക തലവൻ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചതിനെയും ട്രംപ് ന്യായീകരിച്ചു. സുലൈമാനി അതിബുദ്ധിമാനായ ഒരു ഭ്രാന്തൻ ജനറലായിരുന്നു എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
താൻ ബി-2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയില്ലായിരുന്നെങ്കിൽ ഇറാൻ ഇതിനകം ആണവായുധം ഉണ്ടാക്കുമായിരുന്നു എന്നും ട്രംപ് അവകാശപ്പെട്ടു. നിലവിൽ ഗൾഫ് മേഖലയിൽ ഇരുവിഭാഗവും കടുത്ത ആക്രമണങ്ങളാണ് നടത്തുന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരുകയാണ്. അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ വിട്ടപ്പോൾ തിരിച്ച് റഷ്യൻ വിമാനങ്ങൾ ഇറാനിൽ എത്തിയതും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ്.


Click it and Unblock the Notifications