ഖമേനിയെ ഒളിപ്പിച്ച സ്ഥലം അറിയാം, നിരുപാധികം കീഴടങ്ങണം; ഇറാന് അമേരിക്കയുടെ അന്ത്യശാസനം
വാഷിംട്ഗണ്‍: ഇറാന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി എവിടെയാണ് എന്ന് തങ്ങള്‍ക്ക് അറിയാം എന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സമ്പൂര്‍ണ കീഴടങ്ങലിന് ഇറാന്‍ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലും ഇറാനും തമ്മില്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഈ ഘട്ടത്തില്‍ യു എസ് ഖമേനി എവിടെയാണ് ഉള്ളത് എന്ന് തങ്ങള്‍ വെളിപ്പെടുത്തില്ല എന്നും എന്നാല്‍ അമേരിക്കയുടെ ക്ഷമ നശിച്ച് കൊണ്ടിരിക്കുകയാണ് എന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 'സുപ്രീം ലീഡര്‍' എന്ന് വിളിക്കപ്പെടുന്നയാള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പ ലക്ഷ്യമാണ്, പക്ഷേ അവിടെ സുരക്ഷിതനാണ് - ഞങ്ങള്‍ അദ്ദേഹത്തെ ഇപ്പോള്‍ പുറത്താക്കാന്‍ പോകുന്നില്ല' ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.

എന്നാല്‍ സാധാരണക്കാര്‍ക്കോ അമേരിക്കന്‍ സൈനികര്‍ക്കോ നേരെ മിസൈലുകള്‍ തൊടുത്താല്‍ സാഹചര്യം മാറും എന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. നേരത്തെ ടെഹ്റാനില്‍ നിന്ന് സാധാരണക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.
ഇത് ഇസ്രായേല്‍, ഇറാനെതിരെ സമ്പൂര്‍ണ യുദ്ധം ആരംഭിക്കുകയാണ് എന്ന പ്രതീതി സൃഷ്ടിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം, കാനഡയിലെ ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള തന്റെ സന്ദര്‍ശനം വെട്ടിച്ചുരുക്കി ട്രംപ് വാഷിംഗ്ടണിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. 'ഞാന്‍ ഒരു വെടിനിര്‍ത്തല്‍ നോക്കുന്നില്ല. ഒരു വെടിനിര്‍ത്തലിനേക്കാള്‍ മികച്ച ഒരു അവസാനം ഇതിന് ഞങ്ങള്‍ കാണുന്നു,' യുഎസിലേക്കുള്ള മടക്കയാത്രയില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നയതന്ത്രപരമായ ഇടവേളയ്ക്ക് പകരം ഒരു സംഘര്‍ഷ സാധ്യതയുടെ സൂചന നല്‍കുന്നതായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനില്‍ ഇതിനകം 200 ലധികം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ കൂടുതലും സാധാരണക്കാരാണ്. കുറഞ്ഞത് 24 ഇസ്രായേലി സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇരുവിഭാഗങ്ങളും തമ്മില്‍ ശക്തമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ആണ് ഈ ദിവസങ്ങളില്‍ നടന്നത്. ചൊവ്വാഴ്ച രാത്രിയും ആക്രമണം തുടര്‍ന്നു, ഇറാന്‍ ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികളുമായി കൂടുതല്‍ മുന്നോട്ട് പോകുന്നത് തടയാന്‍ ഈ ആക്രമണങ്ങള്‍ ആവശ്യമാണെന്ന് ഇസ്രായേല്‍ പക്ഷം.


Click it and Unblock the Notifications