മോദി ഭരിക്കുന്ന ഇന്ത്യ ആക്രമിക്കപ്പെട്ടാൽ ഇടപെടും'; പ്രധാനമന്ത്രിയെ വാനോളം പ്രശംസിച്ച് ട്രംപ്
ജി7 ഉച്ചക്കോടിക്കിടെ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മോദി നേതാവായിരിക്കുന്നിടത്തോളം ഇന്ത്യയ്ക്കായി താൻ ഉണ്ടാകുമെന്നാണ് ട്രംപ് പറഞ്ഞത്. രാജ്യം ഏതെങ്കിലും തരത്തിലുള്ള ആക്രമണം നേരിട്ടാൽ സഹായിക്കാൻ അമേരിക്ക മുന്നിലുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ എപ്പോഴെങ്കിലും ആക്രമണത്തിന് ഇരയായാൽ അമേരിക്ക സഹായിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപിൻ്റെ പരാമർശം. "മോദി നേതാവായിരിക്കുന്നിടത്തോളം ഇന്ത്യയ്ക്കായി ഞാൻ ഉണ്ടാകും. പുതിയൊരു നേതാവാണെങ്കിൽ അതിനെക്കുറിച്ച് ഉറപ്പില്ല," എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. താൻ ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃത്താണെന്ന് വ്യക്തമാക്കിയ ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രിക്ക് വാഷിങ്ടണിൽ വലിയ ആദരവാണുള്ളതെന്നും കൂട്ടിച്ചേർത്തു.

കൂടിക്കാഴ്ചയിൽ വ്യാപാരം, പ്രതിരോധ സഹകരണം, പശ്ചിമേഷ്യയിലെ സാഹചര്യം, ഇന്ത്യൻ നാവികരുടെ സുരക്ഷ തുടങ്ങി നിരവധി വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തു. ഇറാനുമായി എന്തെങ്കിലും ധാരണയിലെത്തുകയാണെങ്കിൽ അതിൽ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതും പ്രധാന ഘടകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോദി പറഞ്ഞു. സമീപകാല സംഘർഷങ്ങളിൽ ജീവൻ നഷ്ടമായ ഇന്ത്യൻ നാവികരുടെ വിഷയം മോദി ട്രംപിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. വിഷയം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അതിൻമേൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് മോദിയെ അറിയിച്ചു.
ഇതിനിടെ മോദിയെ ട്രംപ് വാനോളം പുകഴ്ത്തി. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ചർച്ചക്കാരിൽ ഒരാളാണ് മോദിയെന്ന് ട്രംപ് പറഞ്ഞു. "മോദി വളരെ സൗമ്യനായി തോന്നും. പക്ഷേ കാര്യങ്ങൾ നേടിയെടുക്കുന്നതിൽ അതീവ മിടുക്കനാണ്," എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും കൂടിക്കാഴ്ചയിൽ നടന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ വിപുലപ്പെടുത്താനുള്ള സാധ്യതകൾ നേതാക്കൾ വിലയിരുത്തി.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും അമേരിക്ക-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും ചർച്ചയിൽ ഇടംപിടിച്ചു. മേഖലയിലെ സ്ഥിരത, ഊർജ സുരക്ഷ, അന്താരാഷ്ട്ര വ്യാപാര പാതകളുടെ സുരക്ഷ എന്നിവ സംബന്ധിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി.
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അവിടെ ചർച്ചയായത്.












Click it and Unblock the Notifications