ട്രംപിന്റെ ആകെ ആസ്തി അറിയാമോ? ഒക്ടോബറില്‍ മാത്രം കൂടിയത് ഇരട്ടിയോളം..! ജയമുറപ്പിച്ചോ?
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുകയാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസും തമ്മില്‍ ശക്തിയേറിയ മത്സരമാണ് നടക്കുന്നത് എന്നാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധരുടേയെല്ലാം നിരീക്ഷണം.
അതിനിടെ ഈ മാസം ഡൊണാള്‍ഡ് ട്രംപിന്റെ ആസ്തിയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫോര്‍ബ്‌സ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ തുടക്കത്തില്‍ 4 ബില്യണ്‍ ഡോളറില്‍ താഴെയായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ ആസ്തി. എന്നാല്‍ ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം ട്രംപിന്റെ ആസ്തി 8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

ഫോര്‍ബ്സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ ട്രാക്കര്‍ അനുസരിച്ച് ട്രംപ് ലോകത്തിലെ ഏറ്റവും സമ്പന്നരായ 357-ാമത്തെ വ്യക്തിയാണ്. ട്രംപിന്റെ സോഷ്യല്‍ മീഡിയ കമ്പനിയുടെ ഓഹരികള്‍ ജൂണ്‍ 5 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ഗണ്യമായി വര്‍ധിക്കാന്‍ ഇടയാക്കിയത്. ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിന്റെ മാതൃ കമ്പനിയായ ട്രംപ് മീഡിയ ചൊവ്വാഴ്ച ഏകദേശം 9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
ഇതോടെ ട്രംപ് മീഡിയ & ടെക്നോളജി ഗ്രൂപ്പിന്റെ ഓഹരി വില 51.51 ഡോളര്‍ എന്ന നിലയിലെത്തി. ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പിന് 10 ബില്യണ്‍ ഡോളറിലധികം മൂല്യമുണ്ട്. ഇലോണ്‍ മസ്‌ക്കിന്റെ എക്സിന്റെ മൂല്യത്തേക്കാള്‍ കൂടുതലാണ് ഇത്. ഒക്ടോബറില്‍ ട്രംപിന്റെ ആസ്തി ഇരട്ടിയായപ്പോള്‍ ട്രംപ് മീഡിയയുടെ ഓഹരി വില 16.16 ഡോളറില്‍ നിന്ന് മൂന്നിരട്ടിയായി. അതായത് ഏകദേശം 249.2% വര്‍ധനവ്.
എന്നാല്‍ ട്രംപ് മീഡിയയുടെ ഓഹരി വര്‍ധനവ് കമ്പനിയുടെ സാമ്പത്തിക പ്രകടനവുമായി ബന്ധപ്പെട്ടുള്ളതല്ല എന്നാണ് ഫോര്‍ബ്‌സ് പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയസാധ്യതയുമായി ബന്ധപ്പെട്ടാണ് ഓഹരിയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ഹോള്‍ഡിംഗ്‌സില്‍ നിന്നും ഡൊണാള്‍ഡ് ട്രംപിന് വലിയൊരു തുക വരുമാനമായി ലഭിക്കുന്നുണ്ട്.
ന്യൂയോര്‍ക്കില്‍ ട്രംപ് ടവറും മൂന്ന് വീടുകളും ലാസ് വെഗാസിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലും അദ്ദേഹത്തിന്റെ ഉടമസ്ഥതതയില്‍ ഉണ്ട്. മാര്‍-എ-ലാഗോ ക്ലബ്, ആറ് യുഎസ് ഗോള്‍ഫ് കോഴ്സുകള്‍, മിയാമി റിസോര്‍ട്ട്, മൂന്ന് യൂറോപ്യന്‍ ഗോള്‍ഫ് കോഴ്സുകള്‍ എന്നിവയുള്‍പ്പെടെ അദ്ദേഹത്തിന്റെ മറ്റ് സ്വത്തുക്കളുടെ മൂല്യം 810 മില്യണ്‍ ഡോളറാണ്. ട്രംപിന് 410 മില്യണ്‍ ഡോളറിലധികം പണവും ലിക്വിഡ് ആസ്തികളും 100 മില്യണ്‍ ഡോളറിന്റെ മറ്റ് ആസ്തികളുമുണ്ടെന്നാണ് ഫോര്‍ബ്‌സ് കണക്കാക്കിയിരിക്കുന്നത്.












Click it and Unblock the Notifications