തിന്മയെ ജയിക്കാന്‍ അനുവദിക്കരുത്, ഒറ്റക്കെട്ടായി നില്‍ക്കണം; അമേരിക്കക്കാരോട് ട്രംപ്
വാഷിംഗ്ടണ്‍: വധശ്രമത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന് പിന്നാലെ അമേരിക്കന്‍ ജനത ഐക്യത്തോടെ നിലകൊള്ളണം എന്ന് ആഹ്വാനം ചെയ്ത് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ നിമിഷത്തില്‍, നമ്മള്‍ ഐക്യത്തോടെ നില്‍ക്കേണ്ടത് എന്നത്തേക്കാളും പ്രധാനമാണ് എന്ന് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കിലെ പ്രസ്താവനയില്‍ പറഞ്ഞു.
തിന്മ ജയിക്കാന്‍ അമേരിക്കക്കാര്‍ അനുവദിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അചിന്ത്യമായത് സംഭവിക്കുന്നതില്‍ നിന്ന് ദൈവം മാത്രമാണ് തടഞ്ഞത് എന്നും താന്‍ ഭയപ്പെടേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തന്റെ ഭര്‍ത്താവിന്റെ ചിരി, ചാതുര്യം, സംഗീതത്തോടുള്ള ഇഷ്ടം, പ്രചോദനം എന്നിവയെ നിശബ്ദമാക്കാന്‍ ശ്രമിച്ച തോക്കുധാരിയായ അക്രമി ഒരു രാക്ഷസനായിരുന്നുവെന്ന് ട്രംപിന്റെ ഭാര്യ മെലാനിയയും പറഞ്ഞു.

കഴിഞ്ഞ ദിവസം പെന്‍സില്‍വാനിയയിലെ ബട്ലറില്‍ നടന്ന ഒരു പ്രചാരണ റാലിയില്‍ സംസാരിക്കവെ ആണ് ട്രംപിന് നേര്‍ക്ക് 20 കാരനായ തോമസ് മാത്യു ക്രൂക്ക്സ് എന്ന അക്രമി വെടിയുതിര്‍ത്തത്. ചെവിക്ക് സമീപം ട്രംപിന് വെടിയേറ്റു. സംഭവത്തില്‍ ഒരു കാണി കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ തിരിച്ചടിയില്‍ തോമസ് മാത്യു ക്രൂക്ക്സും കൊല്ലപ്പെട്ടു.
തോമസ് മാത്യു ക്രൂക്ക്സിന്റെ കാറിലും സ്ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അപലപിക്കുകയും ട്രംപുമായി സംസാരിക്കുകയും ചെയ്തു. എഫ്ബിഐ, സീക്രട്ട് സര്‍വീസ് മേധാവികള്‍ ഉള്‍പ്പെടെയുള്ള ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും സ്ഥിതിഗതികള്‍ വിവരിച്ചു.
എആര്‍ 15 ശൈലിയിലുള്ള സെമിഓട്ടോമാറ്റിക് റൈഫിളില്‍ നിന്നാണ് 200 മീറ്റര്‍ അകലെ നിന്ന് തോമസ് വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇയാളുടെ കാറില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി യുഎസ് മാധ്യമങ്ങള്‍ പറഞ്ഞു. അതേസമയം എഫ്ബിഐ അദ്ദേഹത്തിന്റെ വീട്ടിലും പരിശോധന നടത്തി.
രജിസ്റ്റര്‍ ചെയ്ത റിപ്പബ്ലിക്കന്‍ അംഗമാണ് തോമസ് എന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്ക് സുരക്ഷിതമായ ഒരു ഇന്റര്‍നെറ്റ് സെര്‍വര്‍ ഡിസ്‌കോര്‍ഡില്‍ അക്കൗണ്ട് ഉണ്ടായിരുന്നു എന്നാല്‍ ഇത് അപൂര്‍വ്വമായി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഈ സംഭവം ആസൂത്രണം ചെയ്യാനോ അക്രമം പ്രോത്സാഹിപ്പിക്കാനോ അവന്റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യാനോ ഉപയോഗിച്ചതിന് തെളിവുകളൊന്നും തങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്നും സുരക്ഷാ സേന വക്താവ് പറഞ്ഞു.












Click it and Unblock the Notifications