ടാക്‌സി ഡ്രൈവറെ അശ്ലീല തെറിവിളിച്ച ഡോ. അഞ്ജലിക്ക് സസ്‌പെന്‍ഷന്‍
മിയാമി: യുബര്‍ ടാക്‌സി ഡ്രൈവറെ അശ്ലീല തെറിവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ മിയാമി സ്വദേശിനിയായ ഡോക്ടര്‍ അഞ്ജലി രാംകിസണിനെ സസ്‌പെന്‍ഡ് ചെയ്തു. ജാക്‌സണ്‍ ഹെല്‍ത്ത് സിസ്റ്റം ഹോസ്പിറ്റല്‍ ആണ് അഞ്ജലിയെ ജോലിയില്‍ നിന്നും പുറത്താക്കിയത്.
ഈ മാസം 19നാണ് വീഡിയോ യൂ ട്യൂബിലൂടെ പുറത്തുവന്നത്. നാലുദിവസത്തിനുള്ളില്‍ തന്നെ ഏതാണ്ട് 3 മില്യണ്‍ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോയില്‍ യുവതിയുടെ വിക്രിയകള്‍ വ്യക്തമാണ്. മദ്യലഹരിയില്‍ യുബര്‍ ഡ്രൈവറെ മര്‍ദ്ദിക്കുകയും കാറിനുള്ളിലെ ഫോണുകളും മറ്റും യുവതി പുറത്തേക്കെറിയുകയും ചെയ്തിരുന്നു.

പുറത്തുനില്‍ക്കുകയായിരുന്ന മറ്റൊരാളാണ് വീഡിയോ പകര്‍ത്തി പുറത്തുവിട്ടത്. വീഡിയോ പുറത്തുവന്നതോടെ അഞ്ജലിയോട് ആശുപത്രി അധികൃതര്‍ വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലാതായതോടെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ബുക്ക് ചെയ്യാത്ത കാറില്‍ അഞ്ജലി കയറാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിനിടയാക്കിയത്.
അഞ്ജലിയുടെ റൈഡേഴ്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതായി യുബര്‍ ടാക്‌സി അധികൃതരും വ്യക്തമാക്കി. യാത്രക്കാരില്‍ നിന്നോ ഡ്രൈവര്‍മാരില്‍ നിന്നോ ഉള്ള ഇത്തരം സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് യുബര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications