ദുബായില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; വാഹനത്തില്‍ ഡ്രോണ്‍ അവശിഷ്ടം പതിച്ച് ഏഷ്യക്കാരന്‍ കൊല്ലപ്പെട്ടു
ദുബായ്: അയല്‍രാജ്യങ്ങളെ ആക്രമിക്കില്ലെന്നു പറഞ്ഞ് മണിക്കൂറുകള്‍ക്കകം വാക്ക് മാറ്റി ഇറാന്‍. ദുബായില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഡ്രോണ്‍ അവശിഷ്ടം വാഹനത്തില്‍ പതിച്ച് ഏഷ്യക്കാരനായ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ഇറാനില്‍ നിന്നുള്ള മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അല്‍ ബര്‍ഷ പ്രദേശത്താണ് വ്യോമാക്രമണമുണ്ടായത്. മരിച്ചത് പാകിസ്ഥാന്‍ പൗരനാണെന്നാണ് സൂചന. ഗള്‍ഫ് രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്നും നേരത്തെ നടന്ന ആക്രമങ്ങളില്‍ മാപ്പ് ചോദിച്ചും ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ രംഗത്തുവന്നിരുന്നു. ഇത് ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്തുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ഇറാന്റെ ഭാഗത്തു നിന്ന് വീണ്ടും പ്രകോപനം ഉണ്ടായത്.
ദുബായ് മറീനയില്‍ അംബരചുംബിയായ കെട്ടടത്തിന് മുകളില്‍ സ്‌ഫോടനമുണ്ടായി. ദുബായ് മറീനയിലെ വാട്ടര്‍ഫ്രണ്ട് പ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രശസ്തമായ പാര്‍പ്പിട സമുച്ചയമായ '23 മറീന' ടവറിന് സമീപമാണ് വന്‍ സ്‌ഫോടനവും തീപിടിത്തവും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ യുഎഇ പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തതിനെത്തുടര്‍ന്നാണ് ഈ സംഭവം ഉണ്ടായത്.

മിസൈലുകള്‍ തകര്‍ത്തപ്പോള്‍ ഉണ്ടായ അവശിഷ്ടങ്ങള്‍ കെട്ടിടത്തിന്റെ മുന്‍ ഭാഗത്ത് പതിച്ചതാണ് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ക്കും പുക ഉയരാനും കാരണമായതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഈ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമാണ്. ദുബായില്‍ പലയിടങ്ങളിലായി ഉച്ചത്തിലുള്ള സ്‌ഫോടനങ്ങള്‍ കേട്ടതായി താമസക്കാരും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യം ഇപ്പോള്‍ ഒരു യുദ്ധസാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബി ടിവിയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. യുഎഇയെ അക്രമിക്കാന്‍ എളുപ്പമല്ലെന്നും സ്വന്തം രാജ്യത്തെയും അവിടെ താമസിക്കുന്ന ജനങ്ങളെയും സംരക്ഷിക്കാന്‍ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആക്രമണങ്ങളില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹം ഈ ശക്തമായ പ്രതികരണം നടത്തിയത്.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നാലെ ഫെബ്രുവരി 28 മുതലാണ് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ആരംഭിച്ചത്. ഇതിനെത്തുടര്‍ന്ന് യുഎഇ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിരിക്കുകയാണ്. യുഎഇക്ക് പുറമെ ബഹറൈന്‍ തലസ്ഥാനമായ മനാമയിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മേഖലയിലെ സമാധാനം തകര്‍ക്കുന്ന രീതിയിലുള്ള നീക്കങ്ങളില്‍ നിന്ന് ഇറാന്‍ പിന്മാറണമെന്നും യുദ്ധം കൂടുതല്‍ വ്യാപിക്കാതിരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും യുഎഇ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. യുഎഇയിലെ സ്ഥിതിഗതികള്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications