ന്യൂയോർക്കിനേയും ലണ്ടനേയും വരെ മലർത്തിയടിച്ച് ദുബായ്: ഇത് സ്വപ്ന നേട്ടം, നന്ദി അറിയിച്ച് ഹംദാൻ
ദുബായ്: പല മലയാളികളുടേയും രണ്ടാം വീടാണ് ഗള്‍ഫ്. ഒരു പക്ഷെ നാട്ടില്‍ ജീവിച്ചതിനേക്കാള്‍ കൂടുതല്‍ കാലം ഗള്‍ഫ് രാജ്യങ്ങളില്‍ ചിലവഴിച്ചവരായിരിക്കും മിക്ക പ്രവാസികളും. ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ വസിക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ പട്ടിക എടുത്താല്‍ അതില്‍ ഒന്നാമത് വരിക യുഎഇയാണ് എന്നതിലും സംശയമില്ല.
ദുബായിലും അബുദാബിയിലുമൊക്കെ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്ത് വരുന്നു. അത്തരത്തില്‍ ഗള്‍ഫിനെ, പ്രത്യേകിച്ച് യുഎഇയെ രണ്ടാംവീടാക്കി മാറ്റിയ മലയാളികള്‍ക്ക് കൂടി അഭിമാനകരമാവുന്ന ഒരു നേട്ടത്തിന്റെ റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ പല പ്രമുഖ പാശ്ചാത്യ നഗരങ്ങളേയും പിന്തള്ളി ദുബായ് മൂന്നാം സ്ഥാനം പിടിച്ചിരിക്കുന്നുവെന്നതാണ് ആ സന്തോഷ വാർത്ത.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഇക്കണോമിസ്റ്റാണ് ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, സിഡ്‌നി, ജോഹന്നാസ്ബർഗ്, പാരീസ്, സാൻഫ്രാൻസിസ്കോ തുടങ്ങിയ പ്രമുഖ നഗരങ്ങളെല്ലാം ആദ്യ പത്തില്‍ ഇടം പിടിച്ച പട്ടികയിലാണ് ദുബായി മൂന്നാമതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് നഗരത്തിന്റെ നേട്ടം ജനങ്ങളുമായി പങ്കുവെച്ചത്. "കഴിഞ്ഞ മൂന്ന് വർഷത്തെ പ്രകടനം അടിസ്ഥാനമാക്കി 10 പ്രമുഖ ആഗോള നഗരങ്ങളിൽ ദുബായി മൂന്നാം സ്ഥാനം നേടിയിരിക്കുന്നു." അദ്ദേഹം കുറിച്ചു.
"യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും ദുബായ് ഇക്കണോമിക് അജണ്ട (ഡി 33) നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങളുമാണ് ഈ മഹത്തായ നേട്ടത്തിന് കാരണമായത്. ലോകത്തെ മുൻനിര നഗര സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ദുബായ് കൂടുതല്‍ മുന്നോറുന്നു, "ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേർത്തു.
ഈ വർഷം ജനുവരിയിൽ ഷെയ്ഖ് മുഹമ്മദ് ആരംഭിച്ച ഡി 33 യുടെ പ്രധാന ലക്ഷ്യം അടുത്ത ദശകത്തിൽ ദുബായിയുടെ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കുകയും മികച്ച മൂന്ന് ആഗോള നഗരങ്ങളിലൊന്നായി മാറുക എന്നുള്ളത്. വിവിധ മേഖലകളിൽ ദുബായിയുടെ ആഗോള നിലവാരം ഉയർത്താൻ ഒരു ടീമായി ഒന്നിച്ച് പ്രവർത്തിച്ച എല്ലാ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലെ പങ്കാളികൾക്കും നന്ദി പറയുന്നതായും ദുബായ് കിരീടാവകാശി അറിയിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി ജനസംഖ്യ, സാമ്പത്തിക വളർച്ച, ജോലി സാഹചര്യങ്ങള്‍, വീടുകളുടെ വില എന്നിങ്ങനെ നാല് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കണോമിസ്റ്റ് പട്ടിക രൂപപ്പെടുത്തിയത്. പട്ടിക പ്രകാരം മിയാമിയാണ് ഒന്നാം സ്ഥാനത്ത്. ശക്തമായ സാമ്പത്തിക വളർച്ചയും ആകർഷകമായ പ്രോപ്പർട്ടി മാർക്കറ്റുമാണ് മിയാമിയെ തുണച്ചത്
സിംഗപ്പൂർ രണ്ടാം സ്ഥാനത്തും ദുബായ് മൂന്നാം സ്ഥാനത്തും എത്തിയപ്പോള്‍ ന്യൂയോർക്ക് നാലാം സ്ഥാനത്തും ലണ്ടൻ, ടോക്കിയോ, സിഡ്‌നി, ജോഹന്നാസ്ബർഗ്, പാരീസ്, സാൻ ഫ്രാൻസിസ്കോ എന്നിവർ യഥാക്രമം അഞ്ച് മുതല്‍ പത്ത് വരേയുള്ള സ്ഥാനങ്ങളും കരസ്ഥമാക്കി. മിക്ക നഗരങ്ങളിലും, കൊവിഡിന്റെയും സംഘർഷങ്ങളുടേയും ഇരട്ട പ്രഹരങ്ങൾ കൂടുതലായി പ്രതിഫലിച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ ദുബായും മിയാമിയും പോലുള്ള നിയന്ത്രണങ്ങൾ അതിരുകടക്കാത്ത നഗരങ്ങൾ പ്രയോജനം നേടിയെന്നും ഇക്കണോമിസ്റ്റ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications