ഗള്‍ഫില്‍ ഇന്ന് ദുല്‍ഹജ്ജ് ഒന്ന്; 20ന് അറഫാ സംഗമം, 21ന് ബലിപെരുന്നാള്‍, അവധികളെ കുറിച്ച് അറിയാം
റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച വൈകീട്ട് മാസപ്പിറവി കണ്ടതോടെ ഞായറാഴ്ച ദുല്‍ഹജ്ജ് ഒന്നായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20നാണ് അറഫ സംഗമം. തൊട്ടടുത്ത ദിവസം ബലി പെരുന്നാള്‍ ആഘോഷിക്കും. മാസം പിറന്നതോടെ ഹജ്ജ് തിരക്കിലക്ക് മക്ക മുഴുകി. ലോക മുസ്ലിംകളുടെ സംഗമത്തിനാണ് പ്രവാചകന്റെ ജന്മനാട് ഒരുങ്ങുന്നത്. പ്രവാചകന്‍ ഇബ്രാഹീമിന്റെയും ഭാര്യ ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുടെയും ഓര്‍മകളുമായി വിശ്വാസികള്‍ മക്കയിലേക്ക് ഒഴുകുകയാണ്. 20 ലക്ഷത്തിലധികം പേരാണ് ഹജ്ജിന് എത്തുന്നത്. പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഒഴിവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിശദവിവരങ്ങള്‍ ഇങ്ങനെ...

അറഫയില്‍ സംഗമിക്കുമ്പോള്‍
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഓഗസ്റ്റ് 21നാണ് ബലി പെരുന്നാള്‍. 20ന് ഹാജിമാര്‍ അറഫ മൈതാനിയില്‍ സംഗമിക്കും. ഹജ്ജിന്റെ പ്രധാന ചടങ്ങാണ് അറഫ. ഇവിടെ ഹാജിമാര്‍ സംഗമിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വ്രതമെടുത്ത് ഹാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.

മക്കയിലേക്ക് ഒഴുക്ക്
ശനിയാഴ്ച വൈകീട്ടാണ് ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായത്. സൗദിയില്‍ നിന്ന് അറിയിപ്പ് വന്നതോടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ ഓഗസ്റ്റ് 21ന് ഉറപ്പിച്ചു. സൗദിയിലെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും സംഘടനകളും ഹജ്ജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുഴുകിയിരിക്കുകയാണ്.

സൗദിയില്‍ 11 ദിവസം അവധി
സൗദിയില്‍ 11 ദിവസത്തെ അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് മന്ത്രാലയം പ്രത്യേക പത്രക്കുറിപ്പ് പുറത്തിറക്കി. ഓഗസ്റ്റ് 16 മുതല്‍ 26 വരെ അവധിയായിരിക്കും. അറബി മാസം പ്രകാരം ദുല്‍ഹജ്ജ് അഞ്ച് മുതല്‍ 15 വരെ.

യുഎഇയില്‍ ഒരാഴ്ച അവധി
യുഎഇയില്‍ ഒരാഴ്ച നീളുന്ന അവധിയാണ് പ്രഖ്യാപിച്ചത്. ബലി പെരുന്നാള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ ഭരണകൂടം അവധി വിശദമാക്കിയത്. ഓഗസ്റ്റ് 19 മുതല്‍ 25 വരെയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. സ്വകാര്യമേഖലയുടെ അവധിയില്‍ വ്യക്തത വന്നിട്ടില്ല. അഞ്ച് ദിവസം അവധി ലഭിച്ചേക്കും.












Click it and Unblock the Notifications