1300 വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം പാകിസ്താനിൽ: ഹിന്ദു സംസ്കാരത്തിന്റെ തെളിവെന്ന് പുരാവസ്തു ഗവേഷകർ
ഇസ്ലാമാബാദ്: 1300 വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതെന്ന് കരുതുന്ന വിഷ്ണു ക്ഷേത്രം പാകിസ്താനിൽ കണ്ടെത്തി. പാകിസ്താനി- ഇറ്റാലിയൻ പുരാവസ്തു ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ സ്വാത്ത് ജില്ലയിൽ നിന്നാണ് ബാരിക്കോട്ടിലെ ഗുണ്ടായിയിലെ പര്യവേഷണത്തിനിടെയാണ് ഇവ കണ്ടെടുത്തത്. പര്യവേഷണത്തിനിടെ കണ്ടെത്തിയ ക്ഷേത്രം മഹാവിഷ്ണുവിന്റേതാണെന്ന് ഖൈബർ പങ്ത്വാ പുരാവസ്തു വകുപ്പിന്റെ ഫാസിൽ ഖാലിഖാണ് പ്രഖ്യാപിച്ചത്. 1300 വർഷങ്ങൾക്ക് മുമ്പ് ഹിന്ദു ഷാഹി കാലഘട്ടത്തിൽ ഹിന്ദുക്കളാണ് ഈ ക്ഷേത്രം നിർമിച്ചതെന്നാണ് കരുതുന്നത്.
കാബൂൾ താഴ്‌വരയിലെ ഗാന്ധാര ഇന്നത്തെ വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവ ഭരിച്ച ഒരു ഹിന്ദു രാജവംശമായിരുന്നു ഹിന്ദു ഷാഹി അഥവാ കാബൂൾ ഷാഹിസ്. (എ.ഡി. 850 1026) കാലഘട്ടത്തിലാണ് ഹിന്ദു രാജവംശം സ്ഥാപിക്കപ്പെട്ടത്. ഖനനത്തിനിടെ പുരാവസ്തു ഗവേഷകർ ക്ഷേത്ര സ്ഥലത്തിനടുത്തുള്ള കന്റോൺമെന്റിന്റെയും കാവൽ ഗോപുരങ്ങളുടെയും തെളിവുകൾ കണ്ടെത്തി. ആരാധനയ്‌ക്ക് മുമ്പ് കുളിക്കാൻ ഉപയോഗിച്ചതായി വിശ്വസിക്കുന്ന ക്ഷേത്ര സ്ഥലത്തിന് സമീപം വാട്ടർ ടാങ്കും വിദഗ്ധർ കണ്ടെത്തി.

ആയിരം വർഷം പഴക്കമുള്ള പുരാവസ്തു സ്ഥലങ്ങൾ സ്വാത് ജില്ലയിലാണെന്നും ഹിന്ദു ഷാഹി കാലഘട്ടത്തിലെ തെളിവുകൾ ഈ പ്രദേശത്ത് നിന്ന് ആദ്യമായാണ് കണ്ടെത്തുന്നതെന്നും ഫാസൽ ഖാലിക് പറഞ്ഞു. സ്വാത് ജില്ലയിൽ കണ്ടെത്തിയ ഗന്ധാര നാഗരികതയുടെ ആദ്യത്തെ ക്ഷേത്രമാണിതെന്ന് ഇറ്റാലിയൻ പുരാവസ്തു ദൗത്യ മേധാവി ഡോ. ലൂക്ക പറഞ്ഞു. ബുദ്ധിസത്തിന്റെ നിരവധി ആരാധനാലയങ്ങളും സ്വാത് ജില്ലയിലുണ്ട്.












Click it and Unblock the Notifications