അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ വസതിക്ക് നേരെ പുലര്‍ച്ചെ ആക്രമണം; വാഹനം തകര്‍ത്തു: പ്രതി പിടിയില്‍
വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ ഒഹായോയിലുള്ള വസതിക്ക് നേരെ ആക്രമണ ശ്രമം. തിങ്കളാഴ്ച അമേരിക്കന്‍ സമയം പുലര്‍ച്ചെ 12:15-നാണ് സിന്‍സിനാറ്റിയിലെ ഈസ്റ്റ് വാള്‍നട്ട് ഹില്‍സിലുള്ള വാന്‍സിന്റെ സ്വകാര്യ വസതിക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് വില്യം ഡിഫൂര്‍ (26) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അര്‍ധരാത്രിയോടെ വാന്‍സിന്റെ വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാള്‍ ഓടുന്നത് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ സിന്‍സിനാറ്റി പൊലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. വാന്‍സിന്റെ വീടിന്റെ നാല് ജനല്‍ ചില്ലുകളും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനവും അക്രമി തകര്‍ത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സിന്‍സിനാറ്റിയിലെ വീടിന് ചുറ്റുമുള്ള സുരക്ഷാ നിയന്ത്രണങ്ങള്‍ നീക്കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്.

സംഭവം നടക്കുമ്പോള്‍ ജെഡി വാന്‍സോ അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷയോ മക്കളോ വീട്ടിലുണ്ടായിരുന്നില്ല. ശനിയാഴ്ച ഫ്‌ളോറിഡയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാന്‍സ് ഞായറാഴ്ച ഉച്ചയോടെ വാഷിങ്ടണ്‍ ഡിസിയിലേക്ക് മടങ്ങിയിരുന്നു. വെനിസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ യുഎസ് പ്രത്യേക സേന പിടികൂടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു കൂടിക്കാഴ്ച നടന്നത്.
പിടിയിലായ വില്യം ഡിഫൂറിനെതിരെ നശീകരണ പ്രവര്‍ത്തനം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഇയാള്‍ മുന്‍പും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്നും മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വൈസ് പ്രസിഡന്റിനെയോ കുടുംബത്തെയോ വ്യക്തിപരമായി ലക്ഷ്യം വെച്ചാണോ ഈ ആക്രമണം നടന്നതെന്ന് എഫ്ബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷിച്ചു വരികയാണ്. രാജ്യത്ത് ട്രംപ് ഭരണകൂടം അധികാരത്തിലേറിയതു മുതല്‍ കുടിയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ഇതിനെതിരേയുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് ആക്രമണം എന്നത് ശ്രദ്ധേയമാണ്.
ഒഹായോ നദിക്ക് അഭിമുഖമായി ഏകദേശം 2.3 ഏക്കറിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 1.4 മില്യണ്‍ ഡോളറിനാണ് വാന്‍സ് ഈ വീട് വാങ്ങിയത്. വിക്ടോറിയന്‍ ഗോതിക് ശൈലിയിലാണ് ഈ വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സിന്‍സിനാറ്റി വീടിനു പുറമേ, വാന്‍സിനും ഭാര്യ ഉഷയ്ക്കും വാഷിങ്ടണ്‍ ഡിസിയിലെ കാപ്പിറ്റോള്‍ ഹില്‍ പ്രദേശത്തും ഒരു വസതിയുണ്ട്.












Click it and Unblock the Notifications