ദക്ഷിണ പസഫിക് സമുദ്രത്തില്‍ ഭൂകമ്പം; വാനുവാട്ടില്‍ സുനാമി മുന്നറിയിപ്പ്
സിഡ്‌നി: പസഫിക് ദ്വീപ് രാഷ്ട്രമായ വാനുവാട്ടു തീരത്ത് ഞായറാഴ്ച വൈകുന്നേരം റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി ആശങ്ക. തീരത്തിന് സമീപത്തെ നിരവധി വീട്ടുകാര്‍ താമസസ്ഥലം വിട്ട് പലായനം ചെയ്തിട്ടുണ്ട്. അതേസമയം വാനുവാട്ടു, ന്യൂ കാലിഡോണിയ, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ആദ്യം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഒന്നര മണിക്കൂറിന് ശേഷം ഇത് റദ്ദാക്കി.
ദ്വീപസമൂഹത്തിന്റെ തലസ്ഥാനമായ പോര്‍ട്ട് വിലയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ വടക്ക് എസ്പിരിറ്റു സാന്റോയുടെ വടക്കന്‍ ഉള്‍ക്കടലില്‍ ആയിരുന്നു ശക്തമായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാത്രി 11:30 ഓടെ 27 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. എസ്പിരിറ്റു സാന്റോ ഗ്രാമമായ പോര്‍ട്ട്-ഓള്‍റിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഇത്.

വേലിയേറ്റനിരപ്പില്‍ നിന്ന് 0.3 മുതല്‍ ഒരു മീറ്റര്‍ വരെ ഉയരുന്ന സുനാമി തിരമാലകള്‍ വാനുവാട്ടുവിന്റെ ചില തീരങ്ങളില്‍ ഉണ്ടായേക്കാം എന്നാണ് ഹവായിയിലെ എന്‍ ഡബ്ല്യു എസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചത്. ന്യൂ കാലിഡോണിയയിലും സോളമന്‍ ദ്വീപുകളിലും 0.3 മീറ്ററില്‍ താഴെയുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം രാജ്യത്ത് സുനാമി ഭീഷണിയില്ലെന്ന് ന്യൂസിലന്‍ഡിലെ നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു.

വനുവാട്ടു പസഫിക് റിംഗ് ഓഫ് ഫയറിന്റെ ഭാഗമാണ്. ഭൂകമ്പവും അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങളും പതിവായി അനുഭവപ്പെടുന്ന പ്രദേശമാണിത്. വനുവാട്ടുവിന് വടക്കുള്ള സോളോമന്‍ ദ്വീപുകളില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കഴിഞ്ഞ നവംബറില്‍ ഉണ്ടായിരുന്നു. 2018 ല്‍, ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ന്നുള്ള സുനാമിയും 4,300 ല്‍ അധികം ആളുകളുടെ ജീവന്‍ അപഹരിച്ചിരുന്നു.

വാര്‍ഷിക വേള്‍ഡ് റിസ്‌ക് റിപ്പോര്‍ട്ട് പ്രകാരം ഭൂകമ്പം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, സുനാമി എന്നിവ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് വാനുവാട്ടു. അതേസമയം തീരത്ത് വലിയ പ്രകമ്പനമാണ് ഉണ്ടായത് എന്ന് എസ്പിരിതു സാന്റോയിലെ ഹോഗ് ഹാര്‍ബര്‍ ഗ്രാമത്തില്‍ നിന്നുള്ള 22 കാരനായ കെയ്സണ്‍ പോര്‍ പറഞ്ഞു. ഭൂകമ്പമുണ്ടാകുമ്പോള്‍ വാനുവാട്ടു തീരത്തായിരുന്നു കെയ്‌സണ്‍ പോര്‍.

ശബ്ദം കേട്ട് താനും സുഹൃത്തുക്കളും പ്രാണരക്ഷാര്‍ത്ഥം ഓടി എന്ന് കെയ്‌സണ്‍ എ എഫ് പിയോട് പറഞ്ഞു. ഇറ്റാഫെ ദ്വീപിലെ പോര്‍ട്ട് വിലയിലും ആളുകള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടതായിഗ്രാന്‍ഡ് ഹോട്ടലിലെയും കാസിനോയിലെയും റിസപ്ഷനിസ്റ്റ് നതാഷ ജോയല്‍ പറഞ്ഞു. എന്നാല്‍ ഇവിടെ അതിഥികളെ ഹോട്ടലില്‍ നിന്ന് ഒഴിപ്പിച്ചിട്ടില്ല എന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications