തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; 7.6 തീവ്രത രേഖപ്പെടുത്തി, 24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തേത്

ഇസ്താംബുള്‍: തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. കഹ്റമന്‍മാരാസ് പ്രവിശ്യയിലെ എല്‍ബിസ്ഥാന്‍ ജില്ലയില്‍ തിങ്കളാഴ്ച 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി തുര്‍ക്കി ദുരന്ത ഏജന്‍സി അറിയിച്ചു. സിറിയയിലെ സന വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡമാസ്‌കസ്, ലതാകിയ, മറ്റ് സിറിയന്‍ പ്രവിശ്യകളിലുമാണ് രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ തെക്കുകിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും ഉണ്ടായ ഭൂകമ്പത്തില്‍ 1,400 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. നൂറുകണക്കിനാളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതപ്പെടുന്നു. മരണ സംഖ്യം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം മേഖലയില്‍ പുരോഗമിക്കുകയാണ്.
അതേസമയം, ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ 912 പേര്‍ മരിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. സിറിയയില്‍ ഭൂകമ്പത്തില്‍ 560 പേര്‍ മരിച്ചു. ഏകദേശം ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിത്. ഭൂകമ്പത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 1,400 കവിഞ്ഞിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. നിരവധി കെട്ടിടങ്ങലാണ് നിലം പൊത്തിയത്. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടിരുന്നു.
പ്രാദേശിക സമയം, പുലര്‍ച്ചെ 4.17ന് ആണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി ഒടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്- കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോ മീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.












Click it and Unblock the Notifications