കൊളംബിയയിലെ ഭൂചലനം; മരണ സംഖ്യ 111 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
കൊളംബിയയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി. പടിഞ്ഞാറൻ കൊളംബിയയിലാണ് ചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇപ്പോഴും നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്ക് താഴെ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തലസ്ഥാനമായ ബൊഗോട്ട വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
പെരേര, ക്വിബ്ദോ, കാലി, മണിസാലെസ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങൾ തകർന്നതിനാൽ നൂറുകണക്കിന് ആളുകളാണ് കുടുങ്ങിക്കിടക്കുന്നതെന്ന് പെരേര മേയർ മൗറീസിയോ സലാസർ പറഞ്ഞു. തുടർ ചനലങ്ങൾക്ക് സാധ്യതയുള്ളതിനാൽ ആളുകൾ പുറത്ത് തന്നെ തുടരണമെന്നാണ് അധികൃതരുടെ നിർദേശം.

കാലിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊളംബിയയിലെ മൂന്നാമത്തെ വലിയ നഗരമാണിത്. ഏകദേശം 20 ലക്ഷത്തോളമാണ് ഇവിടുത്തെ ജനസംഖ്യ.
അതേസമയം ഭൂചനലനത്തിന് പിന്നാലെ നിരവധി ആളുകൾ കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും ഭൂകമ്പത്തിൽ തകർന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കാലിയിൽ മാത്രം 19 കെട്ടിടങ്ങളാണ് തകർന്നത്. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലുള്ള നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു.
ഭൂകമ്പത്തെ തുടർന്ന് കൊളംബിയയിലെ രണ്ടാമത്തെ വലിയ നഗരമായ മെഡെല്ലിനിൽ കെട്ടിടങ്ങളൽ വിള്ളൽ വീണിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിൽ ആളപായം റിപ്പോർട്ട്ട ചെയ്തിട്ടില്ല. തലസ്ഥാനമായ ബൊഗോട്ടയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഭയന്ന് ധരിച്ച വസ്ത്രത്തോടെയാണ് പലരും ഇറങ്ങിയോടിയത്. അതേസമയം ബൊഗോട്ടയിൽ നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം കൊളംബിയയിലെ ഭൂകമ്പത്തിൻ്റെ പ്രകമ്പനം വെനസ്വലയിലും അനുഭവപ്പെട്ടതായി വെനസ്വേലയിലെ തച്ചീറ സംസ്ഥാന ഗവർണർ ഫ്രെഡി ബെർണാൽ എക്സിൽ കുറിച്ചു. സിവിൽ പ്രൊട്ടക്ഷൻ വിഭാഗം നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും ഇതുവരേയും ആളപായമോ മറ്റ് പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. സാഹചര്യം നേരിടാനായി അടിയന്തര സേനകളെ സജ്ജമാക്കിയിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഭൂകമ്പത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടതായി അയൽരാജ്യമായ ഇക്വഡോറും അറിയിച്ചു.
ബൊഗോട്ടയിൽ നിന്ന് 400 കിലോമീറ്റർ പടിഞ്ഞാറ് ചോക്കോ മേഖലയിലുള്ള സാൻ ജോസ് ഡെൽ പാൽമറിന് സമീപമാണ് ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രം എന്നാണ് വിവരം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിതെന്നാണ് കൊളംബിയൻ ജിയോളജിക്കൽ സർവീസ് പറയുന്നത്.


Click it and Unblock the Notifications