ജപ്പാനിലെ ഹൊക്കൈഡോയില്‍ ഭൂമികുലുക്കം, സുനാമി മുന്നറിയിപ്പില്ല, തുർക്കിയിൽ വീണ്ടും ഭൂചലനം
തിങ്കളാഴ്ചയും ഹൊക്കൈഡോയിൽ ഭൂമികുലുക്കമുണ്ടായിരുന്നു. 5.1 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയിരുന്നത്

ടോക്കിയോ: വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോയില്‍ ഭൂമികുലുക്കം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത് എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേയും ജപ്പാന്‍ കാലാവസ്ഥ ഏജന്‍സിയും അറിയിച്ചു. തീരപ്രദേശ നഗരങ്ങളായ കുഷിറോയിലും നെമുറോയിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളുണ്ടായി. അതേസമയം സുനാമി മുന്നറിയിപ്പൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
ഭൂകമ്പത്തില്‍ ജീവഹാനിയോ മറ്റ് നാശനഷ്ടങ്ങളോ സംഭവിച്ചിട്ടുളളതായുളള റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. രാത്രി പത്തരയോടെ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം 43 കിലോമീറ്റര്‍ ദൂരത്തോളമുണ്ടായിരുന്നുവെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. അടുത്ത ഒരാഴ്ചത്തേക്ക് തുടര്‍ ഭൂചലനങ്ങളുണ്ടായേക്കുമെന്നും പ്രദേശവാസികള്‍ ജാഗ്രതയോടെ ഇരിക്കണം എന്നുമാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
അതേസമയം തുര്‍ക്കിയില്‍ ശനിയാഴ്ചയും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാജ്യത്തുണ്ടായത്. വന്‍ ഭൂചലനങ്ങളുണ്ടാക്കിയ ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് തുര്‍ക്കിയില്‍ തുടര്‍ ചലനങ്ങള്‍ ആവര്‍ത്തിക്കുന്നത്. മധ്യ തുര്‍ക്കിയിലെ നിജ്‌ഡെ പ്രവിശ്യയിലാണ് ശനിയാഴ്ച ഭൂചലനമുണ്ടായത് എന്ന് തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. വീട് നഷ്ടപ്പെട്ട 1.5 മില്യണ്‍ ജനങ്ങള്‍ക്ക് വേണ്ടിയുളള വീട് നിര്‍മ്മാണം അടക്കമുളള പുനരധിവാസ പ്രവര്‍ത്തനങ്ങളിലേക്ക് രാജ്യം കടക്കുന്ന ദിവസമാണ് വീണ്ടും ഭൂചലനമുണ്ടായത്.
ഫെബ്രുവരി 6നുണ്ടായ വന്‍ ഭൂകമ്പത്തിന് ശേഷം നാല്‍പതോളം തുടര്‍ചലനങ്ങളാണ് തുര്‍ക്കിയില്‍ ഉണ്ടായത്. 5 ലക്ഷം അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍ക്കൊള്ളുന്ന 1 ലക്ഷം കെട്ടിടങ്ങളാണ് ഭൂകമ്പങ്ങളില്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന് വീണത്. വെള്ളിയാഴ്ച രാത്രിയോടെ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ മരണപ്പെട്ടവരുടെ എണ്ണം 44218 ആയതായി ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. തൊട്ടയല്‍ രാജ്യമായ സിറിയയില്‍ ഭൂകമ്പത്തില്‍ മരണപ്പെട്ടത് 5914 പേരാണ്. ഇതോടെ രണ്ട് രാജ്യങ്ങളിലുമായി ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു.












Click it and Unblock the Notifications