ന്യൂസിലന്‍ഡില്‍ ഭൂകമ്പം; സുനാമി ഭീഷണി, തീരത്തുള്ളവരോട് ഒഴിയാന്‍ നിര്‍ദ്ദേശം
കൊച്ചി: ന്യൂസിലന്‍ഡിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള കെര്‍മാഡെക് ദ്വീപ് മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് ന്യൂസിലന്‍ഡിന്റെ നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു. ഉച്ചയ്ക്ക് 12:42 ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം സുനാമിക്ക് കാരണമാകുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
തീരത്തിന് സമീപമുള്ള എല്ലാ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ഉടന്‍ തന്നെ ഒഴിയണമെന്ന് നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി ഭീഷണിക്ക് സാധ്യതയുണ്ടെന്ന് യു എസ് സുനാമി മുന്നറിയിപ്പ് അധികൃതരും അറിയിച്ചിട്ടുണ്ട്. എന്നാല്‍ കെര്‍മഡെക് ദ്വീപുകളിലെ നിലവില്‍ സുനാമി ഭീഷണിയില്ലെന്നും നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഭൂകമ്പം ന്യൂസിലന്‍ഡിന് ഭീഷണിയുയര്‍ത്തുന്ന സുനാമിക്ക് കാരണമായേക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിലയിരുത്തല്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അറിയിക്കുന്നത്. തീരത്തിന് സമീപത്തുള്ള ആര്‍ക്കെങ്കിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പോകണമെന്ന് നിര്‍ദ്ദേശവും നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications