'കയ്യിൽ പച്ച കുത്തിയ ഓം', തുർക്കി ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി

ഇസ്താംബൂള്‍: തുര്‍ക്കിയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ കാണാതായ ഇന്ത്യക്കാരന്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയ് കുമാര്‍ ഗൗഡിന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. തുര്‍ക്കിയിലെ മലാട്യ മേഖലയിലുളള ഒരു 4 സ്റ്റാര്‍ ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് വിജയ് കുമാറിന്റെ മൃതദേഹം ലഭിച്ചത്.
വിജയ് കുമാറിന്റെ മുഖം പരിക്കുകള്‍ കാരണം തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ കയ്യില്‍ ഓം എന്ന് പച്ച കുത്തിയിരുന്നു. ഇതില്‍ നിന്നാണ് മൃതദേഹം വിജയ് കുമാറിന്റേതാണ് എന്ന് തിരിച്ചറിഞ്ഞത് എന്ന് എംബസി അധികൃതര്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ കോട്ദ്വാര്‍ സ്വദേശിയാണ് വിജയ് കുമാര്‍ ഗൗഡ്. ബെംഗളൂരു ആസ്ഥാനമായുളള ഓക്‌സിപ്ലാന്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലായിരുന്നു വിജയ് കുമാര്‍ ജോലി ചെയ്തിരുന്നത്.

ബിസിനസ്സ് ട്രിപ്പിന്റെ ഭാഗമായാണ് വിജയ് കുമാര്‍ തുര്‍ക്കിയില്‍ എത്തിയത്. ഭൂകമ്പത്തില്‍ തകര്‍ന്ന ഹോട്ടലില്‍ ആയിരുന്നു വിജയ് കുമാര്‍ താമസിച്ചിരുന്നു. ഫെബ്രുവരി 6 മുതല്‍ വിജയ് കുമാറിനെ കാണാനില്ലായിരുന്നു. ഇദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. വിജയ് കുമാറിന്റെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുളള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസ്സി അറിയിച്ചു. ഹോട്ടല്‍ സ്ഥിതി ചെയ്തിരുന്ന മലാട്യ ഭൂകമ്പം വലിയ തോതില്‍ ബാധിച്ച പ്രദേശമാണ്.
തുര്‍ക്കിയില്‍ ആകെ മൂവായിരത്തോളം ഇന്ത്യക്കാരാണ് താമസിക്കുന്നത്. അതില്‍ 1800ഓളം പേര്‍ ഇസ്താംബൂളിലും 250 പേര്‍ അങ്കാറയിലും മറ്റുളളവര്‍ രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലുമായിട്ടാണ് താമസിക്കുന്നത് എന്നാണ് ഔദ്യോഗിക കണക്കുകള്‍. തിങ്കളാഴ്ചയാണ് തുര്‍ക്കിയേയും സിറിയയേയും വിറപ്പിച്ച് കൊണ്ടുളള ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രതയാണ് ആദ്യത്തെ ഭൂചലനം രേഖപ്പെടുത്തിയത്. പിന്നീട് അഞ്ചോളം തുടര്‍ ചലനങ്ങളുമുണ്ടായി. നിലവില്‍ 25000ത്തോളം പേര്‍ മരണപ്പെട്ടതായാണ് കണക്കുകള്‍. ഇപ്പോഴും തകര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് കരുതുന്നത്. കനത്ത മഞ്ഞ് രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാക്കുന്നുണ്ടെങ്കിലും തിരച്ചില്‍ തുടരുകയാണ്. മരണ സംഖ്യ ഉയരാനാണ് സാധ്യത.












Click it and Unblock the Notifications