അര്‍ജന്റീനയില്‍ വന്‍ ഭൂചലനം; തീവ്രത 7.4: സുനാമി മുന്നറിയിപ്പ്: ജനങ്ങളെ ഒഴിപ്പിക്കുന്നു
ബ്യൂണസ് അയേഴ്‌സ്: തെക്കേ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. അര്‍ജന്റീനയ്ക്ക് പുറമേ ചിലിയുടെ തെക്കന്‍ തീരങ്ങളിലും അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച്ച പ്രാദേശിക സമയം രാവിലെ 9.58 നാണ് ഭൂകമ്പം ഉണ്ടായത്. അര്‍ജന്റീനയിലെ ഉഷുവയയില്‍ നിന്ന് 219 കിലോമീറ്റര്‍ അകലെയുള്ള ഡ്രേക്ക് പാസേജ് എന്നറിയപ്പെടുന്ന സമുദ്ര മേഖലയിലാണ് ഭൂകമ്പമുണ്ടായത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയില്‍ സമുദ്രത്തിന് അടിയിലാണ് ഭൂകമ്പമുണ്ടായത്. രണ്ട് തുടര്‍ ചലനങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് ചിലിയുടെ തെക്കന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിലവില്‍ ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അര്‍ജന്റീനയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അതേസമയം, ചിലിയുടെ തെക്കേ അറ്റത്തുള്ള മഗല്ലന്‍ തീരദേശ മേഖലയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളോടും ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തെക്കേ അമേരിക്കയിലെ കേപ് ഹോണിനും അന്റാര്‍ട്ടിക്കയ്ക്കും ഇടയിലുള്ള സമുദ്ര മേഖലയാണ് ഡ്രേക്ക് പാസേജ്.
ഭൂകമ്പത്തെത്തുടര്‍ന്ന് അപകടകരമായ സുനാമി തിരമാലകള്‍ ഉയരുമെന്നാണ് യുഎസ്ജിഎസ് നല്‍കിയ മുന്നിറയിപ്പ്. പ്രഭവകേന്ദ്രത്തിന്റെ 300 കിലോമീറ്റര്‍ പരിധിയിലുള്ള തീരപ്രദേശങ്ങളിലാണ് സുനാമി സാധ്യത നിലനില്‍ക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് ജനങ്ങളെ അതിവേഗം ഒഴിപ്പിക്കുന്നുണ്ട്. ചിലിയുടെ നാഷണല്‍ സര്‍വീസ് ഫോര്‍ ഡിസാസ്റ്റര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് റെസ്‌പോണ്‍സും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
പ്യൂര്‍ട്ടോ വില്യംസ് എന്ന പട്ടണത്തില്‍ നിന്ന് ഇതുവരെ 1,100-ലധികം താമസക്കാരെ ഒഴിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്ന് കുറഞ്ഞത് 30 മീറ്റര്‍ ഉയരത്തിലുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറാനാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.












Click it and Unblock the Notifications